കേരള സർവകലാശാലയിലെ സെനറ്റ് ഹാളിൽ, ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ രജിസ്ട്രാർ കെഎസ് അനിൽകുമാറിന് സസ്പെൻഷൻ. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിൻ്റേതാണ് നടപടി. ചാൻസലറായ ഗവർണറോട് അനാദരവ് കാട്ടി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ പ്രതികരിച്ചു. കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ കേരള സർവകലാശാല സെനറ്റ് ഹാളിലെ വിവാദ പരിപാടിയിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗവർണറെ ബോധപൂർവം തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ഉന്നതതല അന്വേഷണം വേണം എന്നും റിപ്പോർട്ടിൽ വിസി ആവശ്യപ്പെട്ടിരുന്നു.
രജിസ്ട്രാറുടെ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു കെഎസ് അനിൽകുമാർ നൽകിയ വിശദീകരണം. സംഘാടകർ നിബന്ധന ലംഘിച്ചു എന്ന് പിആർഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പൊലീസ് ഓഫീസിലെത്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നും രജിസ്ട്രാറുടെ റിപ്പോർട്ട്. ഗവർണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ വിശദീകരണം നൽകിയിരുന്നു.
26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നല്‍കിയത്. കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിക്ക് മുന്നോടിയായി സംഘാടകര്‍ ഹാളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുകയും പുഷ്പാര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി ബൈലോ പ്രകാരം പരിപാടി നടത്താനാണ് അനുമതി നൽകിയതെന്നും വൈസ് ചാൻസലര്‍ക്ക് രജിസ്ട്രാര്‍ മറുപടി നൽകിയിരുന്നു. കൂടുതൽ വിശദീകരണം ചോദിച്ച് രജിസ്ട്രാർക്ക് വിസിയും കത്ത് നൽകി. പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടിരുന്നു.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതാണ് വിവാദമായത്. ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്.
സർവകലാശാല രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ മാറ്റാൻ തയ്യാറായില്ല. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി റദ്ദാക്കണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ എസ്എഫ്ഐ, കെഎസ് യു പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. പിന്നാലെ രജിസ്ട്രാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സംഘാടകർ വിസിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഗവർണറും സംഭവത്തിൽ വിസിയോട് വിശദീകരണം ചോദിച്ചിരുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.