നടേശൻ്റേത് സരസ്വതി വിളയാടുന്ന നാവ്; മലപ്പുറം ജില്ലയെ കുറിച്ച് വർഗീയ വിഷം തുപ്പിയ വെള്ളാപ്പള്ളി കുമാരനാശാനേക്കാൾ കേമനെന്ന് പിണറായി

മലപ്പുറം ചുങ്കത്തറയിലെ മലപ്പുറം ജില്ലയെ കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെ  പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിക്ക് ആലപ്പുഴ ചേർത്തല എസ്എൻഡിപി യൂണിയൻ ഒരുക്കിയ  സ്വീകരണം ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

കേരളത്തിൻ്റെ വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സംഘടനയാണ് എസ്എൻഡിപി. അതിനെ മുപ്പത് വർഷം നയിച്ചത് അപൂർവതയാണ് നടേശനുള്ളത്. കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളിക്ക്  സാധിച്ചത്. കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓർക്കണം. വെള്ളാപ്പള്ളിക്ക് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നടേശന് കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിൻ്റെ നാക്കിനുണ്ട്. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയർത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം, അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

 

അനിതര സാധാരണമായ കർമ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയിൽ എത്തി നിൽക്കുകയാണ്. ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കാൻ എസ്എൻഡിപി യോഗം അംഗങ്ങൾക്ക് ആശയും ആവേശവും നൽകി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നു. രണ്ട് സംഘടനകളുടെ നേതൃത്വം ഒരേ സമയം നിർവഹിച്ച്, ഒന്നിനൊന്നു മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹം തയ്യാറായി.

 

ശ്രീ നാരായണ ഗുരുവിൻ്റെ ചിന്തകൾക്ക് പ്രസക്തി ഉള്ള കാലമാണിത്. ഗുരു എതിർത്തതിനെ ഒക്കെ തിരിച്ചു കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്. കുപ്രചരണങ്ങൾ നടത്തി സാഹോദര്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. മതപരമായ ആഘോഷങ്ങൾ ചിലർ അക്രമത്തിനുള്ള അവസരമാക്കുന്നു. പള്ളിമുറ്റത്ത് ഉൾപ്പടെ പൊങ്കാല ഇടുന്നത് നമ്മുടെ മുന്നിൽ ഉണ്ട്. കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്നു. ജാതി പറയുന്നതിൽ ചിലർ അഭിമാനം കൊള്ളുന്നു. ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. ഇവിടെ ജാതി ചോദിക്കാൻ ചിലർ പറയുന്നു. നാടിനെ പിന്നോട്ട് നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ലക്ഷ്യം. ഇതിനെതിരെ എസ്എൻഡിപി ശക്തമായി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

“മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്, പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയിൽ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരാണ്”- പ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാക്കവിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയർ സെക്കൻഡറി സ്കൂളോ ഇല്ല. തൊഴിലുറപ്പുണ്ടായിരിക്കും എന്നായിരുന്നു എൻഎൻഡിപി യോഗം സെക്രട്ടറിയുടെ പരിഹാസം.വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്കവിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്നങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *