കോൺഗ്രസ് വിശ്വപൗരൻ എന്ന ലേബൽ ഒട്ടിച്ച് തലയിലേറ്റി നടന്ന ശശി തരൂർ ഇപ്പോൾ പാർട്ടിയെ വെട്ടിലാക്കുന്ന കലാപരിപാടി സ്ഥിരമാക്കി മാറ്റിയിരിക്കുകയാണ്. സ്വന്തം നിലപാടുകൾ രാജ്യതാല്പര്യമെന്ന മേമ്പൊടി ചാലിച്ചാണ് തിരുവനന്തപുരം എംപി അടുത്തിടെ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ഓപ്പറേഷൻ സിന്ദൂരിലും, ഇറാൻ – ഇസ്രയേൽ യുദ്ധത്തിലും, നരേന്ദ്ര മോദിയുടെ വിദേശ നയത്തിലുമൊക്കെ കോൺഗ്രസ് വിരുദ്ധ നിലപാടുകൾ പറഞ്ഞ് പാർട്ടിക്ക് തലവേദനയായി മാറിയ തരൂരിനെ ബിജെപി ഏറ്റെടുക്കുന്ന കാഴ്ചകളും ഇതിനിടയിൽ സംഭവിച്ചു. ഇപ്പോൾ അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷിക വേളയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും മകൻ സഞ്ജയ് ഗാന്ധിയെ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയായ ബിജെപി പോലും വിമർശിക്കാത്ത തരത്തിൽ കടന്നാക്രമിച്ച് കൊണ്ട് ലേഖനം എഴുതിക്കൊണ്ടാണ് തരൂർ വാർത്തകളിൽ നിറയുന്നത്. പതിവുപോലെ ബിജെപിയും അതിനെ ഏറ്റെടുത്ത് കഴിഞ്ഞു.
ഏറ്റവും ശ്രദ്ധേയമായ വസ്തുത പുതിയ ലേഖനത്തോടെ വെളിവാകുന്നത് ശശി തരൂരിലെ അവസര വാദ രാഷ്ട്രീയമാണ് എന്നതാണ്. മുമ്പ് അടിയന്തിരാവസ്ഥ ജനാധിപത്യവിരുദ്ധമാണെങ്കിലും ഒരിക്കലും ഭരണഘടനാ വിരുദ്ധമായിരുന്നില്ല എന്ന മുൻ നിലപാടിൽ നിന്നും മലക്കം മറിയുന്ന കാഴ്ചയാണ് പുതിയ ലേഖന വിവാദത്തിൽ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരാവസ്ഥവയെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജന തന്ത്രം പ്രയോഗിക്കുകയാണെന്നും കഴിഞ്ഞ വർഷം ജൂൺ 27 ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ അഭിപ്രായപ്പെട്ടിരുന്നു. അതൊക്കെ വിഴുങ്ങി അടിയന്തിരാവസ്ഥയുടെ വാർഷികം കേന്ദ്രവും ബിജെപിയും വലിയ പരിപാടികളോടെ ചർച്ചയാക്കുമ്പോഴാണ് അവരേക്കാൾ വലിയ വിമർശനവുമായി തരൂർ രംഗത്ത് വന്നിരിക്കുന്നത്.
2025 ജൂൺ 27ലെ അഭിമുഖത്തിൽ തരൂർ പറഞ്ഞത്
ബിജെപി തരാതരം പോലെ ഗോള്‍ പോസ്റ്റുകള്‍ മാറ്റുകയാണ്. വര്‍ത്തമാനകാല രാഷ്ട്രീയം പറയാതെ 1947ലെയും 1975ലെയും കാര്യങ്ങള്‍ പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതൊരിക്കലും ഭരണഘടനാ വിരുദ്ധമായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ഞാന്‍ പിന്തുണക്കുന്നില്ല, പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും മറ്റും ജനാധിപത്യ വിരുദ്ധമാണ്. എന്നാല്‍ ആ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമായിരുന്നില്ലെന്ന് സങ്കട പൂര്‍വം സമ്മതിക്കേണ്ടി വരും
പുതിയ ലേഖനത്തിൽ പറയുന്നത്
ഇപ്പോൾ ‘പ്രോജക്റ്റ് സിന്‍ഡിക്കറ്റ്’ എന്ന വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട ലേഖനത്തിലാണ് അടിയന്തരാവസ്ഥക്കാലത്ത് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകള്‍ ഇന്ദിരാഗാന്ധിയും മകന് സഞ്ജയ് ഗാന്ധിയും നടത്തിയെന്ന ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എംപിയുമായ ശശി തരൂര്‍ ഉന്നയിച്ചിരിക്കുന്നത്. സഞ്ജയ് ഗാന്ധി നഗര- ഗ്രാമ പ്രദേശങ്ങളില്‍ ബലം പ്രയോഗിച്ച് വന്ധ്യംകരണ പരിപാടികള്‍ നടത്തിയെന്നും തരൂര്‍ ലേഖനത്തില്‍ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു.
ഇന്ദിര ഗാന്ധിയുടെ കാർക്കശ്യ മനോഭാവം പൊതുജീവിതത്തെ ദുസ്സഹമാക്കി. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥക്കെ കഴിയൂ എന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും പ്രോജെക്ട് സിൻഡിക്കറ്റിന് വേണ്ടിയെഴുതിയ ലേഖനത്തിൽ ശശി തരൂർ പറയുന്നു.
ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിക്കെതിരേയും തരൂർ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായിരുന്നു. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
നെഹ്റു കുടുംബത്തിനെതിരെ ലേഖനത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർത്തുമ്പോളും ഇന്നത്തെ ഇന്ത്യൻ ഭരണ സംവിധാനത്തെ തരൂർ പ്രശംസിക്കുന്നുണ്ട്. 1975ലെ ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസവും അഭിവൃദ്ധിയുമുള്ള ശക്തമായ ജനാധിപത്യ രാജ്യമാണ് ഇന്നത്തേത് എന്ന് പറഞ്ഞ് കൊണ്ട് നിലവിലെ ഭരണകൂടത്തെ തരൂർ പരോക്ഷമായി പ്രശംസിക്കുന്നുമുണ്ട്. അടിയന്തരാവസ്ഥയെ ഇന്ത്യൻ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം എന്ന് പറഞ്ഞ് കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
മുമ്പ് തരൂരിൻ്റെ പാർട്ടി വിരുദ്ധ നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച കോൺഗ്രസ് ദേശീയ നേതാക്കൾ ലേഖനത്തിൽ പരസ്യ പ്രതികരണം ഇതു വരെ നടത്തിയിട്ടില്ല. ലേഖനം വായിച്ചിട്ടില്ല എന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് വിഡി സതീശനൊഴിച്ച് കേരളത്തിലെ മറ്റ് നേതാക്കൾ തരൂരിൻ്റെ ലേഖനം കണ്ട ഭാവം നടിച്ചിട്ടില്ല. ശശി തരൂരിന്റെ ലേഖനം വായിച്ചിരുന്നെന്നും തനിക്ക് തന്റേതായ അഭിപ്രായം ഉണ്ട്, പക്ഷേ താൻ പറയില്ല എന്നുമായിരുന്നു വിഡി സതീശൻ്റെ പ്രതികരണം. കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗത്തിന്റെ നടപടികളെ കുറിച്ച് അഭിപ്രായം പറയേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ തരൂരിൻ്റെ ലേഖനത്തിൽ കോൺഗ്രസ് നേതൃത്വം എന്ത് നിലപാടും നടപടിയും സ്വകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.