കമ്മ്യൂണിസ്റ്റുകളെ ഒതുക്കാൻ കോൺഗ്രസ് വളർത്തിയ ശിവസേന, ഒടുവിൽ..!; താക്കറെ കസിൻസിൻ്റെ റീ യൂണിയനും ചില ചരിത്ര വസ്തുതകളും

രണ്ട് പതിറ്റാണ്ടാളം നീണ്ട് നിന്ന വൈര്യം മറന്ന് താക്കറെ കസിൻമാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ ഒരുപാട് ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്ന കൂടിച്ചേരലായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഹിന്ദി മൂന്നാം ഭാഷയാക്കാൻ വേണ്ടി നടപ്പാക്കിയ തീരുമാനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടത്തുന്ന വിജയാഘോഷ സമ്മേളനമാണ് താക്കറെ കസിൻ മാരുടെ കൂടിച്ചേരലിന് വേദിയായത്.

ഇതാരു ട്രെയിലർ മാത്രമാണെന്നും സിനിമ ഇനി വരാൻ പോകുന്നതേ ഉള്ളുവെന്നാണ് ഉദ്ധവിൻ്റെ പ്രതികരണം. മഹാരാഷ്ട്രയുടെ അധികാരമടക്കം ഇനി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സാക്ഷാൽ ബാൽ താക്കറെക്ക് കഴിയാത്തത് മുഖ്യമന്ത്രിയായ ദേവന്ദ്ര ഭഡ്നാവിഡിനും ബിജെപി സർക്കാരിനും കഴിഞ്ഞുവെന്നാണ് രാജ് താക്കറെയുടെ പ്രതികരണം. 2006 മുതലാണ് ഇരുവരും രാഷ്ട്രീയമായും മാനസികമായും രണ്ട് ധ്രുവങ്ങളിലായത്. ഉദ്ധവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് രാജ് താക്കറെ ശിവസേനയില്‍നിന്ന് പിളർന്ന് മാറി മഹാരാഷ്ട്ര നവനിര്‍മാണ്‍സേന സ്ഥാപിച്ചു. ബിജെപി സര്‍ക്കാര്‍ മറാത്തി ഭാഷയെ തൊട്ടുകളിച്ചതോടെയാണ് തങ്ങള്‍ എല്ലാ പിണക്കവും മറന്ന് ഒന്നിക്കുന്നതെന്നാണ് ഉദ്ധവ് പറഞ്ഞത്. മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍തിരിക്കാനുള്ള പദ്ധതിയുടെ മുന്നോടിയാണ് ത്രിഭാഷാ നയമെന്നായിരുന്നു രാജ് താക്കറെയുടെ അവകാശപ്പെട്ടു. ശിവസേന എക്കാലത്തും മഹാരാഷ്ട്രയിൽ പ്രയോഗിച്ചതുറുപ്പായ മറാത്ത വാദം ഉയർത്തി ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനാണ് താക്കെറെ കസിൻസിൻ്റെ തുടർ നീക്കം എന്നതിൽ സംശയം വേണ്ട എന്ന നയം തന്നെയാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്.

ബാൽ താക്കറെ

ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകൾക്ക് നിർണായക സ്വാധീനം ഉണ്ടായിരുന്ന സ്ഥലമായിരുന്നു മഹാരാഷ്ട്ര. സംസ്ഥാനത്തെ തൊഴിലാളികൾക്ക് ഇടയിൽ ശക്തമായ സാന്നിധ്യമായിരുന്നു ഇടത് ട്രേഡ് യൂണിയനുകൾ. അവർക്ക് തൊഴിലാളികൾക്ക് ഇടയിൽ ഉളള സ്വാധീനം തളർത്താൻ മുമ്പ് ഭരണകക്ഷിയായിരുന്ന കോൺഗ്രസ് വളർത്തിയതായിരുന്നു ശിവസേനയെ.

മുംബൈയില്‍ മറാത്ത ജനത മറ്റ് ജനവിഭാഗങ്ങളില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്ന പ്രാദേശിക വാദ മുദ്രാവാക്യമുയര്‍ത്തിയാണ് 1966ല്‍ തന്റെ നാല്‍പ്പതാം വയസിൽ കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ ശിവസേന രൂപികരിക്കുന്നത്. 1963 മുതല്‍ 1975 വരെ സംസ്ഥാനത്തെ അധികാകത്തെ കൈ പിടിയിൽ ആക്കിയിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി വസന്ത് റാവു നായിക്കിന്റെ പരോക്ഷ പിന്തുണയും ബാൽ താക്കറെയ്ക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ12 വര്‍ഷത്തെ ഭരണത്തിന്റെ തണലിലാണ് ശിവസേന സംസ്ഥാനത്ത് നിർണായക ശക്തിയാവുന്നത്.

വസന്ത റാവു നായിക്ക്

മറാഠി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന താക്കറെയുടെ മാര്‍മിക് മാഗസിന്‍ ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവായ വസന്ത് റാവുവാണ് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കുക. തുടക്കത്തിൽ രാഷ്ട്രീയ പാര്‍ട്ടിയല്ലാതിരുന്ന ശിവസേനയെ 1966 ജൂണില്‍ ദാദറിലെ ശിവസേനപാര്‍ക്കില്‍ നടന്ന റാലിയോടെ കോൺഗ്രസിൻ്റെ രഹസ്യ ആശീർവാദത്തോടെ രാഷ്ട്രീയ പാര്‍ട്ടിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് നടന്ന മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടികളും നേടിയിരുന്ന സീറ്റുകള്‍ ശിവസേന പിടിച്ചെടുത്തു. നിരവധി കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാക്കള്‍ കൊല്ലപ്പെട്ടു.

പിന്നീട് ശക്തമായ പ്രാദേശീക വാദം ആളിക്കത്തിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ ശിവസേന നിർണായക ശക്തിയായി മാറിക്കൊണ്ടിരുന്നു. മുംബൈയിലേക്ക് ദിനംപ്രതി മുന്നൂറ് കുടുംബങ്ങള്‍ കുടിയേറുന്നുവെന്നും വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം അന്യസംസ്ഥാനക്കാര്‍ നഗരത്തിലെത്തുന്നുവെന്നും ശിവസേന വ്യാപകമായി പ്രചരിപ്പിച്ചു. ഹഠാവോ ലുങ്കി, ബചാവോ പുങ്കി എന്ന ബാൽ താക്കറെയുടെ ആക്രമണാഹ്വാനം ശിവസേന പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. മലയാളികളും തമിഴൻമാരും ഉൾപ്പെടെ ദക്ഷിണേന്ത്യക്കാരുടെ സ്ഥാപനങ്ങള്‍ ആക്രമണത്തിന് ഇരയായി നശിക്കപ്പെട്ടു. 1970 ൽ ബോംബെയിലെ ഏറ്റവും ജനകീയനായ തൊഴിലാളി യൂണിയന്‍ നേതാവും സി.പി.ഐയുടെ പരേല്‍ നിയമസഭാംഗവുമായ കൃഷ്ണ ദേശായിയെ കുത്തി കൊലപ്പെടുത്തുകയും യൂണിയന്‍ ഓഫീസുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

രാജ് താക്കറെ, ഉദ്ദവ് താക്കറെ

ദേശായിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും 1972ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും അമ്പത് ശതമാനത്തിലേറെ വോട്ട് നേടി ശിവസേന ബോംബെയിലെ ചോദ്യം ചെയ്യാൻ കഴിയാത്ത ശക്തിയായി മാറി. പിന്നീട് ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ കലാപങ്ങൾ അഴിച്ചുവിട്ടു. 1980കളോടെ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ തൊഴിലാളി ആധിപത്യം അവസാനിപ്പിക്കാൻ ശിവസേനക്കായി. മിക്കവാറും സ്ഥാപനങ്ങളില്‍ നിന്നും ഇടത് ട്രേഡ് യൂണിയനുകൾ പുറത്താക്കപ്പെട്ടു.ഇതിനിടയിൽ കോൺഗ്രസുമായും ശിവസേന പൂർണമായും അകന്നു പിന്നീട് തങ്ങളുടെ അപ്രമാദിപത്യം കൈവിട്ടു പോകാതിരിക്കാൻ പ്രാദേശിക വാദത്തിനൊപ്പം ഹിന്ദുത്വ കുപ്പായവും ശിവസേന അണിഞ്ഞു.

പിന്നീട് സമ്പൂര്‍ണ ഹിന്ദുത്വ പാര്‍ട്ടിയായി മാറിയ ശിവസേനക്ക് ബാബരി മസ്ജിദ് തകര്‍ക്കലിന് ശേഷം മുംബൈയില്‍ നടന്ന പല വര്‍ഗീയ കലാപങ്ങളിലും പങ്കുണ്ടായിരുന്നുവെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാല്‍ ര്ക്കറി അറസ്റ്റിലായി. ഇതിനിടയിൽ ഹിന്ദുത്വ വാദം ഉയർത്തുന്ന ബിജെപിയുമായി പാർട്ടി സഖ്യം ചേർന്നു.

രാജ് താക്കറെ, ബാൽ താക്കറെ

1995ല്‍ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നു. 73 സീറ്റുകള്‍ നേടിയ ശിവസേന മനോഹര്‍ ജോഷിയെ മുഖ്യമന്ത്രിയാക്കി. പ്രമുഖ നേതാക്കളായ ഛഗന്‍ ഭൂജ്ബല്‍, നാരായണ്‍ റാണെ എന്നീ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയി. 1999ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യം മഹാരാഷ്ട്രയുടെ അധികാരം പിടിച്ചു. എന്നാൽ ശിവസേന എന്ന പാർട്ടിയുടെ എക ഛത്രാപതിയായി ബാൽ താക്കറെ മാറി. ഇക്കാലയളവിൽ പാർട്ടിയുടെ സ്വാധീനത്തിനും വലിയ ഇടിവ് സംഭവിച്ചില്ല.

രണ്ടായിരത്തിന്റെ തുടക്കത്തോടെ തന്നെ ബാല്‍ താക്കറേയ്ക്ക് ശേഷം ശിവസേനയില്‍ ആർ പിൻഗാമി എന്ന തർക്കം ഉടലെടുത്തു. ബാല്‍ താക്കറെയുടെ ഇളയ സഹോദരന്‍ ശ്രീകാന്ത് താക്കറെയുടെ മകനായ രാജ് താക്കറെ പിൻഗാമിയാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തിയത്. വെറുതെ ആയിരുന്നില്ല അവർ അങ്ങനെ ഒരു സാധ്യത കൽപ്പിച്ചു കണ്ടത്. സാക്ഷാൽ ബിൽ താക്കറെയുടെ പ്രതിരൂപം രാജിൽ കണ്ടു. മറാഠികളെ ആവേശം കൊള്ളിച്ചിരുന്ന ബാല്‍ താക്കറെയുടെ ഗുണ ഗണങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. താക്കറെയുടെ പിൻഗാമി ആര് എന്ന ചർച്ചകൾ നടക്കുമ്പോൾ ഉദ്ധവ് സത്യത്തിൽ മഹാരാഷ്ട്രയുടെ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ബിരുദധാരിയും ഫോട്ടോഗ്രാഫറുമായ ഉദ്ധവ് അക്കാലത്ത് രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചിരുന്നു.

ഉദ്ദവ് താക്കറെ, ബാൽ താക്കറെ

ബാൽ താക്കറെയുടെ അന്ത്യനാളുകളിൽ അദ്ദേഹത്തിൻ്റെ പിൻഗാമിയായി സാധ്യത കൽപ്പിച്ചിരുന്ന രാജ് താക്കറെ ശിവസേനയിൽ ഒതുക്കപ്പെടാൻ തുടങ്ങി. 2002 മഹാബലേശ്വര്‍ കണ്‍വെന്‍ഷനില്‍ ഉദ്ധവ് എക്‌സിക്യുട്ടീവ് പ്രസിഡന്റായി നിയമിതനായി. ഇതോടെ കാര്യങ്ങള്‍മാറി മറിഞ്ഞു. ബാൽ താക്കറെയുടെ പിന്തുണയും ഉണ്ടായിരുന്നു. പാർട്ടി സ്ഥാപകൻ്റെ മനസ് വായിച്ച രാജ് 2005 നവംബറില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വന്തം വഴി തെളിക്കുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *