തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന്  ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ; മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ വെളിവാക്കുന്ന കത്ത് പുറത്ത്

കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന്  ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ വെളിവാക്കുന്ന കത്താണ് പുറത്തായിരിക്കുന്നത്.

കഴിഞ്ഞ മെയ് 24ന് ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ഡിഎംഇയാണ്  കത്ത് നൽകിയത്. ബലക്ഷയം ഉള്ള കെട്ടിടത്തിൽ നിന്നും രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും പണി തീർത്ത പുതിയ ബ്ലോക്കിൽ സർജിക്കൽ ബ്ലോക്ക് പ്രവർത്തനം തുടങ്ങാനും കത്തിൽ നിർദേശിക്കുന്നു.

പുതിയ ഉപകരണങ്ങൾ കിട്ടാൻ സർക്കാരിൽ അവശ്യപ്പെട്ടുവെന്നും കിട്ടും വരെ പഴയ ഉപകരണങ്ങൾ ഉപയോഗിച്ച് പുതിയ ബ്ലോക്ക് പ്രവർത്തനം നടത്താനും കത്തിൽ നിർദേശിച്ചിരുന്നു. അപകടത്തിന് ശേഷം വളരെ വേഗത്തിൽ ഏകദേശം 10 മിനിറ്റിനുള്ളില്‍ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്നും മാറ്റാനായി എന്നും മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട് എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ആളൊഴിഞ്ഞ കെട്ടിടത്തിലാണ് അപകടം നടന്നത് എന്ന് സ്ഥലത്ത് എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും സഹകരണമന്ത്രി വിഎൻ വാസവനും ആവർത്തിച്ച് പറഞ്ഞിരുന്നു. പിന്നീട് ഇവർ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മന്ത്രിമാരുടെ പ്രസ്താവന കാരണം രക്ഷാപ്രവർത്തനം വൈകിയത് കൊണ്ടാണ് തലയോലപ്പറമ്പ് സ്വദേശിക്ക് ജീവൻ നഷ്ടമായത് എന്നാരോപിച്ച് പ്രതിഷേധവും ശക്തമായിരുന്നു.

അതിനിടെ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് പൂർണ്ണമായും മാറുന്ന പ്രക്രിയ നടന്നു വരുന്നതിനിടയാണ് കോട്ടയം  മെഡിക്കൽ കോളജിൽ നിലവിലെ 11,14,10 വാർഡുകളോട് ചേർന്നുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് പറഞ്ഞു. ഈ കോംപ്ലക്സിന്റെ 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതും നിലവിൽ ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വർഗീസ് പി  പുന്നൂസ് അവകാശപ്പെടുന്നു.

ഇന്നലെ രാവിലെ പതിനൊന്ന് മണി ഓടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകർന്ന് അപകടമുണ്ടായത്. മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ അഞ്ച് വയസുള്ള ഒരു കുട്ടിയുൾപ്പടെ മൂന്ന് പേര്‌ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർത്തു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിൻ്റെ മറ്റ് ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.

അപകടസമയത്ത് കെട്ടിടത്തിൽ നിന്ന് രോ​ഗികൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. രണ്ടര മണിക്കൂറോളമാണ് ബിന്ദു കെട്ടിടാവശിഷ്ടടങ്ങക്ക്ൾ ഇടയിൽ കുടുങ്ങിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *