വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

താൻ നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിക്കുന്നതായും സജി ചെറിയാൻ വ്യക്തമാക്കി. പരാമർശങ്ങൾ വിവാദമായതോടെ പാർട്ടി നിർദേശപ്രകാരമാണ് ഖേദപ്രകടനം. കാസർകോടും മലപ്പുറത്തും  ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്തെ സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിർ വികാരം ശക്തമായിരുന്നു. സജി പറഞ്ഞതിനെ തള്ളുകയോ സജിയെക്കൊണ്ടു തിരുത്തിക്കുകയോ വേണമെന്ന നിര്‍ദേശമാണു പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം നേതൃത്വത്തിനു മുന്നില്‍വച്ചത്.

സജി ചെറിയാന്റെ വാർത്താകുറിപ്പ് :

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾ. മത ചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം വർഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *