ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം

ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് വയനാട് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്. 19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.

വർഷം മുഴുവനും പാലിന് പ്രോത്സാഹനവില, സ്വന്തമായി മൃഗാശുപത്രിയും വെറ്ററിനറി ഡോക്ടറുമുള്ള ജില്ലയിലെ ഏക ക്ഷീരസംഘം, കന്നുകാലി മരുന്നുകൾക്കായി വെറ്ററിനറി മെഡിക്കൽ ഷോപ്പ്, വിശാലമായ ഓഫീസ്, കോൺഫറൻസ് ഹാൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത് ഡയറി ലബോറട്ടറി… തുടങ്ങി പാൽസംഭരണകേന്ദ്രം വരെ ഇവിടെ പ്രവർത്തിക്കുന്നു. രോഗനിർണയ ലാബിന്റെ നിർമ്മാണമാകട്ടെ അന്തിമ ഘട്ടത്തിലാണ്.

പാലിൻ്റെ ഗുണനിലവാരത്തിന് അംഗീകാരമായി, ജില്ലയിലെയും മലബാർ മേഖലയിലെയും മിൽമയുടെ ഏറ്റവും മികച്ച ബൾക്ക് മിൽക്ക് കൂളർ (ബിഎംസി) പ്രവര്‍ത്തനം നടത്തുന്ന സംഘമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കർഷകർ നൽകുന്ന പാലിന്റെ അളവ്, ഗുണനിലവാരം, ലിറ്റർ വില, മൊത്തം തുക എന്നിവ ദിവസേന എസ്എംഎസ് മുഖേന മൊബൈൽ ഫോണിൽ എത്തുന്ന സംവിധാനം സുതാര്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനത്തെ ആദ്യ ക്ഷീരസംഘങ്ങളിൽ ഒന്നുകൂടിയാണ് മീനങ്ങാടി.ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് പാൽ ശേഖരണവും ശീതീകരണവും. 15,000 ലിറ്റർ ശേഷിയുള്ള പാൽ ശീതീകരണ ടാങ്കും മിൽക്ക് സൈലോയുമാണ് സംഘത്തിനുള്ളത്. 20 കിലോവാട്ട് ശേഷിയുള്ള സൗരനിലയവും 20,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ കേന്ദ്രവുമുണ്ട്. കൂടാതെ, മീനങ്ങാടി നഗരത്തിൽ രണ്ട് മിൽക്ക് പാർലറുകളും സംഘം നടത്തുന്നു. വർഷം മുഴുവൻ പാൽ നൽകുന്ന കർഷകർക്ക് ഓരോ ലിറ്ററിനും 1 രൂപ 30 പൈസ ഇൻസെന്റീവ് ലഭ്യമാക്കുന്നത് സംഘത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.

ദിവസം 50 ലിറ്ററിലധികം പാൽ നൽകുന്ന കർഷകർക്ക് ഫാം സപ്പോർട്ട് എന്ന പേരിൽ ലിറ്ററിന് 50 പൈസയുടെ അധിക സഹായവുമുണ്ട്.
കന്നുകാലി ചികിത്സയ്ക്ക് ചിലവേറി വരുന്ന കാലത്ത് പ്രതിമാസം 2500 രൂപ വരെ പശുക്കളുടെ ചികിത്സാ സഹായമായി അനുവദിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറിൽ നിന്ന് 15 മുതൽ 20 ശതമാനം വരെ സബ്‌സിഡി നിരക്കിൽ മരുന്നുകൾ കർഷകർക്ക് ലഭിക്കും. പലിശരഹിത വായ്പ, സബ്‌സിഡിയോടെ പച്ചപ്പുല്ല്, ഇൻഷുറൻസ്, മെഡിക്ലെയിം, വിദ്യാഭ്യാസ ധനസഹായം, അവാർഡുകൾ, വാർഷിക ബോണസ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയെല്ലാമാണ് പാലുൽപ്പാദനരംഗത്ത് മീനങ്ങാടിയുടെ മികവ് ദേശീയ തലത്തിൽ വരെ അടയാളപ്പെടുത്തിയത്.
പി പി ജയൻ പ്രസിഡണ്ടും കെ ബി മാത്യു സെക്രട്ടറിയുമായ ഒമ്പതംഗ ഭരണസമിതിയാണ് മീനങ്ങാടി ക്ഷീര സംഘം നടത്തുന്ന കുതിപ്പിന്റെ ചാലകശക്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *