ഒരു വർഷത്തിനിടയിൽ രാജ്യത്തെ ഞെട്ടിക്കുന്ന രണ്ടാമത്തെ അതിക്രൂരമായ കൂട്ട ബലാത്സംസം വാർത്തയാണ് വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന പശ്ചിമ ബംഗാളിൻ്റെ തലസ്ഥാനമായ കൊൽക്കത്തിയിൽ റിപ്പോർട്ട് ചെയ്യുന്നത്. 2024 ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയുടെ സെമിനാർ ഹാളിൽ വച്ചാണ് അതിക്രൂരമായ ബലാത്സംഗ കൊലപാതകം അരങ്ങേറിയത്.
പത്ത് മാസങ്ങൾ ശേഷം സൗത്ത് കൽക്കട്ട ലോ കോളേജിൽ നിയമ വിദ്യാർത്ഥിനിക്കാണ് വീണ്ടും ദുരവസ്ഥ നേരിട്ടത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ മുറിയിൽ വച്ച് നിയമ വിദ്യാർത്ഥിനി നേരിട്ട കൊടും ക്രൂരതകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. ആദ്യത്തെ സംഭവത്തിന് ശേഷം നിരവധി ചെറുതും വലുതുമായ ബലാത്സംഗ കേസുകളും ലൈംഗികാതിക്രമ വാർത്തകളും കൊൽക്കത്തയിൽ നിന്ന് തന്നെ പുറത്ത് വന്നിരുന്നു.
വനിതാ ഡോക്ടടറുടെ കൊലപാതകത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി ആയിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്തത്. പിന്നീട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിൻ്റെ പങ്കും തെളിയിക്കപ്പെട്ടു. വനിത ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സന്ദീപ് ഘോഷ് തെളിവു നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കൂടാതെ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒ പോലീസ് സ്റ്റേഷനിലെ മുൻ എസ്‌എച്ച്‌ഒ അഭിജിത് മൊണ്ടലിനും പങ്കുണ്ടെന്ന് കണ്ടെത്തി.
പാക് വ്യോമസേനയുടെ ബോംബാക്രമണത്തിൽ പാക്കിസ്ഥാനിൽ 30 പേർ കൊല്ലപ്പെട്ടു
മുഖ്യമന്ത്രി മമതാ ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) എറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു സന്ദീപ് ഘോഷ്. കേസിൽ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ലോ കോളേജിലെ കൂട്ടബലാത്സംഗ കേസിലും മുഖ്യ പ്രതിയായ മനോജിത് മിശ്ര ടിഎംസി ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നീ രണ്ട് നിയമ വിദ്യാർത്ഥികളും സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജിയുമാണ് മറ്റ് പ്രതികൾ. തൃണമൂൽ കോൺഗ്രസിൻ്റെ തന്നെ വിദ്യാർത്ഥി സംഘടനയിൽ അംഗമായിരുന്നു ഇരയായ പെൺകുട്ടിയും എന്നതാണ് മറ്റൊരു വസ്തുത.
ടിഎംസി വിദ്യാർത്ഥി സംഘടനയുടെ അംഗമായ മുഖ്യ പ്രതി മുമ്പ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ആർജി കർ മെഡിക്കൽ കോളേജ് സംഭവത്തിൽ പ്രതിക്ക് വധശിക്ഷ നൽകണം എന്നാവശ്യപ്പെട്ട വ്യക്തി കൂടിയായിരുന്നു മനോജിത് മിശ്ര എന്നതാണ് ഏറ്റവും വിരോധാഭാസം. വനിതാ ഡോക്ടറുടെ മരണത്തിൽ ബലാത്സംസംഗത്തിന്, വധശിക്ഷ ഉറപ്പാക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയാണ് മമതാ ബാനർജി സർക്കാർ പ്രതിഷേധങ്ങളെ അതിജീവിച്ചത്.
അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ’ എന്ന പേരിലായിരുന്നു ബിൽ പാസാക്കിയത്. വനിത ഡോക്‌ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്‌ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് അന്നേ വിമർശനമുണ്ടായിരുന്നു. അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്‌താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയതാലും അഞ്ച് വർഷം തടവ് ലഭിക്കുന്നതായിരുന്നു നിയമ ഭേദഗതി. എന്നാൽ ഇങ്ങനെ ഒരു ബിൽ പാസാക്കിയിട്ടും ബംഗാളിൽ ബലാത്സംസംഗങ്ങൾ തുടർക്കഥയായിക്കൊണ്ടിരുന്നു എന്നതാണ് പ്രധാന വസ്തുത.
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഒരു കൂട്ട ബലാത്സംഗം കൊൽക്കത്തയിൽ സംഭവിച്ചപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് ഭരണപ്പാർട്ടി നേതാവാണ്. സംഭവത്തിന് ശേഷം ഭരണകക്ഷി നേതാക്കൾ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ലജ്ജിപ്പിക്കുന്നതായിരുന്നു. ഇരയെ പിന്നെയും വേട്ടയാടുകയായിരുന്നു ഭരണകക്ഷി എംഎൽഎയും എംപിയും. അവളെന്തിനാണ് അങ്ങോട്ടേക്ക് പോയത് എന്നായിരുന്നു എംഎൽഎ മദൻ മിത്രയുടെ ചോദ്യം. വിദ്യാര്‍ത്ഥിനി പ്രതികളുടെ അടുത്തേക്ക് പോയതുകൊണ്ടാണ് പീഡനത്തിന് ഇരയായതെന്നും ഒറ്റയ്ക്ക് പോകുന്ന കാര്യം ആരെയെങ്കിലും അറിയിക്കണമായിരുന്നു, അല്ലെങ്കില്‍ സുഹൃത്തുക്കളെ കൂടെ കൊണ്ടുപോകണമായിരുന്നു എന്നാണ് ആദ്ദേഹം പറഞ്ഞത്.
തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് തന്നെ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യാന്‍ കഴിയുമെന്നാണ് കല്യാണ്‍ ബാനര്‍ജി ചോദിച്ചത്. ‘ഇത് ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയോട് ചെയ്തതാണ്. ആരാണ് അവളെ സംരക്ഷിക്കേണ്ടത്? സ്‌കൂളുകളില്‍ പൊലീസ് ഉണ്ടാകുമോ എന്നാണ് എംപി ചോദിച്ചത്. ഇത്തരം ചിന്താഗതിയുള്ള ജനപ്രതിനിധികൾ ഉള്ള പാർട്ടി പാസാക്കിയ ബലാത്സംഗത്തിനെതിരെയുള്ള നിയമ ഭേദഗതിയുടെ ആത്മാർത്ഥത പോലും ചോദ്യം ചെയ്യപ്പെടുകയാണ് ഇപ്പോൾ. ഒരു വനിതാ മുഖ്യമന്ത്രി ഭരണത്തിന് നേതൃത്വം നൽകുന്ന സംസ്ഥാനത്ത് തുടർച്ചയായി സ്ത്രീകൾ അതിക്രൂരമായ അതിക്രമങ്ങളും അപമാനവും നേരിടുന്നത് രാജ്യത്തിന് തന്നെ നാണക്കേട് ആണ് എന്ന് തന്നെ പറയേണ്ടി വരും.
മമതാ ബാനർജി ഭരണകൂടം ഇപ്പോൾ ഉയരുന്ന പ്രതിഷേധങ്ങളെ എന്ത് ഗിമിക്ക് കാട്ടിയായിരിക്കും മറികടക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഗിമിക്ക് വേലകളല്ല, ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് ഒരു വനിതാ ഭരണാധികാരി ചെയ്യേണ്ടത്. അതിനായി ആത്മാർത്ഥമായ ഇടപെടലുകളും നടപടികളുമാണ് വേണ്ടത്. വനിതാ ഡോക്ടറുടെ മരണത്തിലും അതിന് ശേഷം നടന്ന വിവിധ സംഭവങ്ങളിലും അങ്ങനെ ഇടപെടൽ മുഖ്യമന്ത്രിയായ വനിതാ മുഖ്യമന്ത്രി നടത്തിയിരുന്നെങ്കിൽ സ്വന്തം പാർട്ടി അനുഭാവിയായ നിയമ വിദ്യാർത്ഥിക്ക് ഈ ദുരവസ്ഥ സംഭവിക്കില്ല എന്നതാണ് യഥാർത്ഥ്യം.
വീഡിയോ കാണാം:


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.