ഓപ്പറേഷന്‍ തൂഫാന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കേരളീയ യുവത്വം

ലഹരിമരുന്ന്‌ മാഫിയക്കെതിരെയുള്ള ആഭ്യന്തര വകുപ്പിന്റെ കുരിശുയുദ്ധമായ ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന്‌ പൂര്‍ണ്ണപിന്തുണയും ഐക്യദാര്‌ഡ്യവും പ്രഖ്യാപിച്ച്‌ കേരളത്തിലെ യുവജനത. ഓപ്പറേഷന്‍ തൂഫാന്‌ കരുത്തുപകരുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച സെക്രട്ടറിയേറ്റിലെ സൗത്ത്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കേരളത്തിലെ മുഴുന്‍ യുവജനസംഘടനകളുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കേരളത്തിലെ ഇരുപത്തഞ്ചോളം യുവജനസംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്ന ലഹരിമാഫിയയുടെ അടിവേരറുക്കാന്‍ ആഭ്യന്തര വകുപ്പ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന്‌ എല്ലാവരും ഒരേ സ്വരത്തില്‍ പിന്തുണ പ്രഖ്യാപിച്ചത്‌ ചരിത്രസംഭവമായി മാറി.

ഇരുപത്തഞ്ച്‌ യുവജനസംഘടനകളില്‍ നിന്നായി നാല്‍പ്പത്തിയേഴ്‌ നേതാക്കളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തിന്റെ ഭാവിയെ തന്നെ മാറ്റിയെഴുതുമെന്നും എല്ലാ രാഷ്ട്രീയവ്യത്യാസങ്ങളും മറന്ന്‌ കൊണ്ട്‌ ഉജ്വലപോരാട്ടത്തിന്‌ തങ്ങള്‍ സമ്പൂര്‍ണ്ണമായ ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും യോഗത്തില്‍ പങ്കെടുത്ത ഓരോ നേതാവും ഉറപ്പിച്ചു പറഞ്ഞു. കേരളത്തിനെ ആഭ്യന്തരവകുപ്പ്‌ ലോകത്തിന്‌ തന്നെ മാതൃകയായിരിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്‌ ഒരു തുടക്കം മാത്രമാണെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ വിദ്യാര്‍ത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമാക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ഇതിനായി വീണ്ടും വിദ്യാര്‍ത്ഥി യുവജനസംഘടനകളുടെ യോഗം വിളിക്കും. രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളെയും വിശ്വാസത്തിലെടുത്തും അവരെ പങ്കെടുപ്പിച്ചുകൊണ്ടും അവരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടുമായിരിക്കും ഓപ്പറേഷന്‍ തൂഫാന്‍ മുന്നോട്ടുപോവുകയുള്ളുവെന്ന്‌ ആഭ്യന്തര മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി.

യുവജനസംഘടനാ നേതാക്കള്‍ മുന്നോട്ട്‌ വച്ച നിര്‍ദേശങ്ങളെല്ലാം കൃത്യമായി കുറിച്ചെടുത്ത ആഭ്യന്തരമന്ത്രി ഈ നിര്‍ദേശങ്ങളില്‍ പ്രസക്തമായതെല്ലാം സ്വീകരിക്കുമെന്ന്‌ വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന്റെ വിജയത്തിന്‌ വേണ്ടി വിവിധ നിര്‍ദേശങ്ങളാണ്‌ സംഘടനാ പ്രതിനിധികള്‍ മുന്നോട്ട്‌ വച്ചത്‌. ആഭ്യന്തരവകുപ്പടക്കമുള്ള സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും യുവജനങ്ങളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും അടങ്ങുന്ന കേരളീയ സമൂഹം മുഴുവന്‍ ഓപ്പറേഷന്‍ തൂഫാന്റ ഭാഗമായി മാറുകയാണ്‌.കായികതാരങ്ങള്‍ ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്ത കായിക യുവജനക്ഷേ മന്ത്രി ഒ ജെ ജനീഷ്‌ മുന്നോട്ടുവച്ചു. സര്‍വ്വകലാശാലാ കോളജ്‌ യൂണിയനുകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്‌ ഓപ്പറേഷന്‍ തൂഫാനെ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവുംവിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവച്ചു. ലഹരിയുടെ ഉറവിടങ്ങള്‍ കണ്ടെത്തി തടയുക,ഓണ്‍ലെന്‍ ലഹരിവില്‍പ്പന തടയാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുക, മയക്കുമരുന്നിനെക്കുറിച്ച്‌ വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കുക, ഇതിനായി രക്ഷിതാക്കളുടെയും പിടിഐയുടെയും ഇടപടെലുകള്‍ വര്‍ധിപ്പിക്കുക, സാമൂഹ്യമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇവയെല്ലാം ആഭ്യന്തരവകുപ്പ്‌ ഗൗരവമായി പരിഗണിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി.

ലഹരിമരുന്നുകളുടെ വിപത്തുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാനൂം , അവരുടെ ആശങ്കകളും സംശയങ്ങളും പങ്കുവയ്‌ക്കാനും സര്‍ക്കാര്‍ തലത്തില്‍ ടോക്ക്‌ റൂം പദ്ധതി ആവിഷ്‌കരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഡീ അഡിക്ഷന്‍ സെന്ററുകള്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വ്യാപകമാക്കണമെന്ന ചില പ്രതിനിധികളുടെ നിര്‍ദേശവും സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും. രാഷ്ട്രീയം മറന്ന്‌, വിയോജിപ്പുകള്‍ക്ക്‌ അവധി നല്‍കി ഭാവി കേരളത്തിന്റെ ശക്തിസ്രോതസായ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി, ലഹരിമരുന്നെന്ന മാരകവിപത്തിനെതിരെ തങ്ങള്‍ ഒന്നിച്ചുനില്‍ക്കുമെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ഇന്ന്‌ ( ബുധനാഴ്‌ച) നടന്ന യോഗം.
യോഗത്തില്‍ കായികമന്ത്രി ഒജെ ജനീഷ്‌, എംഎല്‍എമാരായ പി കെ ഫിറോസ്‌, എം വിജിന്‍, വിഷ്‌ണുമോഹന്‍, പി കെ നവാവ്‌, ടിപി അഷറഫ്‌ അലി സംസ്ഥാന പൊലീസ്‌ മേധാവി രവാഡ ചന്ദ്രശേഖര്‍, ആഭ്യന്തരമന്ത്രിയുടെ പൊലീസ്‌ ഉപദേഷ്ടാവ്‌ എം ഹേമചന്ദ്രന്‍ വിവിധ യുവജന വിദ്യാര്‌ത്ഥി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *