“പൊലീസ് ഗുണ്ടകളായി, വയനാട്ടിലെ സ്ഥിതി ഈ കുടുംബത്തിന് ഉണ്ടാകാന്‍ അനുവദിക്കില്ല”; ഗുരുതര ആരോപണങ്ങളുമായി ചാണ്ടി ഉമ്മൻ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ചതലയോലപറമ്പ് സ്വദേശി ബിന്ദുവിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നതിന് ഇടയിൽ മോര്‍ച്ചറിക്ക് മുന്നില്‍ സംഘര്‍ഷം. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞെങ്കിലും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ് വാഹനം കടത്തിവിട്ടു. അതേസമയം പൊലീസിനെതിരെ ആരോപണവുമായി ചാണ്ടി ഉമ്മൻ രംഗത്ത് എത്തി. ബിന്ദുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് കൊണ്ടുപോകാതെ പ്രതിഷേധിക്കാനാണ് അവരുടെ കുടുംബം തീരുമാനിച്ചിരുന്നത്. അത് മാറ്റി മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പറയാന്‍ വന്നപ്പോള്‍ പോലീസ് കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

ആ കുടുംബത്തിന്റെ പ്രതിഷേധം പറയാന്‍ ചെന്നപ്പോള്‍ പോലീസ് ബലംപ്രയോഗിച്ച് ഞങ്ങളെ നീക്കം ചെയ്യുകയാണ്. പൊലീസ് ഗുണ്ടകളായി മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. അവരുടെ കുടുംബത്തിലെ ഒരംഗം വാഹനത്തിനു മുന്നില്‍ വെച്ച് പറയാന്‍ പോയപ്പോള്‍ പൊലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. തങ്ങളാരും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. വയനാട്ടിലെ സ്ഥിതി ഈ കുടുംബത്തിന് ഉണ്ടാകാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

25 ലക്ഷം രൂപ ബിന്ദുവിൻ്റെ കുടംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിൻ്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപഷ സർക്കാർ വഹിക്കണമെന്നും നവമിക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

സംഘര്‍ഷത്തില്‍ ചാണ്ടി ഉമ്മന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  ചാണ്ടി ഉമ്മനെ ഒന്നാം പ്രതിയാക്കി കേസെടുത്തതായിട്ടാണ് വിവരം. ആംബുലൻസ് തടഞ്ഞതിനും പോലീസ് സ്റ്റേഷൻ ഉപരോധിച്ചതിനുമാണ് കേസ്.ചാണ്ടി ഉമ്മന്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് പ്രതിഷേധവുമായി എത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *