ഇറാന് നേരെ നടത്തിയ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും അത് അംഗീകരിക്കാൻ സാധിക്കില്ല. ഇന്ത്യ നിര്‍ഭാഗ്യകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാതിരിക്കാനാണ് ഇന്ത്യ ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കുന്നത്.
ഇത് അപമാനകരമാണെന്നും ഇതല്ല നമ്മുടെ രാജ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ തനിമ ഉയര്‍ത്തിപ്പിടിക്കാൻ സാധിക്കണം. ബിജെപി നയം തിരുത്താനുള്ള ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നമ്മൾ അറിയാതെ നമ്മൾ പോലും യുദ്ധത്തില്‍ പങ്കുചേരുന്ന സാഹചര്യമുണ്ടാവും. ഇടതുപക്ഷം എല്ലാ കാലത്തും ശക്തമായ നിലപാട് ഈ കാര്യത്തില്‍ സ്വീകരിച്ചു വന്നിട്ടുണ്ട്. ബിജെപി സര്‍ക്കാർ ജനവിരുദ്ധത നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുമ്പ് രാജ്യത്തിന് ഇസ്രയേൽ വിഷയത്തില്‍ കൃത്യം നിലപാടുണ്ടായിരുന്നു. മുമ്പ് പലസ്തീനെ മാത്രമാണ് ഇന്ത്യ അംഗീകരിച്ചിരുന്നത്. ഇസ്രയേലിന്‍റെ നടപടികളെ അംഗീകരിക്കാത്ത രാജ്യമായിരുന്നു മുമ്പ് ഇന്ത്യ. എന്നാൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ മാറ്റം കൊണ്ടുവന്നത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ചേരി ചേരാ നയമാണ് ഇന്ത്യയുടെ നയമെങ്കിലും അതിന്‍റെ സത്ത സാമ്രാജ്യത്വ വിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. നെഹ്റുവിന്‍റെ ഉൾപ്പടെയുള്ള വാക്കുകൾക്ക് ലോകം കാതോര്‍ത്തിരുന്നു. അന്ന് ഇന്ത്യയെ വലിയ ആദരവോടെയാണ് മറ്റ് രാജ്യങ്ങൾ കണ്ടിരുന്നത്. രാജ്യത്തിൻ്റെ നയമായിരുന്നു അതിന് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് അമേരിക്കൻ സാമ്രാജ്യത്വവുമായി കൂടുതല്‍ അടുക്കുന്ന സാഹചര്യമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇസ്രയേലിനോടുള്ള നയമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് തുടങ്ങി വച്ച നയംമാറ്റം പിന്നീടെത്തിയ ബിജെപി ശക്തമായി മുന്നോട്ടു കൊണ്ടുപോയി. ആര്‍ എസ് എസും സയണിസ്റ്റുകളും ഇരട്ടപെറ്റ സഹോദരൻമാരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ കാലഘട്ടം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നു വരുന്നൊരു കാലഘട്ടമാണെന്നും എല്ലാ കാലത്തും ലോകത്ത് പ്രശ്നം സൃഷ്ടിക്കുന്നത് സാമ്രാജ്യത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം പെട്ടെന്നാണ് ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. പ്രത്യേക കാരണങ്ങൾ ഇല്ലാതെയാണ് ഇറാനെ ആക്രമിച്ചത്. ആക്രമിക്കാനുള്ള ഊർജ്ജം ഇസ്രയേലിന് ലഭിച്ചത് അമേരിക്കയില്‍ നിന്നാണ്. ഇസ്രയേലിന്‍റെ ആക്രമണങ്ങളെ ലോകം അപലപിക്കുമ്പോൾ അമേരിക്കയാണ് ഇസ്രയേലിനെ സംരക്ഷിക്കാൻ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഹൂർത്തമോ ,സമയമോ ചോദിച്ചില്ല, എം.വി ഗോവിന്ദൻ തന്നെ കാണാൻ വന്നത് അസുഖവിവരം അറിഞ്ഞാണെന്ന് മാധവ പൊതുവാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.