അടിയന്തിരാവസ്ഥയുടെ വാർഷിക ദിനം സംവിധാൻ ഹത്യ ദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കോൺഗ്രസ്. രാജ്യത്ത് ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ വാർഷികാചരണം നടത്തുന്നത് ഭരണപരാജയത്തിൻ്റെ ശ്രദ്ധതിരിക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, പണപ്പെരുപ്പം, തുടങ്ങിയവയ്ക്ക് സർക്കാരിന് ഉത്തരമില്ലെന്നും സർക്കാരിൻ്റെ പരാജയങ്ങൾ മറയ്ക്കാൻ നുണകൾ ആവർത്തിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 50 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികൾക്കെതിരെ സംസാരിക്കുകയായിരുന്നു ഖാർഗെ. സംവിധാൻ ബച്ചാവോ യാത്രയെ ബിജെപി ഭയപ്പെടുന്നു. അതുകൊണ്ടാണ് അവർ അടിയന്തരാവസ്ഥയുടെ 50 വർഷത്തെക്കുറിച്ച് സംസാരിക്കുന്നത്. ഭരണഘടനയെ രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും അടിയന്തരാവസ്ഥ വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നവർക്ക് ഭരണഘടനാ നിർമ്മാണത്തിൽ ഒരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പണ്ട് അവസാനിച്ച ഒന്നിൻ്റെ വിഷയമാണ് ബിജെപി വീണ്ടും ഉന്നയിക്കാൻ ശ്രമിക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കേണ്ടത്. ബിജെപി തങ്ങളുടെ ബലഹീനതകൾ മറയ്ക്കാൻ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനാ നിർമ്മാണത്തിലും ഒരു സംഭാവനയും നൽകാത്തവരാണ് ഇപ്പോൾ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് വിമാന ദുരന്തം ; ഉടമകളോട് 1000 കോടി ആവശ്യപ്പെട്ട് എയർ ഇന്ത്യ
അതേസമയം അടിയന്തിരാവസ്ഥ കാലത്ത് അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ തടവിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടു, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും സാധാരണക്കാരെയും ജയിലിൽ അടച്ചുവെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായത്തിന്റെ അൻപതാം വാർഷികമാണ് ഇന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി അറിയിച്ചു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു പ്രവർത്തിച്ചും കൂട്ടായ പോരാട്ടം കാരണമാണ് ജനാധിപത്യം പുനസ്ഥാപിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.