ലോക സിനിമയിലെ ഷേക്സ്പിയറും ഫ്രോയ്ഡുമായിരുന്ന ഒരേ ഒരാൾ; ക്‌ളോസപ്പുകളുടെ രാജാവിനെ ഓർക്കുമ്പോൾ

ആത്മാവിൽ പ്രകാശം പരത്തുന്ന ചലച്ചിത്രകാവ്യങ്ങൾ ലോകസിനിമയ്ക്കു സമ്മാനിച്ച സ്വീഡിഷ് ചലച്ചിത്ര പ്രതിഭ ഇംഗ്‌മർ ബർഗ്‌മാൻ്റെ പതിനെട്ടാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവുംമികച്ച കലാകാരൻ എന്നാണ് ബർഗ‌്മാനെ പാശ്ചാത്യനിരൂപകർ വിലയിരുത്തിയത്. 170 ഓളം നാടകങ്ങളും (റേഡിയോ നാടകങ്ങൾ ഉൾപ്പെടെ) അദ്ദേഹം സംവിധാനംചെയ്തു. മരണവും രോഗവും വിശ്വാസവും വഞ്ചനയും ഉന്മാദവുമെല്ലാം അദ്ദേഹത്തിൻ്റെ സിനിമകളിൽ പ്രമേയമായി.

അനുഭവങ്ങളുടെ വികാര സമുദ്രം കഥാപാത്രങ്ങളുടെ മുഖത്ത് അലയടിക്കുന്നത്  ബർഗ്‌മാൻ്റെ ചിത്രങ്ങളില്‍ കാണാം. ക്‌ളോസപ്പുകളുടെ രാജാവായി അറിയപ്പെടുന്ന ഇംഗ്‌മർ ബർഗ്‌മാൻ്റെ നിശിതമായ സത്യസന്ധതയുടെ ചലച്ചിത്രകാരനായിരുന്നു. ലൈംഗികതയും അവിഹിതങ്ങളും ഒറ്റപ്പെടലും ഏകാന്തതകളും നഷ്ടങ്ങളുമൊക്കെ ഈ സത്യസന്ധതയിലാണ് അദ്ദേഹം ആവിഷ്‌ക്കരിച്ചത്. തന്നോടും ലോകത്തോടും തന്റെതായൊരു തത്വശാസ്ത്രവും സൗന്ദര്യ നിരീക്ഷണവും ഉണ്ടായിരുന്നു ബര്‍ഗ്മാന്. ജീവിതത്തെ തന്റേതായ രീതിയില്‍ പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ അത് യഥാര്‍ഥ ജീവിതത്തെപ്പോലും ചുട്ടുപൊള്ളിക്കുന്നതായി

സെവൻത് സീൽ , വൈൽഡ് സ്ട്രോബറീസ് , പെഴ്സോന, ത്രൂ എ ഗ്ലാസ് ഡാർക്‌ലി, ദി സൈലൻസ്, സീൻസ് ഫ്രം മാര്യേജ്, ഫാന്നി ആൻഡ‌് അലക്സാണ്ടർ തുടങ്ങിയ സിനിമകളിലൂടെ അനശ്വരത നേടിയ ബർഗ്‌മാൻ 1946നും 2003നും ഇടയിൽ അറുപതു സിനിമകൾ സംവിധാനം ചെയ്തു. വിഷാദപൂർണമായ അന്തരീഷമുള്ള ആ സിനിമകൾ പലപ്പോഴും ദുർഗ്രഹമായി ശേഷിച്ചു. സാഹിത്യത്തിൽ വില്യം ഷേക്സ്പിയർ, മനശാസ്ത്ര വിശകലനത്തിൽ സിഗ്മണ്ട് ഫ്രോയ്ഡ്…എങ്കിൽ സിനിമയിൽ ഇംഗ്‌മർ ബർഗ്‌മാർ. മനുഷ്യമനസിലെ ഉള്‍ക്കാടുകളെ പുറത്തെടുത്ത് സ്‌ക്രീനില്‍ നട്ടതാണ് ഇംഗ്‌മർ ബർഗ്‌മാൻ്റെ സിനിമകള്‍. പ്രത്യക്ഷത്തില്‍ കാണുന്ന മനുഷ്യപ്രകൃതിയില്‍ നിന്നും അവരുടെ അകത്തുള്ള ശരിമനുഷ്യനെ കാട്ടിത്തരികയായിരുന്നു  ബർഗ്‌മാൻ്റെ ക്യാമറ. സിനിമയിലെ ഫ്രോയ്ഡായും ഷേക്‌സ്പിയറായുമൊക്കെ അദ്ദേഹം മാറുന്നുണ്ട്

സിനിമ സാഹിത്യരൂപംപോലെ ആസ്വദിക്കാമെന്നും മനുഷ്യമനസ്സിന്റെ ഉൾവനങ്ങളെ വ്യാഖ്യാനിക്കാമെന്നും ഇംഗ്‌മർ ബർഗ്‌മാൻ തെളിയിച്ചു.രണ്ടിനും മുദ്രയായി 60 ചിത്രങ്ങൾ വേണ്ട, ഒററചിത്രം മതി-ദ സെവൻത് സീൽ. സ്ത്രീ പുരുഷ ബന്ധങ്ങളുടെ അഴിയാക്കുരുക്കുകളായിരുന്നു മിക്കവാറും ബര്‍ഗ്മാന്‍ സിനിമകളിലെ പ്രമേയം. അവയെ പുതിയൊരു രീതിയില്‍ പരിചരിക്കുകയായിരുന്നു അവയെ അദ്ദേഹം. എന്നാല്‍ ഒരേയൊരു ചിത്രം മാത്രം മതി ഈ സിനിമാക്കാരനെ ഓര്‍ക്കാന്‍ എന്ന വിശേഷണമുള്ള സെവന്‍ത് സീല്‍ തിരശീലയില്‍ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ജീവന്മരണ മത്സരത്തിന്റെ ഏറ്റവും ചടുലമായ ആവിഷ്‌ക്കാരമാണ്. വിശ്വാസിയാണെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തോട് സന്ദേഹിയായിത്തീരുന്ന ബ്‌ളോക്ക്, തോറ്റാല്‍ കീഴടങ്ങാമെന്നു വെല്ലുവിളിച്ചുകൊണ്ട് മരണത്തോടൊപ്പം ചതുരംഗംകളിക്കാനിരിക്കുന്നു. അവസാനം ജീവിതത്തിനുമേലുള്ള മരണത്തിന്റെ അനിവാര്യമായ അജയ്യത നടമാടുന്നതാണ് ചിത്രം.

1918 ജൂലായ് 14 ന് സ്വീഡനിലെ ഉപ്സാലയിൽ ഒരു പുരോഹിതന്റെ മകനായാണ് ഇംഗ്‌മർ ബർഗ്‌മാൻ ജനിച്ചത്. സ്റേറാക്ക്ഹോം യൂണിവേഴ്സിററിയിൽ കലയും സാഹിത്യവും പഠിക്കാൻ ചേർന്നെങ്കിലും മുഴുമിച്ചില്ല. കൗമാരകാലത്ത് ഒളിച്ചോടി നാടകക്യാമ്പുകളിലെത്തി. 22 വയസായപ്പോഴേക്കും 12 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. 126 നാടകാവതരണങ്ങൾ ബർഗ്‌മാൻ്റ പേരിലുണ്ട്. 39 റേഡിയോ നാടകങ്ങളും. എന്നാൽ 60 ചലച്ചിത്രങ്ങളിലൂടെ അദ്ദേഹം കൂടുതൽ അനശ്വരനായി.

നാടകവും സിനിമയും ആത്മാവും ശരീരവുമായിരുന്നു. സിനിമ സ്വപ്‌നവും സംഗീതവുംപോലെയാണെന്നു പറഞ്ഞ അദ്ദേഹത്തിന് ജീവിതവും അതുപോലെ തന്നെയായിരുന്നു. ഒരേ സമയം അനേകം പ്രണയങ്ങളുണ്ടായിരുന്നു. വിഖ്യാത നടി ലിവ് ഉള്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഭാര്യമാരും അവരില്‍ ഒന്‍പതു മക്കളും. ആത്മകഥാപരമായ രണ്ടുനോവലുകൾ ‘ഞായറിന്റെ കുട്ടികൾ’, ‘സദുദ്ദേശ്യങ്ങൾ’ എന്നിവ സിനിമകളായി. മാന്ത്രികവിളക്ക് (Laterna Magica) ആണ് ആത്മകഥ. സ്വന്തമായൊരു ലാവണ്യ നിയമം സിനിമയില്‍ പരീക്ഷിച്ച ഇംഗ്‌മർ ബർഗ്‌മാൻ്റെ ആത്മകഥ മാജിക് ലാന്റേണ്‍ ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന അനുപമമായ ഒരു കാവ്യം പോലെയോ നോവല്‍ പോലെയോ അനവദ്യസുന്ദരമാണ്. സ്വന്തം സിനിമകളിലൂടെ കടന്നുപോകുന്ന ആത്മകഥയുമുണ്ട്- Images- My Life In The Film.

1945 ൽ പുറത്തുവന്ന ‘ക്രൈസിസ്’ ആണ് ആദ്യ സിനിമ. 2003 ലെ ടി.വി.ചിത്രം ‘സാറാബാൻഡ്’ അവസാന ചലച്ചിത്രം. സമ്മർ ഇന്റർലൂഡ്(1951),സമ്മർ വിത്ത് മോണിക്ക (1953),ഡ്രീംസ് (1955),വൈൽഡ് സ്ട്രോബറീസ്(1957),ദ വിർജിൻ സ്പ്രിംഗ്,ത്രു എ ഗ്ലാസ്സ് ഡാർക്ക്ലി(1961), സൈലൻസ്, വിന്റർലൈറ്റ് (1963),പെഴ്സോണ (1966),ഷെയിം (1968),ക്രൈസ് ആന്റ് വിസ്പേഴ്സ്(1972),ഓട്ടം സൊനാററ(1978),ഫാനി ആന്റ് അലക്സാണ്ടർ (1982),ദ ബെസ്ററ് ഇന്റൻഷൻസ്(1991),പ്രൈവററ് കൺഫെഷൻസ്(1996),ഫെയ്ത്ത്ലെസ്(2000) എന്നിവയാണ് പ്രധാനസിനിമകൾ.

ലോകപ്രശസ്ത പുരസ്‌ക്കാരങ്ങളെല്ലാം അദ്ദേഹംവാരിക്കൂട്ടി. മികച്ചവിദേശചിത്രത്തിനുള്ള ഓസ്കാർ അക്കാദമി അവാർഡ് മൂന്നുതവണ അദ്ദേഹത്തിന്റെ ചിത്രത്തിന് ലഭിച്ചു-ദ വിർജിൻ സ്പ്രിംഗ്,ത്രൂ എ ഗ്ളാസ് ഡാർക്ക്ലി,ഫാനി ആന്റ് അലക്സാണ്ടർ എന്നിവക്ക്. 1971 ലെ അക്കാദമി അവാർഡ് ചടങ്ങിൽ ഇർവിംഗ് ജി.താൽബെർഗ് മെമ്മോറിയൽ അവാർഡ് അദ്ദേഹം ഏററുവാങ്ങി. ബെർലിൻ ഫിലിംഫെസ്ററിവെലിൽ വൈൽഡ് സ്ട്രോബറീസ് മികച്ചസിനിമക്കുള്ള ഗോൾഡൻ ബെയർ അവാർഡ് നേടി.കാൻ,ഗോൾഡൻ ഗ്ലോബ് ,സെസാർ മേളകളിലും അദ്ദേഹത്തിന്റെ സിനിമകൾ അംഗീകാരങ്ങളാൽ ആദരിക്കപ്പെട്ടു. എക്കാലത്തെയും മികച്ച സംവിധായകൻ എന്ന ബഹുമതി 1997ൽ കാൻ ചലച്ചിത്രോൽസവത്തിൽ നൽകി. 2007 ജൂലായ് 30 ന് ആ അതുല്യപ്രതിഭ അന്തരിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *