സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പിന്നാലെ രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനും. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയെന്നും എംവി ജയരാജന് കുറ്റപ്പെടുത്തി.ആലപ്പുഴ വലിയകുളങ്ങരയില്‍ എംഎ അലിയാര് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജൻ.
റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചതിനു പിന്നാലെ സിപിഐ എമ്മിലെ ഭിന്നത മറനീക്കി പുറത്തു വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പില്‍ റവാഡ ചന്ദ്രശേഖറിന്റെ പങ്ക് ഓര്‍മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന് രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ ചന്ദ്രശേഖറെന്നും പുതിയ ഡിജിപി യെ തീരുമാനിച്ചത് സര്‍ക്കാര്‍ തീരുമാനം ആണെന്നുമായിരുന്നു കണ്ണൂരിൽ നിന്നുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് പറഞ്ഞത്. യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സര്‍ക്കാറിനോട് ചോദിക്കണമെന്നും ജയരാജന് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ നിന്നു തന്നെയുള്ള എംവി ജയരാജൻ്റെ പ്രതികരണം
രവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് സംഭവത്തിന് മുന്‍പ് എംവി രാഘവനേ ബന്ധപ്പെടുകയോ കണ്ടതായോ പോലും പരാതിക്കാര്‍ വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് എംവി രാഘവനുമായി മുന്‍പരിചയമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നും വ്യക്തമാക്കുന്നു. അന്നത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആന്റണി, ഡിവൈഎസ്പി അബ്ദുള്‍ ഹക്കിം ബത്തേരി എന്നിവരാണ് പ്രകടനക്കാര്‍ക്ക് നേരെയുള്ള ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും പിന്നിലെന്നാണ് തെളിവുകള്‍ കാണിക്കുന്നത്. ഹക്കിം ബത്തേരിയുടെ ആദ്യത്തെ അടി കിട്ടുന്നത് തനിക്കാണെന്നും ബോധരഹിതനായി കൂത്തുപറമ്പില്‍ താന്‍ വീണുവെന്നും എംവി ജയരാജന് അവകാശപ്പെട്ടു.
ഡൽഹി സ്ഫോടനം ; അറസ്റ്റിലായ ഡോക്ടർമാരുടെ ലൈസൻസുകൾ റദ്ദാക്കി
എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പാര്‍ട്ടിയല്ല ലാത്തി ചാര്‍ജിന് തുടക്കമിട്ടതെന്നും മറിച്ച് മന്ത്രിയുടെ എസ്കോര്‍ട്ടിലുള്ള ഡിവൈഎസ്പിയാണ് ലാത്തി ചാര്‍ജിന് തുടക്കമിട്ടത് എന്നാണ് തെളിവുകള്‍ കാണുന്നത്. അസന്നിഗ്ദമായി കമ്മീഷന് റിപ്പോര്‍ട്ടില്‍ റവാഡ ചന്ദ്രശേഖര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന് കൂത്തുപറമ്പ് വെടിവെപ്പില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോഴാണ് അതിശയം തോന്നുന്നത്. അത് നല്ല ഉദ്ദേശത്തിൽ അല്ലെന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി
കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി രവാഡ ചന്ദ്രശേഖറെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പുതിയ ഡിജിപി നിയമനത്തില്‍ സിപിഎം സര്‍ക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസില്‍ രവാഡയെ കോടതി തന്നെ കുറ്റവിമുക്തന്‍ ആക്കിയതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. പി ജയരാജന് എതിര്‍പ്പല്ല പറഞ്ഞതെന്നും എംവി ഗോവിന്ദന് അവകാശപ്പെട്ടിരുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.