സിപിഎം വിഭാഗിയതയുടെ ചരിത്രം; ഭിന്നതകളില്ലാത്ത കൊല്ലം

വീണ്ടുമൊരു സമ്മേളന കാലത്തിലൂടെയാണ് ഭരണ പാർടിയായ സിപിഎം കടന്ന് പോകുന്നത്. കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. 2022-ല്‍ പിണറായി വിജയൻ്റെ ഭരണ തുടർച്ചക്ക് പിന്നാലെ എറണാകുളത്തായിരുന്നു സമ്മേളനം. പാര്‍ട്ടിയും പിണറായി അധികാരക്കസേരയില്‍ തുടരുന്നതിനിടെ പാർട്ടിയിലെ വിഭാഗിയത പൂർണമായിയി അവസാനിച്ചു എന്നാണ് സി പി എം നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ പരസ്പരം കൊണ്ടും കൊടുത്തും പാർട്ടി പിടിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളുടെ കഥകള്‍ ഓരോ സമ്മേളനങ്ങള്‍ക്കുമുണ്ട് പറയാന്‍. വിഭാഗീയതയുടെ പേരിൽ മത്സരം നടന്ന സമ്മേളനമായിരുന്നു 1995ൽ കൊല്ലത്തു നടന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം കൊല്ലത്തു സിപിഎം സംസ്ഥാന സമ്മേളനത്തിന് വീണ്ടും അരങ്ങൊരുങ്ങുമ്പോൾ 1995ലെ കൊല്ലം സമ്മേളനത്തിൽ തുടങ്ങി കൊല്ലത്തു തിരിച്ചെത്തുമ്പോഴുള്ള സമ്മേളന നാൾവഴി നമുക്കൊന്ന് നോക്കാം. അതിന് മുമ്പ് സിപിഎമ്മിൻ്റെ വിഭാഗിയതയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്തവയാണ് 1985 ൽ എറണാകുളത്തും 1991 ൽ ആലപ്പുഴയിലും നടന്ന സമ്മേളനങ്ങൾ.

1985 എറണാകുളം സമ്മേളനത്തിൽ എം വി രാഘവന്‍ ബദല്‍ രേഖ അവതരിപ്പിക്കുന്നതോടെയാണ് പാർട്ടിയിടെ വിഭാഗിയത ആദ്യമായി പരകോടിയിലെത്തുന്നത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യം ആവാമെന്ന് വാദിച്ച രേഖ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രത്യയശാസ്ത്ര ചര്‍ച്ച ആയി. സമ്മേളനം എംവിആറിൻ്റെ രേഖ തള്ളി. പിന്നീട് അദ്ദേഹവും അനുയായികളും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. കമ്മ്യൂണിസ്റ്റ് മാർക്സിസ് പാർട്ടി അഥവാ സി എം പി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് യു ഡി എഫിലൂടെ രാഘവന്‍ മന്ത്രിയായി.

1988 ആലപ്പുഴ സമ്മേളനം ത്തിൽ വര്‍ഗീയ ശക്തികളുടെ ഒന്നും പിന്തുണയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച ഇ എം എസ് ലൈന്‍ പാർട്ടി നയമായി പ്രഖ്യാപിക്കുന്നു. വി എസ് അച്യുതാനന്ദനെ സമ്മേളനം സെക്രട്ടറി ആയി തിരഞ്ഞെടുത്തു. 1991ൽ കോഴിക്കോട് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കുന്ന പതിവ് ആദ്യമായി തെറ്റുന്നു. ഇ കെ നായനാരോട് മത്സരിച്ച നിലവിലെ സെക്രട്ടറി വി എസ് അച്യുതാനന്ദന്‍ രണ്ട് വോട്ടിനു പരാജയപ്പെട്ടു. തന്നെ തോല്‍പിച്ചത് സി ഐ ടി യു ലോബി ആണെന്നു വിശ്വസിച്ച അച്യുതാനന്ദന്‍ അതിന് കാരണക്കാരായവരെ ഒതുക്കാന്‍ നീക്കങ്ങൾ ആരംഭിക്കുന്നു. തുടര്‍ന്നുള്ള സമ്മേളനങ്ങള്‍ അതിനുള്ള വേദിയായി വി എസ് ഉപയോഗിക്കുകയായിരുന്നു. വി എസിൻ്റെ ഈ തോൽവിയോടെയാണ് രണ്ടര പതിറ്റാണ്ടോളം നീണ്ട സിപിഎം വിഭാഗീയതയുടെ കനലെരിയാൻ ആരംഭിക്കുന്നത്.

 

വിഎസ് പക്ഷം ആദ്യമായി കരുത്തു തെളിയിച്ച സമ്മേളനമായിരുന്ന 1995 ൽ കൊല്ലത്ത് നടന്നത്. ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷം മത്സരം സംഘടിപ്പിച്ചു. 30 വർഷങ്ങൾക്കിപ്പുറം സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പഴയകാല സഖാക്കളടക്കം പലരുടെയും മനസ്സിലേക്കെത്തുന്ന തീപാറുന്ന ഓർമയായി ഈ മത്സരം ഇന്നും അവശേഷിക്കുന്നു. രൂക്ഷമായ വിഭാഗീയത നിലനിന്ന കാലത്താണ് ആ മത്സരം. ഒരു പക്ഷേ വിഭാഗീയത പിൻസീറ്റിലേക്ക് മാറിയ ഇക്കാലത്ത് അത്തരമൊരു മത്സരം അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ നടത്തിയ സമ്മേളനത്തിന്റെ അവസാന ദിനമാണു കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ നിർണായകമായ ആ തിരഞ്ഞെടുപ്പിനു കളം മുറുകിയത്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ നാലു പേരുടെ മരണവും കെ.ആർ.ഗൗരിയമ്മ, പി.രാമകൃഷ്ണൻ, വെൺപാല ചന്ദ്രൻ എന്നിവരെ പുറത്താക്കുകയും ചെയ്തതിനെ തുടർന്നു വന്ന ഒഴിവിലടക്കമായിരുന്നു തിരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ 17 പേരാണ് വി എസ് പക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത്. സിഐടിയുവിന്റെ മുതിർന്ന നേതാവ് എൻ.പത്മലോചനനെ തോൽപിച്ച് പി.രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റിയിലെത്തി. സിഐടിയു വിഭാഗത്തിനു സിപിഎമ്മിലുണ്ടായിരുന്ന മേൽക്കൈയ്ക്ക് കൊല്ലം സമ്മേളനത്തോടെ ഇളക്കം തട്ടി.വിമത പാനലിലെ യുവ നേതാവായിരുന്ന ഇന്നത്തെ CPM കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഒരു വോട്ടിനാണ് തോറ്റത്. സി ഐ ടി യു പക്ഷത്തെ പ്രമുഖൻ എം എം ലോറന്‍സ് ഒരു വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുന്നു. തുടർന്ന് ഇ.കെ.നായനാർ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

 

വിഎസ് പക്ഷത്തിനു സമഗ്രാധിപത്യം ലഭിച്ച സമ്മേളനമായിരുന്നു 1998 ൽ പാലക്കാട് നടന്നത്. കുപ്രസിദ്ധമായ വെട്ടിനിരത്തല്‍ നടന്നത് ഈ സമ്മേളനത്തിലാണ്.
സി ഐ ടി യു ലോബിയെ ഉന്മൂലനം ചെയ്ത് പാര്‍ട്ടി പിടിക്കാനിറങ്ങിയ വി എസ് അച്യുതാനന്ദന്‍ സംസ്ഥാന സമിതിയിലേക്കുള്ള ഔദ്യോഗിക പാനലിനെതിരെ ഒന്‍പത് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുന്നു. അതില്‍ ഏഴ് പേരും മത്സരിച്ച് ജയിക്കുന്നു. 10 മണിക്കൂറിലേറെ നീണ്ട തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റ് വി ബി ചെറിയാന്‍ എന്നിവര്‍ പരാജയപ്പെട്ടു ഈ വെട്ടിനിരത്തൽ പാർട്ടിയിൽ പ്രകമ്പനങ്ങൾക്കു തുടക്കമിട്ടു. ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി.

ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സെക്രട്ടറിയായ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്ന ആദ്യ സമ്മേളനം ആയിരുന്നു 2002 ൽ കണ്ണൂരിൽ നടന്നത്. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തന്‍ ആയി അറിയപ്പെട്ടിരുന്ന പിണറായി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമം തുടങ്ങുന്നതും വി എസുമായി പൂര്‍ണ അകല്‍ച്ചയിലേക്ക് നീങ്ങുന്നതും ഈ സമ്മേളനത്തോടെയാണ്. പാലക്കാടിന്റെ തുടർച്ച കണ്ണൂരിലും ഉണ്ടാകുമെന്ന സൂചന ഉണ്ടായതോടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമനുസരിച്ചു സംസ്ഥാന കമ്മിറ്റിയിൽ ഒഴിവുകൾ മാറ്റിവച്ചു തർക്കം ഒഴിവാക്കി. വിഎസ്–പിണറായി വിഭാഗീയത പിന്നീട് പാർട്ടിയിൽ പിടിമുറുക്കുന്ന കാഴ്ചക്കാണ് സിപിഎം സാക്ഷ്യം വഹിച്ചത്.

വിഎസ്–പിണറായി വിഭാഗീയത അതിന്റെ പാരമ്യത്തിൽ എത്തിയ സമയം നടന്ന സമ്മേളനമായിരുന്നു 2005 ലെ മലപ്പുറം സമ്മേളനം. പാര്‍ട്ടിയുടെ നിയന്ത്രണം തിരികെ പിടിക്കാന്‍ വി എസ് വീണ്ടും കോപ്പുകൂട്ടുന്നു. ചെറുപ്പക്കാരെയും അതൃപ്തരെയും ചേര്‍ത്ത് പ്രതിനിധികള്‍ക്കിടയില്‍ തനിക്ക് പിന്തുണ ഉറപ്പാക്കുന്നു. സംസ്ഥാന സമിതിയിലേക്ക് 12 വി എസ് അനുകൂലികള്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നു. എന്നാല്‍, സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെ പന്ത്രണ്ട് വിമതരെയും പരാജയപ്പെടുത്തി പിണറായി വിജയന്‍ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്നു.പാർട്ടിയുടെ നിയന്ത്രണം പുർണറച്ചുംയും പിണറായി പക്ഷം പിടിച്ചു. പിണറായി വീണ്ടും സെക്രട്ടറിയായി.

സമ്മേളന ചർച്ചകളിൽ വിഎസ്–പിണറായി വിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് 2012ലെ തിരുവനന്തപുരം സമ്മേളനത്തിലായിരുന്നു. തിരഞ്ഞെടുപ്പു തോൽവിയായിരുന്നു മുഖ്യചർച്ചാ വിഷയം. പിണറായി സെക്രട്ടറിയായി തുടർന്നു.

 

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പൂർണമായും രണ്ടു ധ്രുവങ്ങളിൽനിന്ന ഘട്ടത്തിലെ സമ്മേളനമായിരുന്നു 2008 ൽ കോട്ടയത്ത് നടന്നത്. വിഭാഗീയത നിലനിൽക്കെ തന്നെ ഐക്യ സന്ദേശം നൽകാനുള്ള ശ്രമം. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ നിയന്ത്രണം ഐക്യ പ്രതീതി സൃഷ്ടിച്ചു. പിണറായി വീണ്ടും സെക്രട്ടറിയായി തുടർന്നു.

മുമ്പെങ്ങും നടന്നിട്ടില്ലാത്ത നാടകീയ രംഗതൾ 2015 ആലപ്പുഴ സമ്മേളത്തിൽ അരങ്ങേറി .സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിഎസിനെതിരെ രൂക്ഷ വിമർശനം. ഇതിന്റെ പേരിൽ സമ്മേളന വേദി വിട്ട് വിഎസ് ഇറങ്ങിയത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. നേതൃത്വത്തില്‍ നിന്ന് കടുത്ത അപമാനം നേരിടുന്നുവെന്നു പരാതിപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സമ്മേളന നടപടികള്‍ ബഹിഷ്‌കരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. വി എസിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്ന് പറയാതെ പറഞ്ഞ് പിണറായിയും കോടിയേരി ബാലകൃഷ്ണനും അതിനെയെല്ലാം അതിജീവിച്ചു. പാര്‍ട്ടി നേതൃത്വം പിണറായിയില്‍ നിന്ന് കോടിയേരിയിലേക്ക് എത്തിയ സമ്മേളനം ചരിത്രത്തില്‍ ഇടം പിടിച്ചത് വി എസിന്റെ ഇറങ്ങിപ്പോക്കിലൂടെയാണ്.

 

വിഎസ്–പിണറായി ചേരിതിരിവിനു ശമനം വന്ന സമ്മേളമായിരുന്നു 2018ൽ ത്യശൂരിൽ നടന്. മുഖ്യമന്ത്രിയായി പിണറായിയും സെക്രട്ടറിയായി കോടിയേരിയും ഐക്യത്തോടെ പാർട്ടിയെ നയിക്കാൻ തുടങ്ങി. വിഭാഗീയതയുടെ കാറൊഴിഞ്ഞെന്ന് പാർട്ടി അവകാശപ്പെട്ടു തുടങ്ങിയ സമ്മേളനമായിരുന്നു ഇത്. കോടിയേരി രണ്ടാംതവണയും സെക്രട്ടറിയായി.

കോടിയേരി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനൊപ്പം നവകേരള രേഖയുമായി മുഖ്യമന്ത്രി പിണറായി വിജയനും ശ്രദ്ധാകേന്ദ്രമായിരുന്ന സമ്മേളനമായിരുന്നു 2022 ൽ എറണാകുളത്ത് നടന്നത്. പിണറായി അവതരിപ്പിച്ച നയരേഖ പിന്നീട് സി പി എമ്മിൻ്റെ നയരേഖയും ഇടത് മുന്നണിയുടെ വികസ പ്രവർത്തനങ്ങളുടെ ബ്ലൂ പ്രിൻ്റുമായി മാറി. അനാരോഗ്യം കാരണം വിഎസ് പങ്കെടുക്കാത്ത ആദ്യ സമ്മേളനമായിരുന്നു ഇത് .സംസ്ഥാന സമ്മേളനത്തിൽ വച്ച് തന്നെ 8 പുതുമുഖങ്ങൾ അടങ്ങുന്ന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുത്തു. പാർട്ടിയിലെ തലമുറ മാറ്റം വ്യക്തമാക്കി കൊണ്ട് കോടിയേരി വീണ്ടും സെക്രട്ടറിയായി.

കൊടിയേരി ബാലകൃഷ്ണൻ്റെ പകരക്കാരനായി എം വി ഗോവിന്ദൻ പാർട്ടിയെ നയിക്കുമ്പോഴാണ് കൊല്ലത്ത് സ സമ്മേളനത്തിലും പാർട്ടിയിൽ എതിർശബ്ദമില്ല. എറണാകുളം സമ്മേളനത്തിൻ്റെ തനിയാവർത്തനമാണ് കൊല്ലം സമ്മേളനവും. വീണ്ടും തുടർ ഭരണം ഉണ്ടെന്ന് പ്രഖ്യാപിച്ച് പിണറായി നയരേഖ ഇത്തവണയും അവതരിപ്പിച്ചു. എം വി ഗോവിന്ദൻ സംഘടനാ റിപ്പോർട്ടും സമർപ്പിച്ചു. ഇവ രണ്ടിലുമുള്ള ചർച്ചകളാണ് സമ്മേളന വേദിയിൽ നടക്കുന്നത്. മൂന്നാം പിണറായി സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന പ്രവർത്തന റിപോർട്ടും നയരേഖയുമാണ് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അവതരിപ്പിച്ചിരിക്കുന്നത്ത്. പിണറായി വിജയൻ സർക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് മാധ്യമങ്ങളും പ്രതിപക്ഷവു പറയുന്നത്. എന്നാൽ സർക്കാരിനും അതിനെ നയിക്കുന്ന ഫുൾ മാർക്ക് നൽകിയിരിക്കുകയാണ് പാർട്ടി. തുടർ ഭരണത്തിനെ സംഘടനാ റിപ്പോർട്ട് അനുകൂലിക്കുമ്പോഴും അധികാരത്തിൽ അഭിരമിക്കരുത് ബംഗാൾ ഒരു പാഠമാണെന്നും സംഘടനാ റിപ്പോർട് ചൂണ്ടിക്കാണിക്കാൻ മടിക്കുന്നില്ല. പിണറായിക്കെതിരെ പരോക്ഷമായെങ്കിലും ഉയർന് വന്ന വിമർശനമാണ് ഇതെന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *