ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആഗോള ഇന്ധന വിപണിയെ പിടിച്ചുലയ്ക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ നിർണായകമായ പശ്ചിമേഷ്യ മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കകൾക്കിടയിൽ എണ്ണ വില കുതിച്ചുയർന്നു.
ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില 6 ഡോളറിലധികം ഉയർന്ന് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ബാരലിന് 78 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചു ചാട്ടം ഇന്ധന വില വർധിക്കുന്നതിനൊപ്പം ചരക്ക് ചെലവിലെ വർധനവിനും കാരണമാകും. ആഗോള വ്യാപാരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള നെഗറ്റീവ് പ്രത്യാഘാതങ്ങൾ യുഎസ് ഓഹരികളിലും കുത്തനെ ഇടിവിന് കാരണമായി.
കഴിഞ്ഞ തവണ ഇറാനും ഇസ്രായേലും പരസ്പരം ആക്രമണങ്ങൾ നടത്തിയപ്പോൾ വിലകൾ കുതിച്ചുയർന്നു, പിന്നീട് സ്ഥിതിഗതികൾ വഷളാകുന്നില്ലെന്നും എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും വ്യക്തമായപ്പോൾ വില കുറയുകയായിരുന്നുവെന്ന് എസ് ആൻഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സിലെ എണ്ണ വിശകലന വിഭാഗം മേധാവി റിച്ചാർഡ് ജോസ്വിക്ക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
സംസ്ഥാനത്തെ സ്വർണവില ഉയർന്നുതന്നെ; 640 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്; പവന് 82,080 രൂപയിലെത്തി
ഇറാനിൽ നിന്ന് ഇന്ത്യ നേരിട്ട് വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ വടക്ക് ഇറാനും തെക്ക് അറേബ്യൻ ഉപദ്വീപിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് നിർണായകമായ ഒരു ചോക്ക്പോയിന്റായി തുടരുന്നു എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ആഗോള എൽഎൻജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് കയറ്റുമതിയുടെ ഒരു പ്രധാന ഭാഗവും ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.
ഹോർമുസ് കടലിടുക്കിലൂടുള്ള ഗതാഗത തടസ്സം ഇന്ത്യയുടെ പ്രധാന വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു. മുൻകാലങ്ങളിൽ പ്രധാന റൂട്ട് തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
“ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തെ ഭീഷണിപ്പെടുത്തി ഇറാൻ തിരിച്ചടിച്ചാൽ എൽഎൻജി വിതരണത്തിന് അപകടസാധ്യതയുണ്ട്,” – എസ് ആൻഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സിന്റെ വിശകലന വിദഗ്ധർ പറയുന്നു.


സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍; ഐ ടി വ്യവസായത്തില്‍ മുന്നേറ്റമെന്ന് മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.