ഗന്ധർവന് എന്ത് സംഭവിച്ചു? അറംപറ്റിയ പത്മരാജൻ്റെ ഗന്ധർവൻ

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണല്ലോ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച സിനിമ. നിതീഷിനെ മഹാഭാരതം പരമ്പരയിലെ കൃഷ്ണനായും സുപർണയെ വൈശാലിയിലൂടെയും നമുക്ക് ഏറെ പരിചിതരാണ്.

ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ഞാൻ ഗന്ധർവനിൽ പത്മരാജൻ ആവിഷ്കരിച്ചിരിക്കുന്നത്. പത്മരാജൻ അവസാനമായി സംവിധാനം ചെയ്ത സിനിമയാണ് ഞാൻ ഗന്ധർവ്വൻ. ഹിന്ദു, ബുദ്ധമത വിശ്വാസങ്ങളിൽ പ്രതിപാദിക്കുന്നതും, ദേവലോകത്തെ ഗായകർ എന്ന് പറയപ്പെടുന്നതുമായ “ഗന്ധർവ്വൻ ” എന്ന സാങ്കല്പികതയുടെ കൂടെ പ്രണയവും കൂട്ടി ചേർത്ത് പദ്മരാജൻന്റെ രചനയിലും സംവിധാനത്തിലും 1991ൽ പുറത്തിറങ്ങിയ സിനിമയാണ് “ഞാൻ ഗന്ധർവ്വൻ”

ഗന്ധർവൻ സിനിമ ഇറങ്ങിയപ്പോൾ തന്നെ അപശകുനങ്ങളുടെ ഘോഷയാത്രയായിരുന്നു. പത്മരാജനെ മരണം തേടിയെത്തി. നിർമാതാവ് മോഹനൻ അപകടത്തിൽപ്പെട്ടു. നടൻ നിതീഷ് ഭരദ്വാജിനും അത്ര സുഖകരമായ അനുഭവങ്ങളല്ല ഉണ്ടായത്. നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ അപകടത്തിൽപ്പെട്ട അതേസമയത്ത് തന്നെ പൂനെയിൽ വച്ച് നിതീഷ് ഭരദ്വാജിനും അപകടം ഉണ്ടായി.

പത്മരാജൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചിത്രമായിരുന്നു ഞാൻ ഗന്ധർവനെന്ന് സിനിമാലോകത്ത് നിന്ന് അഭിപ്രായം ഉയർന്നിരുന്നു. ഞാൻ ഗന്ധർവൻറെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ പ്രശ്നങ്ങൾ ഏറെ ഉണ്ടായി.എല്ലാ കാര്യങ്ങളും ശരിയാക്കി നായകനായി നിശ്ചയിച്ച നിതീഷിനെ കാണാൻ ബോബെയ്ക്ക് പോകുന്ന വഴി വണ്ടിയിൽ പരുന്തിടിച്ച് ആദ്യ യാത്ര മുടങ്ങിയിരുന്നു. പിന്നീട് നിർമ്മാതാവായെത്തിയ ആൾ പിൻമാറി അങ്ങനെ തുടക്കം മുതൽ നിരവധി പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. അതുപോലെ തന്നെ ഷൂട്ടിങ്ങിനിടയിൽ പല അഭിനേതാക്കൾക്കും ചെറുതും വലുതുമായ അപകടങ്ങളും സംഭവിച്ചിരുന്നു.

ഗന്ധർവന്റെ കഥ പറയുന്നത് അനിഷ്ടങ്ങളുണ്ടാക്കും എന്ന് പലകോണിൽ നിന്നും മുന്നറിയിപ്പ് കിട്ടിയിരുന്നു പത്മരാജന്. കഥാതന്തു കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ പല തവണ ചെയ്യാതെ മാറ്റിവെച്ച വിഷയമാണ് പിന്നീട് ഞാൻ ഗന്ധർവൻ എന്ന സിനിമയായി പത്മരാജൻ അവതരിപ്പിച്ചത്.

ചിത്രീകരണം തുടങ്ങിയ ശേഷം ചിത്രത്തിൽ അഭിനയിച്ച നായകനും നായികയ്ക്കും ഉണ്ടായ ചെറിയ അപകടങ്ങളും സംവിധായകനുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകളും മറ്റും ഗന്ധർവശാപം മൂലമാണെന്നുള്ള സംസാരം വരെയുണ്ടായി.

റീലീസായപ്പോൾ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ഇല്ലായിരുന്നു പക്ഷെ പിന്നീട് സിനിമയുടെ സമസ്തമേഖലകളും വാഴ്ത്തപ്പെട്ടു എന്ന് മാത്രമല്ല മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ഗന്ധർവ്വ-മനുഷ്യ പ്രണയം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നു. ഒറ്റചിത്രം കൊണ്ട് ഗന്ധർവ്വൻ ആയി അഭിനയിച്ച നിതിഷ് ഭരദ്വാജ് നായികയായി അഭിനയിച്ച സുപർണ ആനന്ദ് എന്നിവർ മലയാളികൾക്ക് പരിചിതരായി. കാലങ്ങൾ എത്ര കഴിഞ്ഞാലും പുതുമ നഷ്ടപെടാത്ത പ്രേമേയം ആയതുകൊണ്ടും, മേക്കിങ് ക്വാളിറ്റി കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും ഇന്നും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഞാൻ ഗന്ധർവ്വൻ.

ഈ ചിത്രത്തിലെ “പാലപൂവേ എന്ന ഗാനത്തിന് കെ എസ് ചിത്രക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്. ഗന്ധർവ്വൻ ഉണ്ടോ ഇല്ലെയോ എന്നുള്ളത് ഓരോരുത്തരുടെ യുക്തിക്ക് വിടുന്നു എന്തായാലും മലയാളികൾക്കു ഗന്ധർവ്വൻ എന്ന് കേട്ടാൽ ഓർമ്മവരുന്നത് പത്മരാജന്റെ ഗന്ധർവ്വനെ ആണ്.

ഗന്ധർവന്മാർ തങ്ങളുടെ രഹസ്യങ്ങൾ മനുഷ്യർക്ക് വെളിപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നില്ല എന്നാണ് പുരാണങ്ങൾ പറയുന്നത്. തങ്ങളുടെ ലോകത്തെ സ്‌ക്രീനിൽ ചിത്രീകരിക്കാൻ ശ്രമിച്ചത് ഈ സ്വർഗീയ ജീവികളെ കോപിപ്പിച്ചതായും അത് നിരവധി നിർഭാഗ്യങ്ങൾക്ക് കാരണമായതായും പലരും വിശ്വസിക്കുന്നു.യാദൃശ്ചികതയാണോ, അതോ മറ്റെന്തെങ്കിലുമാണോ? നമുക്ക് ഒരിക്കലും അറിയില്ലായിരിക്കാം.

അകാലമരണം വിരുന്നു വരുന്ന ഞവരക്കൽ തറവാട്ടിലേക്ക് അത്തവണ എത്തിയത് 46 പൂർത്തിയാവാത്ത പത്മരാജനെ തേടിയാണ്. അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടികൾ കണ്ട് കൊതിതീരാത്ത ആസ്വാദകനെ തീവ്രമായ് വേദനിപ്പിക്കുന്നതായിരുന്നു ആ വിയോഗം. ഒരു സിനിമയെച്ചൊല്ലി മാത്രമല്ല കഥകളും കെട്ടുകഥകളും. അതിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നത് പ്രേക്ഷകരുടെ ചിന്തകളിലേക്ക് വിടുന്നു. സിനിമയുടെ പേരും കഥകളുമൊക്കെ കോടമ്പാക്കം മുതൽ കൊച്ചിവരെ നീളുന്ന സിനിമാലോകത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അറംപറ്റിയ പേരുകളും കഥകളുമൊക്കെ നിരവധി. അതിന്റെ പിന്നാമ്പുറ കാഴ്ചകളിലേക്ക് നമുക്ക് അടുത്ത ഭാഗങ്ങളിൽ കാണാം.

വീഡിയോ കാണാം:

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *