താൻ ക്യാപ്റ്റൻ ആണെങ്കിൽ ചെന്നിത്തല മേജർ ആണെന്നും സതീശൻ; ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

രാജ്ഭവനുമായി ഉയർന്ന ഭാരതാംബ വിവാദത്തിൽ സർക്കാർ നിലപാട് ഗവർണറെ അറിയിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി നിലപാട് അറിയിച്ചത് വൈകിപോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇതുവരെ മൗനത്തിൻ്റെ വാൽമീകത്തിലായിരുന്നു എന്നും സതീശൻ പരിഹസിച്ചു.

സർക്കാർ പരിപാടികൾ ആർഎസ്എസ് പരിപാടിയായി മാറ്റാൻ അനുവദിക്കരുത്. മുഖ്യമന്ത്രി ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പോടെ സതീശൻ കോൺഗ്രസിൻ്റെ ക്യാപ്റ്റൻ ആണോ എന്ന ചോദ്യത്തിന് കൗതുകപരമായ മറുപടിയും സതീശൻ നൽകി. താൻ ക്യാപ്റ്റൻ ആണെങ്കിൽ അതിനേക്കാൾ ഉയർന്ന റാങ്കിലുള്ള മേജർ ആണ് രമേശ് ചെന്നിത്തല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്നെ ആരെയും ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ച എന്ന പരിഭവം രമേശ് ചെന്നിത്തല നേരത്തേ പങ്കുവച്ചിരുന്നു.

പിവി അൻവറിൻ്റെ യുഡിഎഫിലേക്കുള്ള വാതിൽ അടച്ചുവെന്ന നിലപാടിൽ സതീശൻ ഉറച്ചു നിൽക്കുകയാണ്. അൻവറിനെ മുന്നണിയിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന ലീഗ് നേതാക്കളുടെ അഭിപ്രായപ്രകടനം വ്യക്തിപരമാണെന്നും സതീശൻ അവകാശപ്പെട്ടു. അൻവർ നിലമ്പൂരിൽ ഫാക്ടർ ആയെന്നായിരുന്നു ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രതികരണം. സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അഭിപ്രായപ്രകടനം എംകെ മുനീറും പറഞ്ഞിരുന്നു. അൻവർ പിടിച്ച വോട്ടുകൾ ലീഗ് നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ ആർഎസ്എസ് ഉപയോഗിക്കുന്ന
കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം വയ്ക്കുന്നതിനെതിരെ ഗവർണറെ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു. സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തുനൽകി.

ഔദ്യോഗികമല്ലാത്ത ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണം. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ആവശ്യപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *