യാത്രക്കാർ വളരെ കുറഞ്ഞ് അടച്ചുപൂട്ടലിൻ്റെ വക്കിലായ ഒരു റെയിൽവേ സ്റ്റേഷനെ അടച്ചുപൂട്ടലിൽ നിന്നും രക്ഷിച്ച് ലാഭകരമാക്കിയ ഒരു പൂച്ചയുടെ കഥയാണ് പറയാൻ പോകുന്നത്. സ്റ്റേഷൻ മാസ്റ്ററായി ചുമതലയേറ്റാണ് ഈ പൂച്ച റെയിൽവേ സ്റ്റേഷനെയും റെയിൽവേ ലൈനിനേയും രക്ഷിച്ചത്.
സംഗതി നടന്നത് ജപ്പാനിലാണ്. ജപ്പാനിലെ വകയാമ പ്രവിശ്യയിലെ കിനോക്കാവയിലെ കിഷി ഗാവ റെയിൽവേ ലൈനിലെ കിഷി സ്റ്റേഷനിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായും ഓപ്പറേറ്റിംഗ് ഓഫീസറായും പ്രശസ്തി നേടിയ പെൺ പൂച്ചയാണ് ടാമ. 1999 ഏപ്രിൽ 29 ന് വകയാമയിലെ കിനോക്കാവയിലാണ് ടാമ ജനിച്ചത്. 16 വയസു വരെ തിളങ്ങി നിന്ന പ്രഭാവമായിരുന്നു ടാമയുടേത്.
കിഷി സ്റ്റേഷന് സമീപം താമസിക്കുന്ന ഒരു കൂട്ടം തെരുവു പൂച്ചകൾക്കൊപ്പമാണ് അവൾ വളർന്നത്. യാത്രക്കാരെ പോലെ അക്കാലത്തെ സ്റ്റേഷൻ മാനേജരും പതിവായി പൂച്ചകൾക്ക് ഭക്ഷണം നൽകിയിരുന്നു. റെയിൽപാതയിലെ സാമ്പത്തികപ്രശ്നങ്ങൾ കാരണം 2004 ൽ സ്റ്റേഷൻ അടച്ചുപൂട്ടലിൻ്റെ വക്കിലായിരുന്നു. പൗരന്മാരുടെ ആവശ്യത്തെ തുടർന്ന് സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ചു. 2006 ഏപ്രിലിൽ പുതുതായി രൂപീകരിച്ച ഇലക്ട്രിക്കൽ റെയിൽവേ ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി കിഷിഗാവ ലൈനിലെ എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരെ പിരിച്ചു വിട്ടു. അതേസമയം സ്റ്റേഷനിലേക്ക് നയിക്കുന്ന പുതിയ റോഡുകൾക്കായി തെരുവു പൂച്ചകളെ അവയുടെ ഷെൽട്ടറിൽ നിന്ന് പുറത്താക്കി. ഇവിടെയാണ് ടമയുടെ യഥാർത്ഥ കഥ തുടങ്ങുന്നത്.
സ്വർണ്ണക്കൊള്ളക്കേസ് ; മുൻ ദേവസ്വം ബോർഡ് അംഗം എൻ.വിജയകുമാർ അറസ്റ്റിൽ
കിഷി സ്റ്റേഷനുള്ളിൽ പൂച്ചകളെ താമസിക്കാൻ അനുവദിക്കണമെന്ന് സ്റ്റേഷൻ മാനേജർ വകയാമ ഇലക്ട്രിക് റെയിൽവേയുടെ പ്രസിഡണ്ടിനോട് അഭ്യർത്ഥിച്ചു. ആ ആവശ്യം അംഗീകരിക്കപ്പെട്ടു.
2007 ജനുവരി അഞ്ചിന് റെയിൽവേ ഉദ്യോഗസ്ഥർ ടാമയ്ക്ക് സ്റ്റേഷൻ മാസ്റ്റർ പദവി ഔദ്യോഗികമായി നൽകി. സ്റ്റേഷൻ മാസ്റ്റർ എന്ന നിലയിൽ യാത്രക്കാരെ സ്വാഗതം ചെയ്യുകയായിരുന്നു ടമയുടെ പ്രാഥമിക കടമ.
വാർഷിക ശമ്പളത്തിന് പകരമായി റെയിൽവേ ടമയ്ക്ക് ഒരു വർഷത്തെ പൂച്ച ഭക്ഷണം അനുവദിച്ചു. കൂടാതെ അവളുടെ പേരും സ്ഥാനവും സൂചിപ്പിക്കുന്ന കോളറിൽ ഒരു സ്വർണ്ണ നെയിം ടാഗും നൽകി. പ്രത്യേക തൊപ്പിയും നിർമ്മിച്ചു നൽകി. 2008 ജൂലായിൽ ചൂടുള്ള കാലാവസ്ഥയിൽ വയ്ക്കാൻ ഒരു വേനൽക്കാല തൊപ്പിയും അനുവദിച്ചു. 2007 ഒക്ടോബർ 10 ന് ഒരു സന്ദർശകൻ ടാമയുടെ സ്വർണ്ണ നെയിം ടാഗ് മോഷ്ടിച്ചു. റെയിൽവേ അതിൻ്റെ പകർപ്പ് വേഗം തന്നെ നിർമിച്ചു നൽകി. ഇക്കാലയളവിൽ ടാമയുടെ കഥ നാടാകെ പരന്നു. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവിന് ഇത് കാരണമായി. ടാമയെ ചുറ്റിപ്പറ്റി നടത്തിയ പ്രചാരണം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഒന്ന് ദശാംശം ഒന്ന് ബില്യൺ യെൻ സംഭാവന ചെയ്തിട്ടുണ്ടെന്ന് ഒരു പഠനം കണക്കാക്കുന്നു.
2007 ഡിസംബർ 5 ന് റെയിൽവേയുടെ ടോപ്പ് സ്റ്റേഷൻ റണ്ണർ അവാർഡ് ഗ്രാൻ്റ് പ്രൈസ് ജേതാവായി ടാമ അംഗീകരിക്കപ്പെട്ടു. വർഷാവസാന ബോണസ് ഒരു പ്രത്യേക പൂച്ച കളിപ്പാട്ടവും ഒരു ഞണ്ട് കഷണവുമായിരുന്നു.
2008 ജനുവരി അഞ്ചിന് കമ്പനിയുടെ പ്രസിഡണ്ടും മേയറും 300 കാണികളും പങ്കെടുത്ത ചടങ്ങിൽ ടാമയ്ക്ക് സൂപ്പർ സ്റ്റേഷൻ മാസ്റ്ററായി സ്ഥാനക്കയറ്റം നൽകി. 2008 ഒക്ടോബർ 28 ന് പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ടാമയുടെ സംഭാവനകൾ മാനിച്ച് നൈറ്റ് പദവി നൽകി ആദരിച്ചു.
2009 ൻ്റെ തുടക്കത്തിൽ വകയാമ ഇലക്ട്രിക് റെയിൽവേ ഒരു പുതിയ ടാമ ട്രെയിൻ അവതരിപ്പിച്ചു. അതിൽ നിറയെ ടാമയുടെ കാർട്ടൂൺ ചിത്രങ്ങൾ പതിപ്പിച്ചു. 2010 ജനുവരിയിൽ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിൽ ടാമനൽകിയ സംഭാവനകൾ മാനിച്ച് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി. പുതിയ ജോലി ഏറ്റെടുത്തപ്പോഴും ടാമയെ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ നിലനിർത്തി. അവളുടെ സ്റ്റാഫിൽ രണ്ട് അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർമാർ ഉണ്ടായിരുന്നു. ടാമയുടെ സഹോദരി ചിബി , ടാമയുടെ അമ്മ മിക്കോ എന്നിവരായിരുന്നു അത്.
2010 ൽ ടാമ സ്റ്റേഷൻ മാസ്റ്ററായി മൂന്നുവർഷം പൂർത്തിയാക്കി. അതിൻ്റെ ബഹുമാനാർത്ഥം കിഷിയിലെ സ്റ്റേഷൻ കെട്ടിടം പൂച്ചയുടെ മുഖത്തിന് സമാനമായ ഒരു പുതിയ ഘടനയോടെ പുനർനിർമ്മിച്ചു. 2011 ജനുവരി 6 ന് മാനേജിംഗ് എക്സിക്യുട്ടീവ് ഓഫീസർ എന്ന നിലയിലേക്ക് സ്ഥാനക്കയറ്റവും ടാമയ്ക്ക് ലഭിച്ചു. 2013 ജനുവരി 5 ന് സ്റ്റേഷൻ മാസ്റ്ററായി ആറാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ ടാമയെ വകയാമ ഇലക്ട്രിക് റെയിലിൻ്റെ ആജീവനാന്ത ഓണററി പ്രസിഡൻ്റായി ഉയർത്തി.
തമയുടെ പ്രായം വർധിച്ചതിനാൽ ജോലി സമയത്തിൽ റെയിൽവേ കുറവ് വരുത്തി. 2015 ജൂൺ 22 ന് ആ ദുഃഖം വകയാമയെ പൊതിഞ്ഞു.
16 വയസ്സുള്ളപ്പോൾ വകയാമയിലെ ഒരു മൃഗാശുപത്രിയിൽ ഹൃദയാഘാതത്തിലൂടെ മരണം ടാമയെ തട്ടിയെടുത്തു. ആദരാഞ്ജലികൾ അർപ്പിക്കാൻ അന്ന് ആയിരങ്ങളാണ് എത്തിയത്.
മരണാനന്തരം ടാമയ്ക്ക് ഓണററി എറ്റേണൽ സ്റ്റേഷൻ മാസ്റ്റർ പദവി നൽകി. ഇതുകൊണ്ടൊന്നും അവസാനിച്ചില്ല ആ പൂച്ചയോടുള്ള സ്നേഹം. 2015 ഓഗസ്റ്റ് 11 ന് ഒരു പൂച്ച ദേവാലയത്തിൽ ആത്മദേവതയായി അവളെ പ്രതിഷ്ഠിച്ചു. ടാമ ട്രെയിൻ ഓർമ്മയ്ക്കായി പുനർനിർമ്മിച്ചു. തമയ്ക്ക് ഉചിതമായ സ്മാരകം നിർച്ചിച്ച് വെങ്കല പ്രതിമയും ഫലകവും നിർമ്മിച്ചു. തമജിഞ്ച എന്ന ചെറിയ ദേവാലയത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എല്ലാവർഷവും ജൂണിൽ ടാമയുടെ ചരമവാർഷികദിനത്തിൽ പ്രത്യേകം ചടങ്ങുകൾ നടക്കാറുണ്ട്. നോക്കണേ ഒരു തെരുവുപൂച്ചയുടെ നിയോഗം.
കൾച്ചറൽ ഡസ്ക്, ന്യൂസ് ഐ
വീഡിയോ കാണാം:



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.