ആർ.രാഹുൽ
ഇന്ന് ദേശീയ ഭീകര വിരുദ്ധ ദിനമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമദിനം. ഭീകരവിരുദ്ധതയ്ക്ക് എതിരെ ഇന്ത്യ എന്നും ഓർമ്മിക്കേണ്ട ദിനം. പഹൽഗാംഭീകരാക്രമണത്തിൽ വീണ്ടും ഭീകരവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നുവെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴാണ് ഈ ദിനം കടന്നു പോകുന്നത്. രാജ്യത്ത് ഇന്നും അവശേഷിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ഭീകരവാദത്തിന് എതിരായ തങ്ങളുടെ നിലപാട് ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇതുപോലൊരു ദിവസം വേറെ ഉണ്ടായിരുന്നില്ല. ഭീകരവാദത്തിനെതിരെ രാജ്യമാണ് എന്ന് നിലപാട് സ്വീകരിച്ച്, സർക്കാർ പ്രതിനിധിയായി വിദേശത്തേക്ക് പറക്കുന്ന ശശി തരൂർ എന്ന കോൺഗ്രസ് വിശ്വപൗരൻ ഇന്ന് അതിനെക്കുറിച്ച് മിണ്ടിയില്ല. രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം ബലി നൽകിയ രാജീവിനെ ഇന്ന് അനുസ്മരിക്കുന്നതിന് പകരം ഒരു മലയാള മാധ്യമത്തിന് താൻ എഴുതിയ ഒരു ലേഖനത്തെപ്പറ്റി സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, തിരഞ്ഞെടുപ്പ് വരുമ്പോൾ തട്ടുകടയിൽ കയറി ചായ കുടിക്കുന്ന വിശ്വ പൗരൻ വാചലരായി.
ഭീകരവാദത്തിന് ഇരയായ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെപ്പറ്റി തരൂർ എന്നയാളിന് അറിയാഞ്ഞിട്ടല്ല ബോധപൂർവ്വം നിശബ്ദത പാലിച്ചു എന്ന് നിസംശയം പറയാം. അനുസ്മരിച്ചവർ ആവട്ടെ രാജീവിൻ്റെ ബലി രാജ്യത്തിന് വേണ്ടിയായിരുന്നു എന്നും രാജ്യം ഇന്ന് നേരിടുന്ന ഭീകരവാദത്തെ ചൂണ്ടിക്കാട്ടി മിണ്ടിയില്ല. കോൺഗ്രസിന് ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി അവരുടെ നിലപാട് പൊതുസമൂഹത്തോട് പറയാൻ പറ്റില്ല ഏറ്റവും യോജിക്കുന്ന ദിനമായിരുന്നു ഇന്ന്. മല്ലികാർജ്ജുൻ ഖാർഗേയുടെ പ്രസ്താവന കണ്ടപ്പോൾ ലേഖകന് ഓർമ്മ വന്നത് പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ ഇന്നസെൻ്റ് പറയുന്ന ഒരു ഡയലോഗ് ആണ്. ” നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ ഗാന്ധി” എന്ന തഗ് ഡയലോഗാണ്.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി
കേരളത്തിലെയടക്കം അഭിനവ കോൺഗ്രസ് ശിങ്കങ്ങളാവട്ടെ സോഷ്യൽ മീഡിയയിൽ വഴിപാട് പോസ്റ്റ് നടത്തി, ചരിത്രത്തിൽ അഭിരമിച്ച് വിക്കിപീഡിയയെ മാതൃകയാക്കി.കോൺഗ്രസ് എന്നും ഭീകരവാദത്തിന് എതിരാണ് അതിന് ബലി നൽകേണ്ടി വന്നത്ത് രാജീവിൻ്റെ ജീവനാണ്, ജീവനും ജീവിതവും നഷ്ടപ്പെട്ടാലും കോൺഗ്രസുകാർ ആ നിലപാട് കാത്തു സൂക്ഷിക്കും എന്നൊന്നും ഒരു നേതാവും പറയാൻ ധൈര്യപ്പെട്ടില്ല. കാരണം ആശയമല്ല ആമാശയം ആയത് കൊണ്ട് തന്നെ. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഒക്കെ വഴിപാട് നടത്തി തലയൂരിയപ്പോൾ വായിക്കുന്ന ഓരോ ആളിൻ്റെയും മനസിൽ തറയ്ക്കുന്ന ഒരു കുറിപ്പുണ്ടായിരുന്നു. മറ്റാരുടേതുമല്ല ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ.
രാജീവ് അന്ത്യവിശ്രമം കൊള്ളുന്ന വീർ ഭൂമിയിൽ പുഷ്‌പാർച്ചന നടത്തിയ രാഹുൽ പിതാവിൻ്റെ ഓർമകൾ തന്നെ ഓരോ ചുവടുവയ്പ്പിലും നയിക്കുന്നുണ്ടെന്നും അദ്ദേഹം അവശേഷിപ്പിച്ച സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുമെന്നും പറഞ്ഞു. “പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ ഓരോ ചുവടുവയ്പ്പിലും നയിക്കുന്നത്. നിങ്ങളുടെ പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കുക എന്നതാണ് എൻ്റെ ദൃഢനിശ്ചയം. ഞാൻ തീർച്ചയായും അവ നിറവേറ്റും ” – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അയാളുടെ വാക്കിൽ വ്യക്തമാകുന്ന ചിലത് ഉണ്ട്. രാഹുൽ ഗാന്ധിക്ക് നഷ്ടമായത് അയാളുടെ പിതാവിനെയാണ്. എന്നിരുന്നാലും അയാളുടെ വാക്കിലുള്ളത് ഇന്നത്തെ രാഷ്ട്രീയമാണ്. അത് മനസിലാക്കാതെ അയാളുടെ കൂടെ നിലനിൽക്കുന്നു എന്ന് പറയുന്ന വഴിപാട് രാഷ്ട്രീയക്കാരാണ് അയാളുടെ ശാപം. അത് ഇന്നത്തെ ഭീകരവിരുദ്ധ ദിനം ഒന്നുകൂടി അടയാളപ്പെടുത്തുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.