വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശങ്ങൾക്കെതിരെ വിമർശനം ശക്തമാകുമ്പോൾ അദ്ദേഹത്തെ പുകഴ്ത്ത് കോൺഗ്രസ്, സിപിഎം, ബിജെപി നേതാക്കൾ. എസ്എൻഡിപി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരിച്ച ചടങ്ങിലായിരുന്നു ഭരണ പ്രതിപക്ഷ ഭേദമന്യേ നേതാക്കൾ പ്രശംസ ചൊരിഞ്ഞത്. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി വിഎൻ വാസവൻ പറഞ്ഞു വാസവൻ പറഞ്ഞു. കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ പറഞ്ഞു.
യഥാർഥത്തിൽ വിശ്രമജീവിതം അനുഭവിക്കേണ്ട കാലഘട്ടത്തിൽ ഊർജസ്വലനായി ഒരു നാട്ടിൽ ചരിത്രം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. അദ്ദേഹം ചുമതലയേൽക്കുന്ന കാലഘട്ടത്തിൽ കുത്തഴിഞ്ഞ ഒരു പുസ്തകംപോലെ കിടന്ന എസ്എൻഡിപി യോഗത്തെ നന്നായി കുത്തിക്കെട്ടി ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കുംചിട്ടയുമുള്ള ഒരു സംഘടനയാക്കി മാറ്റി. എസ്എൻഡിപി യോഗത്തെ ഒരു ശക്തിയായി വളർത്തിക്കൊണ്ടുവരുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചത് വെള്ളാപ്പള്ളി നടേശൻ തന്നെയാണെന്ന് എല്ലാവർക്കും അറിയാമെന്നും വാസവൻ പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വാസവൻ പ്രശംസിച്ചു
ആരുടെയും മുഖത്ത് നോക്കി പറയാനുള്ള ആര്‍ജവുമുള്ള നേതാവാണ് വെള്ളാപ്പള്ളിയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വേട്ടയാടിയ നേതാവാണ് വെള്ളാപ്പള്ളിയെന്നായിരുന്നു കെ ബാബു എംഎല്‍എയുടെ പ്രതികരണം. പ്രീണനരാഷ്‌ട്രീയത്തിൻ്റെ കാലത്ത് സമുദായത്തിൻ്റെ അവകാശങ്ങൾക്ക് ധൈര്യത്തോടെ മുന്നിൽ നിന്ന നേതാവാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള സമൂഹത്തിന് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകളും നിസ്തുലവുമാണ്. ഇനിയും ഏറെ വർഷങ്ങൾ നീണ്ട പൊതു സേവന രംഗങ്ങൾ തുടരാനാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ, 30 വർഷം പൂർത്തിയായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആദരിച്ചു. അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെയും സംസ്ഥാന ബിജെപിയുടെയും പേരിൽ ശ്രീ വെള്ളാപ്പള്ളി നടേശന് ആശംസകൾ നേരുകയും ചെയ്തു.
പള്ളുരുത്തിൽ എസ്എൻ ഹാളിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ബാബു, കെജെ. മാക്സി, ബിഡിജെഎസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. യൂണിയന് കീഴിലെ വിവിധ സംഘടനാ ഭാരവാഹികൾ യോഗം ജനറൽ സെക്രട്ടറിക്ക് വേദിയിൽ ആദരവ് നൽകി.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവും ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന്. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സമുദായ നേതാക്കൾ പിന്മാറണം. വെള്ളാപ്പള്ളിയുടേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവന. ശ്രീനാരായണഗുരു പറഞ്ഞതിന് വിരുദ്ധമാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു. ഡൽഹിയിലുള്ള മുഖ്യമന്തി പിആർ ഏജൻസികളെ കൊണ്ട് പറയിപ്പിച്ചതാണ്. അന്ന് മലപ്പുറത്തിനെതിരെ വ്യാപകമായ പ്രചാരണം നടത്തിയതാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. വെള്ളാപ്പള്ളി ദയവുചെയ്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് പിന്മാറണം. വിദ്വേഷത്തിന്റെ ക്യാമ്പയിൻ ആര് നടത്തിയാലും ജനങ്ങൾ അതിനെ ചോദ്യം ചെയ്യും. കെ ബാബു വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് അറിയില്ലെന്നും സതീശൻ പറഞ്ഞു.
അതേസമയം കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം. മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇപ്പോള്‍ പ്രാധാന്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറയുന്നത് കേട്ട് ഭരിക്കേണ്ട അവസ്ഥയിലാണ് കേരള സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സമീപകാലത്തുണ്ടായ സൂംബാ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.