ആർ.രാഹുൽ
നിലമ്പൂർ മണ്ഡലത്തിൽ ഒരു ഇടവേളക്ക് ശേഷം സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയാണ്. കൈപ്പത്തി ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തും കച്ചമുറുക്കി കഴിഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി അംഗീകരിച്ചില്ലെങ്കിൽ മത്സര രംഗത്ത് ഇറങ്ങുമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ ആവർത്തിച്ച് പറയുന്നത്. അൻവർ മത്സരത്തിൽ ഇറങ്ങിയാൽ ഏകാധിപതികളെപ്പോലെ ബംഗാൾ ഭരിച്ച പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന മത്സരമാകും നിലമ്പൂരിൽ നടക്കുക. ബിജെപി അന്ന ബംഗാൾ രാഷ്ട്രീയ ഭൂപടത്തിൽ പോലും ഇല്ലായിരുന്നു. നിലമ്പൂരിലും അതേ അവസ്ഥയാണുള്ളത്. മത്സരിക്കേണ്ടാ എന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.
ഇടത് മുന്നണിയുടെ തകർച്ചക്ക് ശേഷം ബംഗാളിൽ 2016 മുതൽ മമതാ ബാനർജിക്കെതിരെ സഖ്യമുണ്ടാക്കിയാണ് കോൺഗ്രസും സിപിഎമ്മും ബംഗാളിൽ മത്സരത്തിനിറങ്ങുന്നത്. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ ആ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു വർഗശത്രുവെന്ന് അന്നും ഇന്നും സിപിഎം വിശേഷിപ്പിക്കുന്ന കോൺഗ്രസുമായി കൈകോർത്തത്. വാം ഗണ താന്ത്രിക് ധർമ നിരപേക്ഷ ജോഡ് (ഇടത് ജാനാധിപത്യ മതേതര സഖ്യം) എന്നായിരുന്നു മുന്നണിയുടെ പേര്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടർന്നു. 2026ൽ കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും കോൺഗ്രസ് -സിപിഎം സഖ്യമുണ്ടാവാൻ തന്നെയാണ് സാധ്യത.
ജർമ്മനി സാക്ഷ്യം വഹിച്ച രണ്ട് ബംഗാളികളുടെ രഹസ്യ വിവാഹങ്ങൾ; ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് മെഹുവയും
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ബംഗാളിൽ തകരാൻ കാരണവും സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടായിരുന്നു. മമതാ ബാനർജി അഞ്ചിലേറെ ലോക്സഭാ സീറ്റ് കോൺഗ്രസിന് വാഗ്ദാനം ചെയ്തു. അക്കാര്യത്തിൽ പ്രാഥമിക ചർച്ചകളും പൂർത്തിയാക്കിയിരുന്നു. എന്നാൽ സിപിഎമ്മിനെ പാടേ അവഗണിക്കുകയായിരുന്നു മമതാ ബാനർജി. ഇടതിൻ്റെ പ്രതാപകാലത്ത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ഫോർവേഡ് ബ്ലോക്കിനോട് പോലും ( 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം) അനുഭാവപൂർണമായ പരിഗണന്ന മത നൽകി. മഹാത്മാ ഗാന്ധിയുടെ പിൻമുറക്കാരും നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ പിൻമുറക്കാരും സിപിഎം പ്രേമത്തിൽ ഉറച്ച് നിന്നതോടെ ബംഗാൾ രാഷ്ട്രയത്തിൽ നിന്നു അവരും അപ്രസക്തമാവാൻ ഇടയാക്കി.
ബംഗാൾ നിയമസഭയിൽ പോലും അംഗബലമില്ലാത്ത പാർട്ടിയായി 2021 ൽ സിപിഎമ്മിനൊപ്പം ഫോർവേഡ് ബ്ലോക്കും കോൺഗ്രസും മാറി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മൂവരും വട്ടപൂജ്യമായി. 26 സീറ്റുകളായിരുന്നു കോൺഗ്രസിന് 2016ൽ ലഭിച്ചത്. സിപിഎമ്മിന് 44 സീറ്റുകൾ ഉണ്ടായിരുന്നു. ഫോർവേഡ് ബ്ലോക്ക് രണ്ട് സീറ്റിലും വിജയിച്ചിരുന്നു. എന്നാൽ അന്ന് വെറും മൂന്ന് സീറ്റുകൾ മാത്രം വിജയിച്ച ബിജെപി 2021 ൽ 77 സീറ്റുകൾ നേടി പ്രതിപക്ഷ പാർട്ടിയായി ഉയർന്നു. 2011ൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയാണ് മമത ബംഗാളിൽ ഇടത് ഭരണം അവസാനിപ്പിച്ചത് എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കുക. അന്ന് യുപിഎ മുന്നണിയായി ടിഎംസി, കോൺഗ്രസ്, എസ് യു സി ഐ (സി) എന്നിവർ സഖ്യമായിട്ടാണ് ഇടത് സർക്കാരിന് വിരാമമിട്ടത്. കേരളത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ രണ്ടാം തവണയും സിപിഎം മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുമ്പോഴാണ് നിലമ്പൂരിൽ ഉപ തിരഞ്ഞെടുപ്പ് വരുന്നത്. ഇടത് ഭരണം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ യുഡിഎഫുമായി സഖ്യമുണ്ടാക്കാൻ ശ്രമം നടത്തുന്നത്. എന്നാൽ അതിൽ ഇപ്പോഴു തർക്കം തുടരുകയാണ്. ബംഗാളിൽ കോൺഗ്രസും ടിഎംസി ഒത്ത് നിന്നപ്പോഴാണ് ബംഗാളിൽ ഇടതിൻ്റെ ഏകാധിപത്യ ഭരണം കടപുഴകിയത്. അതിന് ശേഷം ടിഎംസിയുമായി അകന്ന് മത്സരിക്കാൻ തുടങ്ങിയപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രസക്തമാവാൻ തുടങ്ങി. ഇന്ന് മമതയുമായി ചേർന്ന് അധികാരത്തിൽ നിന്നും പുറത്താക്കിയ പാർട്ടിയോടൊപ്പം വട്ടപൂജ്യമാണ് ബംഗാൾ നിയമസഭയിലും ലോക്സഭയിലും കോൺഗ്രസ് എന്നതാണ് യാഥാർത്ഥ്യം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.