ആരാധകരെ ‌മോഹിപ്പിച്ച മിസ് കുമാരി; അകാലമരണവും സംശയങ്ങളും

മലയാളത്തിന്‍റെ നായികാ വസന്തമായിരുന്നു ഒരുകാലത്ത് മിസ് കുമാരി. 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് 1932 ജൂൺ 1-ന് കൊല്ലംപറമ്പിൽ തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ മകളായി ആയിരുന്നു മിസ് കുമാരിയുടെ ജനനം. യഥാര്‍ത്ഥ പേര് ത്രേസ്യാമ്മ തോമസ് എന്നായിരുന്നെങ്കിലും മലയാള സിനിമയില്‍ സജീവമായതോടെ അവര്‍ മിസ് കുമാരി എന്ന് അറിയപ്പെട്ടു.

ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് നടത്തുന്ന പെൺകുട്ടികൾക്കുള്ള സ്കൂളായ ഭരണങ്ങാനം സേക്രഡ് ഹാർട്ട്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിന് ശേഷം അതേ സ്കൂളിൽ തന്നെ അദ്ധ്യാപികയായി ജോലി ചെയ്തു. ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും താരമെന്ന നിലയിൽ മിസ് കുമാരി ശ്രദ്ധിക്കപ്പെട്ടു. ഉദയായുടെ രണ്ടാം ചിത്രമായ നല്ലതങ്കയിൽ നായികയാതോടെയാണ് മിസ് കുമാരി എന്ന പേരില്‍ ത്രേസ്യാമ്മ അറിയപ്പെട്ട് തുടങ്ങിയത്. ചിത്രത്തിന്‍റെ നിർമാതാക്കളിലൊരാളായ കെ.വി. കോശിയാണ് മിസ് കുമാരി എന്ന പേരു നൽകിയത്. നല്ല തങ്കയിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്.

1954-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി ശ്രദ്ധേയ താരമായി മാറിയത്. 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം വളരെ വേഗം തന്നെ ആരാധകരുടെ മനം കവർന്നു. നീലക്കുയിലിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ചു. മദ്രാസ‌് ഫിലിം ഫെയർ അസോസിയേഷൻ മികച്ച നടിക്കുള്ള വെള്ളിയിലും പിച്ചളയിലും തീർത്ത ശിൽപങ്ങൾ നൽകി മിസ് കുമാിയെ ആദരിച്ചിട്ടുണ്ട്.

1955ലെ ഹരിശ്ചന്ദ്ര 1963ല്‍ പുറത്തിറങ്ങി സ്നാപകയോഹന്നാന്‍ 1961ലെ ഭക്തകുചേല, 1961ലെ തന്നെ മുടിയനായ പുത്രൻ തുടങ്ങിയവ മിസ് കുമാരിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായി.

1963 ഫെബ്രുവരി 7-ന് എറണാകുളം സ്വദേശിയായ ഫാക്ട് കെമിക്കൽ എഞ്ചിനീയർ ഹോർമിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.

1969 ജൂൺ 9-ന് 37-ആം വയസ്സിൽ മിസ് കുമാരി രോഗബാധയാൽ അന്തരിച്ചത് മലയാളത്തിന് കനത്ത നഷ്ടമായി.മരണം ആത്മഹത്യചെയ്തുവെന്നും കാപ്പിയിൽ വിഷം ചേർത്ത് കൊന്നതാണെന്നും തുടങ്ങി പല ദുരൂഹകാരണങ്ങളും അക്കാലത്ത് സംശയിക്കപ്പെട്ടു. അവരുടെ ഭർത്താവിനെതിരെ പോലും സംശയം ഉയർന്നിരുന്നു. വയറുവേദനയെ തുടർന്നാണ് മിസ്‌കുമാരിയുടെ മരണമെന്നാണ് അക്കാലത്തു പുറത്തു വന്ന മാധ്യമവാർത്തകൾ. ദുരൂഹ വാർത്തകൾ തുടർന്നതോടെ മിസ് കുമാരിയുടെ മൃതദേഹം മരണശേഷം ഒരു വർഷത്തിനു കഴിഞ്ഞ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു.

മൃതദേഹം അഴുകിയിരുന്നില്ലെന്നും അതിനുള്ള കാരണമെന്തെന്നും ബി. ഉമാദത്തൻ എന്ന പോലീസ് സർജന്റെ ‘ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലുണ്ട്. മിസ് കുമാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പോലീസിന്റെ അന്വേഷണത്തിൽ തെളിയിക്കാൻ സാധിച്ചില്ല. ചെറിയ സിനിമാ ജീവിതത്തിനുള്ളിൽ ചെയ്ത സിനിമകളെറെയും മികവുറ്റതായിരുന്നു. അകാലത്തിലെത്തിയ മിസ് കുമാരിയുടെ മരണം മലയാള സിനിമയ്ക്കേറ്റ കനത്ത ആഘാതമായിരുന്നു.

മൂന്ന് മക്കളാണ് മിസ് കുമാരിക്ക് ഉള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ജോണി തളിയത്ത്, തോമസ് തളിയത്ത്, ബാബു തളിയത്ത് എന്നിവരാണ് അവർ. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മൗലികതത്വശാസ്ത്രത്തിലും പൂർവ്വാധുനിക ശാസ്ത്രചരിത്രത്തിലും പോസ്റ്റ് ഡോക്ടൊറൽ വിസിറ്റിംഗ് സ്കോളർ ആയിരുന്നു ബാബു തളിയത്ത്. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽനിന്നും ജെർമ്മൻ സാഹിത്യത്തിലും തുടർന്നു് ജെർമ്മനിയിലെ ഫ്രെയ്‌ബുർഗ് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിലും യൂറോപ്യൻ നവോത്ഥാന കലാചരിത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. അടിസ്ഥാനശാസ്ത്രത്തിന്റെ ചരിത്രം, തത്ത്വശാസ്ത്രം എന്നീ രംഗങ്ങളിൽ ലോകത്തിലെ അറിയപ്പെടുന്ന ഒരു പ്രതിഭയാണ് ബാബു. കൂടാതെ, ഭാഷാശാസ്ത്രം, ചലച്ചിത്രം എന്നീ രംഗങ്ങളിലും അദ്ദേഹത്തിന്റേതായി ഗണ്യമായ സംഭാവനകളുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *