വെളളാപ്പള്ളിയേക്കാൾ രാഷ്ട്രീയ-സാമൂഹിക അശ്ലീലമായി മാറിയ മാധ്യമ ശിങ്കങ്ങൾ; വിഎസിൻ്റെ മരണം അടയാളപ്പെടുത്തുന്നത്…

ആർ.രാഹുൽ

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ മരണത്തിന് മുമ്പ് കേരളത്തിലെ മുഖ്യധാര ചാനലുകൾക്ക് റേറ്റിംഗ് കൂട്ടാനുള്ള പ്രധാന വിഷയം വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശമായിരുന്നു. വിഎസിൻ്റെ നിര്യാണ വാർത്ത പുറത്ത് വന്നതോടെ തൊട്ടുമുമ്പ് ഏറ്റെടുത്ത വിഷയങ്ങളെല്ലാം മറന്ന് മലയാളത്തിലെ മാധ്യമങ്ങൾ റേറ്റിംഗിന് വേണ്ടി മത്സരിക്കുകയാണ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വെള്ളാപ്പള്ളിയുടെ വർഗീയ വിഷം തുപ്പലിനെതിരെ നടപടി എടുക്കാതെ കണ്ണടച്ച ഭരണകൂടത്തിൻ്റെ ഇരട്ടത്താപ്പിനെതിരെ കേരളത്തിലെ മുഖ്യധാരാ റേറ്റിംഗ് തൊഴിലാളി ചാനലുകൾ ഘോരം ഘോരം പ്രസംഗിച്ചിരുന്നു. വിഎസ് എന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ എങ്ങനെയാണ് വെള്ളാപ്പള്ളിയെ നേരിട്ടതെന്നും വിശേഷിപ്പിച്ചതെന്നും എന്നും പോലും മിണ്ടാതെ മാധ്യമ ശിങ്കങ്ങൾ റേറ്റിംഗ് എന്നതിലേക്ക് ചുരുക്കുകയാണ്.

വിഎസ് എന്ന പോരാട്ടങ്ങളുടെ സമര സൂര്യന് വിടനൽകുമ്പോൾ കേരളത്തിൽ ആ സമയം ചർച്ചയായ ഒരു വർഗീയ കോമരത്തിനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടു പോലും ചൂണ്ടിക്കാട്ടാൻ മലയാളക്കരയിലെ ചാനൽ ശിങ്കങ്ങളും മിനക്കെട്ടില്ല എന്നതാണ് ഏറ്റവും ഖേദകരം. വിഎസ് സ്വീകരിച്ച നിലപാടുകൾ മാത്രം മതി വെള്ളാപ്പള്ളി എന്ന കേരള സാമൂഹിക രാഷ്ട്രീയ അസ്ലീലത്തെ തുറന്നുകാട്ടാൻ എന്നിരിക്കെ എന്ത് പ്രഹസനമാണ് വിഎസിൻ്റെ പേരിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്.

മുമ്പും വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്ക് എതിരെ ആദ്യം വിമർശന ശരം ഉയർത്തിയത് വിഎസ് ആയിരുന്നു. വെള്ളാപ്പള്ളിയുടെ വർഗീയമനസ് വിഎസ് തുറന്നു കാട്ടിയത് അന്ന് വിവാദങ്ങൾക്കും വഴിവച്ചിരുന്നു. പിണറായി സർക്കാരിൽ ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടപ്പോഴും മൈക്രോ ഫിനാൻസ് കേസിൽ വിഎസ് വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത് കേരളം ഓർക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായി വെള്ളാപ്പള്ളി മാറിയതിന് എതിരെ വിഎസ് പറഞ്ഞത് ആരും മറന്ന് പോയിട്ടില്ല. “ഹെലികോപ്റ്ററിൽ നടന്ന് വർഗീയ വിഷം തുപ്പുന്നവൻ” എന്നായിരുന്നു വെള്ളാപ്പള്ളിയെ അദ്ദേഹം വിമർശിച്ചത്.

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ എസ്എൻഡിപി യോഗത്തിൻ്റെ കസേരയിൽ ഇരുന്ന് പുൽകാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയെ ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഉദയത്തോടെ വിഎസ് തുറന്നു കാട്ടിക്കൊണ്ടിരുന്നു.മോദി സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറുമായി കൂട്ടുപിടിച്ചു. പണം വാങ്ങാതെ ഈഴവര്‍ക്ക് വെള്ളാപ്പള്ളി നിയമനം നല്‍കുകയില്ല. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയത് നമ്മുടെ ശിവന്‍ എന്ന് പറഞ്ഞാണ്. ഈഴവ ശിവനാണെന്ന് ഗുരു പറഞ്ഞിട്ടില്ലെന്നും പറഞ്ഞ് വെള്ളാപ്പള്ളിക്കെതിരെ വിഎസ് ആഞ്ഞടിച്ചത്.

മൈക്രോ ഫിനാന്‍സ് പദ്ധതിയ്ക്ക് വേണ്ടി വായ്പ എടുത്ത പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തട്ടിപ്പിനെ കുറിച്ച് സംസാരിച്ചതെന്നും പറഞ്ഞ് വെള്ളാപ്പള്ളിയെ കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു വിഎസ്. അഴിമതിക്കുറ്റത്തിന് തൂക്കുകയറില്ലെന്ന് വെള്ളാപ്പള്ളിയ്ക്ക് അറിയില്ലേ എന്നായിരുന്നു വിഎസിന്റെ പ്രധാന പരിഹാസം. ജയിലിലാണ് കിടക്കേണ്ടിവരികയെന്നും വിഎസ് വിമർശിച്ചിരുന്നു.

ഭരണഘടനയിലെ ഫോർത്ത് എസ്റ്റേറ്റ് എന്ന കുപ്പായം പല വിഷയങ്ങളിലും സ്വയം എടുത്ത് അണിഞ്ഞ് ധൃതംഗപുളകിതരാകുന കേരളത്തിലെ മുഖ്യധാരാ വാർത്താ ചാനലുകൾ സ്വീകരിക്കുന്ന നിലപാട് വിമർശനാർഹമാണ്. ഒരു മരണത്തെ ഒരു ചാനൽ റേറ്റിംഗിന് വേണ്ടി ആഘോഷിക്കുന്ന മാധ്യമ ശിങ്കള കാണുമ്പോൾ NewsEyeക്ക് പുച്ഛമാണ് തോന്നുന്നത്. സാമൂഹിക പ്രതിബന്ധത മറന്ന് സ്വന്തം നേട്ടങ്ങൾക്കായി ശവംതീനികളായി മാറുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. ഇതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സമകാലീക വെല്ലുവിളിയും. സഖാവ് എന്ന വിശേഷണത്തിന് മറുവാക്കില്ലാതെ അതിന് അർഹനായ വിഎസിന് ആദരാജ്ഞലി. ഒപ്പം മാധ്യമങ്ങളുടെ അപചയം…. (അത് പറഞ്ഞറിയിക്കുന്നതിൽ അപ്പുറം ഗുരുതരമാണ്)

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *