ചിരിയും ചിന്തയുമായി പരിവാർ; പ്രേക്ഷകരോട് നീതി പുലര്‍ത്തുന്ന ചിത്രം

മരണം കാത്ത് കിടക്കുന്ന അച്ഛൻ. മരണം കൊതിക്കുന്ന മക്കള്‍. ‌ അവര്‍ അച്ഛന്റെ മരണം ഉടൻ സംഭവിക്കമെന്ന് പ്രതീക്ഷിച്ച് നാട്ടിലെമ്പാടും ഫ്ലക്സുകൾ അടക്കം സ്ഥാപിക്കുന്നു. സഞ്ചയനവും പതിനാറടിയന്തരവും എങ്ങനെ വേണമെന്ന് വരെ പദ്ധതിയിടുന്നു. ഉത്സവ് രാജീവും ഫഹദ് നന്ദുവും ചേര്‍ന്ന് കഥയെഴുതി സംവിധാനം ചെയ്ത പരിവാർ ചിരിയും ചിന്തയും സമാസമം കൂട്ടിക്കുഴച്ചൊരു സിനിമയാണ്. വെട്ടിക്കളയാൻ ഒന്നുമില്ല; വെട്ടിക്കളയേണ്ടവരും ഇല്ല. വന്നവരെല്ലാം കിട്ടിയ കഥാപാത്രങ്ങളെ ഉഷാറാക്കി രസിപ്പിക്കുന്നു.

ഹസ്തിനപുരത്തെ ഭാസ്കരപിള്ള മരണക്കിടക്കയിൽ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാലാണ്‍മക്കളുടെയും കണ്ണ് ആ വിരലുകിലെ വജ്രമോതിരത്തിലാണ്. ബ്രിട്ടീഷ് ഉദ്യോസ്ഥൻ ഭാസ്കരപിള്ളയ്ക്ക് സമ്മാനിച്ച മോതിരത്തിന് ലക്ഷങ്ങളുടെ വിലയുണ്ട്. ഭാസ്കരപിള്ള മരിക്കാതെ അത് ഊരിയെടുക്കാന്‍ കഴിയില്ല. ഒടുവില്‍ മോതിരം ആർക്ക് കിട്ടും എന്നതിലാണ് കൗതുകം. ആർത്തി നിറഞ്ഞ ഈ കാലത്ത് കുടുംബബന്ധങ്ങള്‍പോലും അത്യാര്‍ത്തി നിറഞ്ഞതാകുന്നു എന്ന് പറയുകയാണ് പരിവാര്‍

അതീവ രസകരമായ രീതിയില്‍ പറഞ്ഞുപോകുന്ന കഥയ്ക്ക് ഒരിടത്തും താളഭംഗം സംഭവിക്കുന്നില്ല. രസച്ചരട് മുറിയാതെയുള്ള തിരക്കഥയ്ക്ക് അനുസരിച്ച് താരങ്ങള്‍ പകർന്നാട്ടം നടത്തിയിരിക്കുന്നു. ജഗദീഷ് അവതരപ്പിക്കുന്ന സഹദേവനും പ്രശാന്ത് അലക്സാണ്ടറിന്റെ നകുലനും ഇന്ദ്രന്‍സിന്റെ ഭീമനുമൊക്കെ പ്രേക്ഷകരെ വിസ്മയങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്നു. ഋഷികേശും മീനാരാജും അടക്കമുള്ള സഹതാരങ്ങളും പരിവാറില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായ ക്ലൈമാക്സാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. വലിയ ആരവങ്ങളൊന്നും ഇല്ലാതെ കടന്നുവന്ന പരിവാർ നൂറ് ശതമാനം പ്രേക്ഷകരോട് നീതി പുലര്‍ത്തുന്നു. ചില ഭാഗങ്ങളിലെ ന്യൂനതകളും പറയാതിരിക്കാനാകില്ല. ഭാസ്കരപിള്ളയുടെ ചിതയ്ക്ക് സമീപമുള്ള സംഘട്ടനം അതിഭാവുകത്വമായിപ്പോയി എന്ന് തോന്നാം. എങ്കിലും പ്രമേയശുദ്ധികൊണ്ട് ചിത്രം കാഴ്ചക്കാരനോട് ഐക്യപ്പെടുന്നു.

ആൽഫാസ് ജഹാംഗീറിനന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും സന്തോഷ് വർമ്മയുടെ വരികളും കഥപറച്ചിലിനെ കൂടുതല്‍ രസാവഹം ആക്കുന്നു. തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിക്കാത്ത ചിത്രം ഒടിടിയൽ പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *