അപകടം നടന്ന് രണ്ടാം നാൾ മാത്രം പ്രതികരണം; മരണപ്പെട്ട ബിന്ദുവിന്‍റെ കുടുംബാംഗങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്ന് ഫേസ്ബുക്ക് കുറിപ്പ്

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ, അപകടം നടന്ന ശേഷം രണ്ടാം നാൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മരണപ്പെട്ട ബിന്ദുവിന്‍റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിൻ്റെ പൂർണരൂപം

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്‍റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിന്‍റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകും.

അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ ബിന്ദുവിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് ദുഖം രേഖപ്പെടുത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രി ദുഃഖം രേഖപ്പെടുത്തിയെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു. രണ്ടുദിവസത്തിനകം എത്താമെന്ന് കുടുംബത്തെ അറിയിച്ചു. കുടുംബത്തെ സഹായിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പ്രതികരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട തലയോലപ്പറമ്പ്‌ സ്വദേശിനി ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിനൊപ്പമാണ് സർക്കാരെന്നും ആരോഗ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

“കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും,” – എന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ കുറിപ്പ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *