ഡോക്ടർ നടത്തിയത് ചട്ടലംഘനമെങ്കിലും കടുത്ത നടപടികൾ വേണ്ടെന്ന് വിദഗ്ധ സമിതിയും; ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തൽ ശരിവച്ച് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഡോ. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് സാധ്യതയില്ല. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച ശിപാർശയുള്ളത്. പരസ്യമായ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ട ലംഘനമാണെന്നും ഇതിന്റെ പേരില്‍ ഡോ ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വിവിധ വകുപ്പ് മേധാവികള്‍ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വകുപ്പ് മേധാവികള്‍ വ്യക്തമാക്കി. വകുപ്പ് മേധാവികള്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ചുള്ള കാര്യങ്ങളിലും മാറ്റം വേണമെന്ന വിദഗ്ധ സമിതിക്കു മുന്നിൽ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോ. ഹാരിസിൻ്റെ വെളിപ്പെടുത്തലുകൾ തള്ളാതെയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സങ്കീര്‍ണ നടപടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. നടപടി ക്രമങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. എന്നിരിക്കിലും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായും വസ്തുത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംവിധാനത്തിലെ പാളിച്ചകള്‍ മറ്റ് വകുപ്പ് മേധാവികളും ചൂണ്ടിക്കാട്ടിയത് റിപ്പോര്‍ട്ടിലുണ്ട്. സ്ഥാപന മേധാവികളുടെ സാമ്പത്തിക അധികാരം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം രാവിലെയോടെ ഹൈദരാബാദിൽ നിന്നും വിമാനമാർഗം ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിരുന്നു. മറ്റ് വകുപ്പുകളിലും ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് സംബന്ധിച്ച കണക്കെടുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അടക്കം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഡോ ഹാരിസ് .നിലവില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കപ്പുറം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കാന്‍ ഇല്ല എന്നാണ് ഡോക്ടറുടെ നിലപാട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *