അഫ്സൽ പള്ളിത്താഴ
കുഴിപ്പങ്ങാട് തണ്ണീർത്തടം നികത്തലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രഹസന സമരമെന്ന് ജനകീയ സാസ്കാരിക സമിതി. എരഞ്ഞോളി പുഴയുടെ കൈ പാടങ്ങളിലുള്ള എക്കർ കണക്കിന് ഭൂമി കുന്നിടിച്ച മണ്ണ് കൊണ്ടുവന്ന് നികത്തിയിരിക്കയാണ്. കഴിഞ്ഞ 10 വർഷത്തിലധികമായി ഈ നികത്തൽ പരിപാടി തുടർന്നു വരുന്നു. മീൻ വളർത്ത് കേന്ദ്രം പണിയാനെന്ന പേരിലും പാവങ്ങൾക്ക് വീട് പണിയാനെന്ന പേരിലുമാണ് പുഴയുടെ കൈ പാടങ്ങൾ മണ്ണിട്ട് നികത്തിയത്. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഭൂമാഫിയകളിൽ നിന്നും പങ്കുപറ്റിയതായി പ്രേദേശവാസികൾ നേതൃത്വം നൽകുന്ന ജനകീയ സാംസ്കാരിക സമിതി പറയുന്നു.
രാഷ്ട്രീയ പാർട്ടികൾ വളരെ വെകി ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സമരത്തിനിറങ്ങിയതും ജനങ്ങളിൽ കൗതുകമുണർത്തുന്നു. വർഷങ്ങൾക്ക് മുമ്പേ ജനകീയ സാംസ്കാരിക സമിതി പ്രവർത്തകർ ബന്ധപ്പെട്ട അധികാരികൾക്ക് നിയമലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. പരാതിയിൻമേൽ ബന്ധപ്പെട്ട അധികാരികൾ റവന്യൂ അധികാരികളും നഗരസഭയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് മാത്രമല്ല. ഭരണാധികാരവർഗത്തിൻ്റെ ഒത്താശയോടെ തണ്ണീർത്തടഭൂമി മണ്ണിട്ട് നികത്തുന്നത് തുടരുകയും ചെയ്തു. കണ്ടൽ കാടുകൾ വെട്ടി നശിപ്പിക്കാൻ കരാറെടുത്തത് ഒരു രാഷ്ട്രീയ പാർട്ടിക്കാരാണെങ്കിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണ് മണ്ണിട്ടു നികത്തുന്നത് എന്നതാണ് ഏറ്റവും രസകരം. നികത്തിയ ഭൂമിയിൽ കെട്ടിടം പണിയാനും മറിച്ച് വിൽക്കാനും
മറ്റൊരു രാഷ്ട്രീയ കക്ഷിയുമാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ തണ്ണീർത്തട ഭൂമി നികത്തിയതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്. ബിജെപി, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ എല്ലാ സംഘടനകളുടെ നേതാക്കൾക്കും ഇവിടെ തണ്ണീർത്തടം നികത്തി ഭൂമിയുണ്ട്. റിയൽ എസ്റ്റേറ്റ് ദല്ലാളൻമാർ മുഖാന്തിരം പഴയ കാല ജന്മിമാരിൽ നിന്ന് ചുളുവിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ വൻ വിലക്കാണ് മണ്ണിട്ട് നികത്തി മറിച്ച് വിറ്റ് നേട്ടമുണ്ടാക്കുന്നത്. ജനകീയ സാംസ്കാരിക സമിതി പരാതി നൽകിയപ്പോഴെല്ലാം ‘നിങ്ങൾ കണ്ടൽ വനം വെട്ടി നശിപ്പിച്ചതിന് ഫോറസ്റ്റ് അധികൃതരെ സമീപിക്കാനാണ്’ നഗരസഭയിൽ നിന്നും, വില്ലേജ് ഓഫീസിൽ നിന്നും പറഞ്ഞത്.
വില്ലേജ് അധികാരികളുടെയും നഗരസഭയുടെയും ഒത്താശയൊടെയാണ് മോറക്കുന്ന് ഇടിച്ച മണ്ണ് കൊണ്ട് വന്ന് കുഴിപ്പങ്ങാട് തണ്ണീർത്തട ഭൂമി നികത്തിയിട്ടുള്ളത്. കുന്നിടിക്കലും, തണ്ണീർത്തടഭൂമി നികത്തലും കുറ്റകരമാണ്. ശ്മശാനത്തിനും അടുത്തുള്ള സ്കൂളിനും അടുത്തുള്ള തണ്ണീർത്തട ഭൂമി മണ്ണിട്ട് നികത്തുമ്പോൾ പ്രദേശത്തെ യുവജന സംഘടനകൾ തടഞ്ഞിരുന്നു. പിന്നീട് തുടർ സമരങ്ങൾ ഇല്ലാത്തത് കൊണ്ടാണ് മറ്റു സ്ഥലങ്ങളും നികത്തി തുടങ്ങിയത്. നികത്തിയ സ്ഥലങ്ങളിൽ പണിത ചില കെട്ടിടങ്ങൾ ചതുപ്പിൽ താഴ്ന്നു പോയിരുന്നു. തൊട്ടടുത്ത വീടുകളിൽ മഴവെള്ളം ഇറങ്ങി. അതോടെ പലരും വീട് തന്നെ ഉപേക്ഷിച്ച് പോയി ബന്ധുവീടുകളിൽ അഭയം തേടി . ഇത് അറിഞ്ഞെത്തിയ നഗരസഭയും റവന്യൂ അധികൃതരും കർശന നടപടി തണ്ണീർത്തടം നികത്തിയവർക്കെതിരെ സ്വീകരിക്കുമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കലക്ക് വെള്ളത്തിൽ മീൻ പിടിക്കും പോലെ രാഷ്ട്രീയക്കാർ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇപ്പോൾ സമരആഭാസം നടത്തുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട് എല്ലാ രാഷ്ട്രീയക്കാരും വിഹിതം പറ്റി നാടകം കളിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദൃശ്യ, പത്രമാധ്യമങ്ങളിൽ ഇതേ കുറിച്ച് വാർത്തകളും വന്നിരുന്നു. “എരഞ്ഞോളി പുഴയും നികത്തും ആരുണ്ട് ചോദിക്കാൻ ” എന്ന രീതിയിലാണ് ഭൂമാഫിയകളുടെ നിലപാട്. രാഷ്ട്രീയ പാർട്ടിക്കാർക്ക് പണവും ജോലിയും വാങ്ങി മെരുക്കിയും,ഉദ്യോഗസ്ഥൻമാർക്ക് പണവും,രാത്രി വിരുന്നും ഒരുക്കിയാണ് ഭൂമാഫിയ തണ്ണീർത്തടം നികത്തിയത് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി റവന്യൂ. വകുപ്പും നഗരസഭയും നൽകിയ മറുപടിയുമായി ബഹുമാനപ്പെട്ട കോടതിയെ സമീപിക്കാൻ ഒരു ജനകീയ സാംസ്കാരികസമിതി. ഹൈക്കോടതിയിൽ നിന്ന് ഒരു ഏക്കർ ഭൂമി മാത്രം നികത്താനുള്ള അനുമതിയാണ് ലഭിച്ചത്. ഈ ഉത്തരവിൻ്റെ മറവിലാണ് വ്യാപകമായി തണ്ണീർത്തടംനികത്തിയിട്ടുള്ളത്. ഈ ഭൂമാഫിയകൾക്ക് തദ്ദേശീയരായ ചില എജൻ്റുമാരുമുണ്ട്.

ഇപ്പോൾ രാഷ്ട്രീയ പാർട്ടിക്കാർ നടത്തുന്ന സമരഭാസം ഞങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും കുഴപ്പങ്ങാട് നിവാസികൾ പറയുന്നു. നിരവധി ടിപ്പർ ലോറികളിൽ കണ്ടൽകാട് വെട്ടിനശിപ്പിച്ച് വലിയ ലോറികളിൽ കൊണ്ടുപോകുംബോഴും സ്ഥലം മണ്ണിട്ട് നികത്തുമ്പോഴും തടയാത്തവർ ഇപ്പോൾ സമരവുമായി ഇറങ്ങിയത് ജനങ്ങളിൽ നിന്ന് കൗതുകമുണർത്തുകയാണ്. ഇക്കാലമത്രയും ഭൂമാഫിയ തീറ്റിപ്പോറ്റിയവരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സമരം എന്ന പ്രഹസനവുമായി വരുന്നതെന്നും നാട്ടുകാർ പറയുന്നു . രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് ഇപ്പോൾ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.