“കൂടുതൽ കരുത്തോടെ കരുതലോടെ മുന്നോട്ട് “; ജനങ്ങൾക്കും നാടിനുമായിട്ടുള്ള സമരം തുടരുമെന്ന് എം സ്വരാജ്

നിലമ്പൂർ ഉപരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന എം സ്വരാജ്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് നിലമ്പൂരില്‍ തങ്ങൾ ചർച്ച ചെയ്‌തതെന്നും ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തനം തുടരുമെന്ന് സ്വരാജ് കൂട്ടിച്ചേർത്തു.

നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയർന്ന ജനാധിപത്യ സംവാദം എന്നനിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. അതിൽ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നമാണ് എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത്. എതിരാളികൾ ഉയർത്തിയ വിവാദങ്ങളിൽ പിടികൊടുത്തില്ലെന്നും സ്വരാജ് പറഞ്ഞു.

ഒരു വർഗീയവാദിയുടെയും പിന്തുണ ഒരു കാലത്തും ആവശ്യമില്ല. അതിന്റെ പേരിൽ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാട് അതു തന്നെ. ശരിയായ നിലപാട് എല്ലായ്പ്പോഴും അംഗീകരിച്ചെന്ന് വരില്ല. അത് കൊണ്ട് ശരിയായ നിലപാട് കയ്യൊഴിയാൻ കഴില്ല. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കും നാടിനുമായിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വികസനമാണ് ചർച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉൾകൊള്ളേണ്ടവ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തിരഞ്ഞെടുപ്പിനെ കാണാൻ കഴിയില്ല. അങ്ങനെയായാൽ സർക്കാരിന്റെ ഭരണ പരിഷ്കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എൽഡിഎഫ് സർക്കാരാണ് ലോഡ്ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കില്ലല്ലോ. പെൻഷൻ 1600 ആയി ഉയർത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോയെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ ജനം വോട്ട് ചെയ്തതെന്ന് പറയാൻ കഴില്ല. കൂടുതൽ കാര്യങ്ങൾ വഴിയെ പരിശോധിക്കാം. ധീരമായി മുന്നോട്ട് പോകും. ഇടതു മുന്നണി മുന്നോട്ടു വെച്ച രാഷ്ട്രീയം, കറകളഞ്ഞ രാഷ്ട്രീയ നിലപാട്, കേരളത്തിന്റെ സമഗ്ര വികസനം, ഇത്തരം കാര്യങ്ങളിലൊന്നും ഏതെങ്കിലും കാരണങ്ങൾ കൊണ്ട് പിശകുണ്ടെന്ന് തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പിലും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായി വിലയിരുത്തി കൊള്ളണമെന്നില്ലന്നും അദ്ദേഹം പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *