ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ഒരു കുടക്കീഴിൽ എത്തിക്കാൻ പുതിയ നീക്കം. ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി നിലപാടുമായി പുതിയ പാർട്ടി വരുന്നു. കോൺഗ്രസ് മുൻ നേതാവും കേരള കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന ജോർജ് ജെ മാത്യുവിന്‍റെ നേതൃത്വത്തിലാണ് പാർട്ടി. കേരള ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന കർഷക സംഘടനയുടെ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ടി ഇന്ന് കോട്ടയം ഈരയിൽ കടവ് ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ചേരും. അവിടെ വെച്ചാവും പുതിയ പാർട്ടിയുടെ പ്രഖ്യാപനമെന്നാണ് വിവരം.
കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെളളാപ്പള്ളി പങ്കെടുക്കും. പാര്‍ട്ടി രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ചകൾ നടത്തിയെന്നാണ് വിവരം.
ഇതേ ലക്ഷ്യവുമായി 2023 ഏപ്രിലിൽ ഒരു നീക്കം നടന്നങ്കിലും അവസാന നിമിഷം ജോർജ്ജ് ജെ മാത്യു അതിൽ നിന്നു പിന്തിരിയുകയായിരുന്നു. എങ്കിലും കാത്തലിക്ക് ട്രസ്റ്റ് ൻ്റെ പഴയ കാല നേതാവ് വിവി അഗസ്റ്റിൻ ചെയർമാനും ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനും മാത്യു സ്റ്റീഫൻ ജനറൽ സെക്രട്ടറിയുമായി നാഷണൽ പ്രോഗ്രസിവ് പാർട്ടി രൂപികരിച്ചതായി 2023 ഏപ്രിൽ 22 ന് പ്രഖ്യാപനം ഉണ്ടായി. പക്ഷേ പ്രവർത്തനം മുന്നോട്ടു പോയില്ല. മാസങ്ങൾക്കുള്ളിൽ തന്നെ ജോണി നെല്ലൂർ ഇതിൽ നിന്നു പിന്മാറി.
കേരള കോൺഗ്രസ് ൽ തുടങ്ങി നിരവധി പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള മുൻ എംഎൽഎ മാരായ പിഎം മാത്യുവും എംവി മാണിയും ജോർജ്ജ് ജെ മാത്യുവിനൊപ്പം ഉണ്ട്. മുൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെയും മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലിൻ്റെയും പിന്തുണ തങ്ങൾക്കുള്ളതായി ഇവർ അവകാശപ്പെടുന്നുണ്ട്. കാസാ പോലെയുള്ള സംഘടനകളുടെ പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നുണ്ട്.
1991 മുതൽ 2006 വരെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗവും മുൻ ലോക്സഭാംഗവുമായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ജോർജ് ജെ മാത്യു. 1964ൽ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചപ്പോൾ അവർക്കൊപ്പം ചേർന്നെങ്കിലും പിന്നീട് പാർട്ടിയിൽ പിളർപ്പുകൾ തുടർക്കഥയായതോടെ 1983ൽ കേരള കോൺഗ്രസ് വിട്ട് മാതൃസംഘനയായ കോൺഗ്രസിൽ തിരിച്ചെത്തി.
1977 മുതൽ 1980 വരെ മൂവാറ്റുപുഴ മണ്ഡലത്തിൽനിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 2006 വരെ തുടർച്ചയായ 15 വർഷം കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭാംഗമായിരുന്നു.


KEAMൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ വീഴ്ച തെളിയിക്കുന്ന രേഖ പുറത്ത്; തിരിച്ചടിക്ക് കാരണം വിദഗ്ധ സമിതി ശിപാർശ തളളിയുള്ള സർക്കാരിൻ്റെ എടുത്തുചാട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.