- സഖാവ് കുഞ്ഞാലിയുടേയും നിലമ്പൂർ: ഭാഗം 3
അരുൺ ടി വിജയൻ
തിരുവിതാംകൂറുകാരനായ ഒരാളുടെ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാനാണ് കുഞ്ഞാലി ചുള്ളിയോട് എത്തിയതെന്ന് നേരത്തെ പറഞ്ഞല്ലോ? പത്ത് പതിനാറ് തൊഴിലാളികള്‍ മാത്രമുള്ള എസ്റ്റേറ്റില്‍ കുഞ്ഞാലിക്ക് വലവിരിക്കാനായി എസ്റ്റേറ്റ് മാനേജരുടെ ഒത്താശയോടെ കോണ്‍ഗ്രസ് സൃഷ്ടിച്ചെടുത്ത ഒരു സമരമായിരുന്നു അതെന്നാണ് കുഞ്ഞാലിയുടെ വിശ്വസ്ഥരായിരുന്നവര്‍ ഇന്നും വിശ്വസിക്കുന്നത്. അല്ലെങ്കില്‍ സിഐടിയു നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന ഒരു ചര്‍ച്ച എങ്ങനെ സാധ്യമായെന്നാണ് അവര്‍ ചോദിക്കുന്നത്. ഭൂരിഭാഗവും ഐഎന്‍ടിയുസിയുവില്‍ നിന്നുള്ള തൊഴിലാളികളായിരുന്നിട്ടും അവരുടെ നേതാവായ ആര്യാടന്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. തൊഴില്‍ പ്രശ്‌നത്തില്‍ ഏതെങ്കിലും ഒരു യൂണിയനെ മാത്രം വിളിച്ച് ചര്‍ച്ച നടത്താന്‍ മറ്റേ യൂണിയന്‍കാര്‍ അതും ഭൂരിഭാഗം വരുന്ന തൊഴിലാളികള്‍ അംഗങ്ങളായിട്ടുള്ള യൂണിയന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നതാണ് അവരുടെ ഈ സംശയത്തിന് കാരണം.
1968 ജൂലൈ മാസം 26: എസ്‌റ്റേറ്റിലെ തൊഴില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോയ കുഞ്ഞാലിക്കൊപ്പം അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. അവര്‍ ചര്‍ച്ച പൂര്‍ത്തിയാക്കി എസ്റ്റേറ്റില്‍ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍ അപ്പോളാണ് ചുള്ളിയോട് അങ്ങാടിയില്‍ കോണ്‍ഗ്രസുകാരും പാര്‍ട്ടിക്കാരും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി അറിഞ്ഞത്. അതോടെ അവര്‍ പാര്‍ട്ടി ഓഫീസിലെത്തി. എപ്പോഴും സംഘര്‍ഷ സാധ്യതകളുണ്ടായിരുന്നെങ്കിലും ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവുമാണ് അന്ന് ഇരു പാര്‍ട്ടികളുടെയും പാര്‍ട്ടി ഓഫീസുകള്‍ നിലനിന്നിരുന്നത്. കോണ്‍ഗ്രസ് ഓഫീസ് ഇപ്പോഴും പുതുക്കിയ കെട്ടിടത്തില്‍ അവിടെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞാലി കൊല്ലപ്പെട്ടതിന് ശേഷം സിപിഎം ഓഫീസ് അവിടെ നിന്നും മറ്റൊരു ഭാഗത്തേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ആ കെട്ടിടവും പുതുക്കിപ്പണിയാനായി പൊളിച്ചിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഓഫീസില്‍ ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ ആര്യാടന്റെ നേതൃത്വത്തില്‍ തടിച്ചുകൂടിയിരുന്നതായാണ് അന്ന് ഒപ്പമുണ്ടായിരുന്ന ഒരു സഖാവ് ലേഖകനോട് പറഞ്ഞത്. ഇതറിഞ്ഞ് പാര്‍ട്ടി അനുഭാവികള്‍ എതിര്‍വശത്തെ ഓഫീസിലും റോഡിലുമായി നിലയുറപ്പിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ നിന്നും പ്രകോപനമൊന്നുമുണ്ടാകാതിരുന്നതോടെ സംഘര്‍ഷ സാധ്യതകളെല്ലാം അവസാനിച്ചെന്ന് തോന്നി.
എന്നാല്‍ പ്രകോപിതരായ പാര്‍ട്ടിക്കാര്‍ അടിക്കാന്‍ വന്നതാണെങ്കില്‍ താഴേക്ക് ഇറങ്ങിവാടായെന്ന് റോഡില്‍ നിന്ന് ഉച്ചയുയര്‍ത്തി. ഇത് കേട്ട് താഴേക്ക് ഇറങ്ങിവന്ന കുഞ്ഞാലി അവരെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഇങ്ങോട്ട് വന്നാല്‍ അല്ലാതെ അങ്ങോട്ട് ഒന്നിനും പോകണ്ട, തല്ലാന്‍ വന്നവരാണെങ്കില്‍ അവര്‍ ഇറങ്ങി വരില്ലേയെന്നാണ് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞത്. കുറെനേരം കൂടി കാത്തുനിന്ന പ്രവര്‍ത്തകര്‍ രാത്രി പത്ത് മണിയോടെ പിരിഞ്ഞ് പോകാന്‍ തുടങ്ങി. ഒരു പത്തര പതിനൊന്ന് മണിയായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ പിരിഞ്ഞ് പോയി. തിരിച്ച് പോരാനായി ഞങ്ങള്‍ താഴേക്ക് വന്നപ്പോള്‍ കുറച്ചപ്പുറത്ത് ഒരു വെളിച്ചം കണ്ട് ഒരു മക്കാനി(ചായക്കട)യാണെന്ന് ആരോ പറഞ്ഞു. എന്നാല്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ട് പോകാമെന്നായി കുഞ്ഞാലി. ‘എന്നോട് ഇയ് വന്റോന്ന് ചോയ്ച്ച്, അനക്ക് വാണ്ടാന്ന് ഞാമ്പറയുകേം ചെയ്ത്’. അവര് നാല് പേരാണ് പോയത്. ഞാന്‍ ജീപ്പിന്റെ അടുത്ത് തന്നെ നില്‍ക്കുകയായിരുന്നു- അദ്ദേഹം വ്യക്തമാക്കി. അപ്പോഴൊക്കെയും ആര്യാടനും പത്തിരുപത് ആളുകളും മുന്‍വശത്തെ കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ഇരുട്ടത്ത് ആളെ തിരിച്ചറിയാനാകില്ലെങ്കിലും അവര്‍ പോയ ഭാഗത്തുനിന്നും നാല് പേര്‍ വരുന്നത് കാണാമായിരുന്നു. കോണ്‍ഗ്രസ് ഓഫീസിന്റെ മുകളില്‍ ആ സമയത്ത് ഒരു ടോര്‍ച്ച് തെളിഞ്ഞു. ആ വെളിച്ചം ഇവരിലേക്കാണ് എത്തിയത്. ആ ടോര്‍ച്ച് തെളിച്ചത് ആര്യാടനാണെന്നും താഴെ തോക്കുമായി നില്‍ക്കുന്നയാള്‍ക്ക് കുഞ്ഞാലിയെ കൃത്യമായി കാണിച്ചുകൊടുക്കാനാണ് ഈ ടോര്‍ച്ച് അടിച്ചതെന്നുമാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ഇപ്പോഴും ആരോപിക്കുന്നത്. ടോര്‍ച്ചിന്റെ വെളിച്ചം റോഡിലേക്ക് നീണ്ടതിന്റെ തൊട്ടുപിന്നാലെ ഒരു ഒച്ച കേള്‍ക്കുകയും ചെയ്തു. ‘വെട്യല്ലേതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ വെടിയന്നെയാണെന്ന് കൂട്ടത്തിലുണ്ടായിരുന്ന ആള്‍ പറഞ്ഞു. അപ്പോഴാണ് ഇരുട്ടത്ത് ഒരാള്‍ നെഞ്ചില്‍ കൈ വച്ചുകൊണ്ട് നിലത്തേക്ക് ഇരിക്കുന്നത് കണ്ടത്. ആരാ അതെന്ന് ചോദിച്ചപ്പോള്‍ അവര്‍ സഖാവാണെന്ന് വിളിച്ചു പറഞ്ഞു. അന്ന് കോണ്‍ഗ്രസ് ഓഫീസിന് താഴെ ഒരു ഹോട്ടലാണ് ഉള്ളത്. പാര്‍ട്ടി ഓഫീസില്‍ നിന്നും ആരെങ്കിലും ഇറങ്ങി വരുമെന്ന് കരുതി തിരിച്ച് ആക്രമിക്കാനായി ഞാന്‍ ഹോട്ടലിന്റെ അടുത്ത് പോയി നിന്നു. എന്നാല്‍ ആരും ഇറങ്ങിവന്നില്ല. തിരിച്ച് ഞാന്‍ വന്നപ്പോഴേക്കും എല്ലാവരും ഓടിയിരുന്നു. ചെട്ടിയങ്ങാടിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അഹമ്മദ് കുട്ടിയെന്ന സഖാവാണ് ആദ്യം വന്നത്. രണ്ട് പേര്‍ പിന്നാലെ വന്നു. ഞങ്ങള്‍ മൂന്ന് നാല് ആളുകള്‍ ചേര്‍ന്നാണ് കുഞ്ഞാലിയെ ആശുപത്രിയിലെത്തിച്ചത്.’
ചുള്ളിയോട്ട് നിന്നും കുഞ്ഞാലിയെ ആദ്യമെത്തിച്ചത് നിലമ്പൂരുള്ള ഒരു ആശുപത്രിയിലേക്കാണ്. അവിടെ അടിയന്തര ചികിത്സ നല്‍കിയ ശേഷം മഞ്ചേരിയിലെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മഞ്ചേരി ആശുപത്രിയില്‍ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് അര മണിക്കൂറോളം ഡോക്ടര്‍മാര്‍ കുഞ്ഞാലിയോട് പലതും ചോദിച്ച് മനസിലാക്കുകയും എഴുതിയെടുക്കുകയും ചെയ്തതായും അദ്ദേഹം പറയുന്നു. സ്വന്തം ഒപ്പ് ഇടാന്‍ കഴിയുമോയെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞാലി കൈകൊണ്ട് കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് അല്ലങ്കില്‍ വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. അതിന് ശേഷമാണ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയത്.
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ വച്ച് കുഞ്ഞാലിക്ക് ബോധം നഷ്ടപ്പെട്ടു. എന്നാല്‍ പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് പൂര്‍ണമായും ബോധം തിരികെ ലഭിക്കുകയും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഒരുപാട് സമയം നീണ്ട ഒരു ഓപ്പറേഷനാണ് ആദ്യം കുഞ്ഞാലിക്ക് നടത്തിയത്. പിന്നീട് അതില്‍ ഒരു ബുള്ളറ്റ് ശരീരത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും ഒരെണ്ണം കുഞ്ഞാലി എണീറ്റ് നടക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ എടുത്തു കളഞ്ഞാല്‍ മതിയെന്നുമാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. നാല് മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അന്ന് മെഡിക്കല്‍ കോളേജിലുണ്ടായിരുന്ന ഡോക്ടര്‍ സുകുമാരനായിരുന്നു കുഞ്ഞാലിയെ നോക്കിയിരുന്നത്. ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുഞ്ഞാലിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഇപ്പോള്‍ നിങ്ങളുടെ കുഞ്ഞാലി രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇനി കുഞ്ഞാലിക്കെന്തെങ്കിലും സംഭവിച്ചാല്‍ അത് നിങ്ങള്‍ കാരണമായിരിക്കുമെന്നും അന്ന് ഡോക്ടര്‍ പറഞ്ഞത്. ആ അവസ്ഥയിലും നാട്ടിലെ അവസ്ഥകളാണ് കുഞ്ഞാലിക്ക് അറിയേണ്ടിയിരുന്നത്. കുഞ്ഞാലിക്കൊപ്പം പോന്നിരുന്നതിനാല്‍ തനിക്കും അതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്നും എന്നാല്‍ കുഞ്ഞാലി സംസാരിക്കുന്നത് ഒഴിവാക്കാന്‍ താനും പുറത്തേക്ക് ഇറങ്ങിപ്പോരികയായിരുന്നെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത സഖാവ് വ്യക്തമാക്കുന്നു.
കുഞ്ഞാലിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പായതോടെയാണ് ആറ് മണിയോടെ താനും റൂബി എസ്റ്റേറ്റ് മാനേജരായിരുന്ന അപ്പു സാഹിബും തിരികെ പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് തങ്ങള്‍ അറിഞ്ഞത് ഇഎംഎസ് മന്ത്രിസഭയിലെ ഒരു എംഎല്‍എ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് രാവിലെ ഏഴ് മണിക്ക് നിര്യാതനായി എന്ന റേഡിയോ വാര്‍ത്തയാണ്. ഒരു കുഴപ്പവുമില്ല, ഒരു ഓപ്പറേഷന്‍ കൂടി വേണമെന്ന് പറഞ്ഞ, ആറ് മണി സംസാരിച്ചിരുന്ന കുഞ്ഞാലി പിന്നീട് മിണ്ടിയിട്ടില്ല. അപ്പോള്‍ അയാളുടെ മരണത്തില്‍ എന്തോ പന്തികേടുണ്ട്. താനന്ന് ഇക്കാര്യം അന്നത്തെ പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും അതിന് വലിയ താല്‍പര്യമൊന്നും കണ്ടില്ല.
കുഞ്ഞാലിയുടെ കൊലപാതകത്തിന് ശേഷം ചുള്ളിയോട്ടിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥയാണ് നിലനിന്നിരുന്നത്. സംഭവം നടന്നയുടന്‍ കെട്ടിടത്തിന്റെ താഴെ നിന്നും കുഞ്ഞാലിക്ക് നേരെ വെടിയുതിര്‍ത്ത ഗോപാലന്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തോക്ക് ഉപേക്ഷിച്ചാണ് അയാള്‍ രക്ഷപ്പെട്ടത്. നായാടാന്‍ ഉപയോഗിക്കുന്ന ഒറ്റക്കുഴലുള്ള തോക്കില്‍ ബ്രിട്ടന്‍ തിരയാണ് ഉപയോഗിച്ചിരുന്നത്. കുഞ്ഞാലി ഇതോടെ തീരണം എന്ന് തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് വെടിയുതിര്‍ത്തതെന്ന് അതോടെ നിലമ്പൂരിലെ സഖാക്കന്മാര്‍ക്കെല്ലാം വ്യക്തമായി. അതേസമയം കെട്ടിടത്തിന്റെ മുകളില്‍ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെ ഇരുപത്തിനാല് കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഉണ്ടായിരുന്നത്. കുഞ്ഞാലിയ്ക്ക് വെടിയേറ്റതറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാതിരാത്രി തന്നെ പ്രദേശത്തേക്ക് എത്തിയതോടെ ഇവര്‍ക്ക് പുറത്തിറങ്ങാനാകാതെ വന്നു. അതേസമയം തൊട്ടടുത്ത് തന്നെ ഒരു റേഷന്‍കടയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മണ്ണെണ്ണ ബാരല്‍ ഉപയോഗിച്ച് കെട്ടിടത്തിന് തീയിടുമെന്ന ഭീതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നുവെന്ന് കേസില്‍ ആര്യാടനൊപ്പം അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് നീലാമ്പ്ര കുഞ്ഞാക്കയുടെ മകനും മുന്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റുമായ എന്‍എം ബഷീര്‍ ലേഖകനോട് പറഞ്ഞ് ഇങ്ങനെയായിരുന്നു.
ചുള്ളിയോട് സ്വദേശിയായ ആലുങ്കല്‍ ആലിക്കുട്ടി ആ ദിവസങ്ങളിലെ ചുള്ളിയോടിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. വൈകുന്നേരം മുതല്‍ ചുള്ളിയോട് അങ്ങാടിയില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന് അറിയുകയും ചെയ്തിരുന്നു. അന്ന് എന്റെ ഭാര്യ ഏഴ് മാസം ഗര്‍ഭിണിയായിരിക്കുന്ന കാലമാണ്. മൂത്തത് വളരെ ചെറിയ കുട്ടിയും. അതിനാല്‍ തന്നെ പണി കഴിഞ്ഞാല്‍ വേറെ എവിടെയും പോകാതെ വീട്ടിലെത്തുന്ന ദിവസങ്ങളായിരുന്നു അത്. നേരം പുലര്‍ന്നപ്പോഴാണ് ഞാന്‍ ഈ വാര്‍ത്തയറിഞ്ഞത്. ചുള്ളിയോടില്‍ പാര്‍ട്ടിക്ക് അത്ര ശക്തമായ അടിത്തറയുള്ള കാലമൊന്നുമായിരുന്നില്ല അത്. കൂടുതലും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. അതിനാല്‍ തന്നെ തിരിച്ച് ഒരു ആക്രമണത്തിനുള്ള ആള്‍ബലവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ആളുകള്‍ കൂടിയതിനാല്‍ രാത്രി ആര്യാടനും കൂട്ടര്‍ക്കും പുറത്തിറങ്ങാന്‍ ആയില്ല. എന്നാല്‍ പിറ്റേദിവസം രാവിലെ തന്നെ ആര്യാടനെയും മറ്റ് ഇരുപത്തിമൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗോപാലന്‍ രക്ഷപ്പെട്ടിരുന്നതിനാല്‍ അയാളെ മാത്രം സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യാനായില്ല. കുത്തേറ്റ് മരിക്കുന്നത് വരെ അയാള്‍ ഒളിവിലായിരുന്നു.
അന്ന് നിലമ്പൂര്‍ സര്‍ക്കിള്‍ ഇല്ല, വണ്ടൂര്‍ സര്‍ക്കിള്‍ ആണ് ഉള്ളത്. ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇങ്ങനെയൊരു സംഭവം നടക്കുമായിരുന്നെന്ന് അറിയാമായിരുന്നെന്നാണ് കുഞ്ഞാലിയുടെ സന്തതസഹചാരിയായിരുന്ന സഖാവ് രാജന്‍ പറയുന്നത്. അന്ന് പാര്‍ട്ടിക്കാര്‍ മനസ്സ് വച്ചിരുന്നെങ്കില്‍ ഈ ആര്യാടന്‍ ഉള്‍പ്പെടെയുള്ളവരെ ചുട്ടേനെ. എന്നാല്‍ മരണം സ്ഥിരീകരിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഗോപാലന്‍ ഒഴികെയുള്ള 24 പ്രതികളെയും കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുവിധത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. അവരെ സുരക്ഷിതമായി മാറ്റാന്‍ അത് മാത്രമായിരുന്നു വഴിയെന്നും രാജന്‍ പറയുന്നു. ഇല്ലങ്കില്‍ കോണ്‍ഗ്രസ് ഓഫീസിന് തീവച്ച് നാട്ടുകാര്‍ എല്ലാത്തിനെയും ചുട്ടുകൊന്നേനെ. അതിനുള്ള നീക്കം നടന്നപ്പോഴേക്കും സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി അവരെ കൊണ്ടുപോയി. മജിസ്‌ട്രേറ്റിന് മുില്‍ ഹാജരാക്കിയ അവരെ കോടതി കോഴിക്കോട് സബ് ജയിലിലേയ്ക്കാണ് അയയ്ക്കുകയും ചെയ്തു. കുഞ്ഞാലിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ വന്‍ജനാവലിയാണ് നിലമ്പൂരില്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ഒക്കെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ‘കുഞ്ഞാലി അസുഖം വന്ന് മരിച്ചതല്ല, അപകടത്തില്‍ മരിച്ചതുമല്ല, കുഞ്ഞാലിയുടെ കൊലയാളികളെ ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി വെറുതെ വിടില്ല’ എന്നാണ് അന്ന് ഇഎംഎസ് നിലമ്പൂരില്‍ പ്രസംഗിച്ചത്. ഇതേ ഇഎംഎസ് നിലമ്പൂരില്‍ ഇത് തിരുത്തിപ്പറയുകയും ചെയ്തു.
‘മണ്ണില്ലാത്തവര്‍ക്കൊരു പിടി മണ്ണും
പാവങ്ങള്‍ക്കൊരു ചെറ്റ കുടിലും
നേടിയെടുക്കാന്‍ സമരം ചെയ്തു
അങ്കം വെട്ടി നിലമ്പൂര്‍ കാട്ടില്‍
രക്തം ചിന്തിയ കുഞ്ഞാലി
ജീവന്‍ നല്‍കിയ കുഞ്ഞാലി
നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം
ഞങ്ങളീ മണ്ണില്‍ ശാശ്വതമാക്കും’ എന്ന മുദ്രാവാക്യം നിലമ്പൂരിലെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച ദിവസങ്ങളായിരുന്നു പിന്നീട്.
ആര്യാടന്റെ ഇപ്പോഴത്തെ ആരോപണത്തോട് പഴയകാല സഖാക്കന്മാര്‍ പുച്ഛത്തോടെയാണ് ലേഖകനോട് സംസാരിച്ചത്. കുഞ്ഞാലിക്ക് വെടിയേറ്റതായി അറിഞ്ഞ് ആദ്യമായി മെഡിക്കല്‍ കോളേജില്‍ എത്തുന്നത് കുഞ്ഞാലിയുടെ അടുത്ത സുഹൃത്തും റൂബി എസ്റ്റേറ്റ് മാനേജരുമായിരുന്ന അപ്പു സാഹിബ് ആണ്. ഓപ്പറേഷന് ശേഷം അപ്പു സാഹിബിനോടും തനിക്കൊപ്പം വന്നവരോടുമെല്ലാം കുഞ്ഞാലി സംസാരിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ മുറിയുടെ വാതില്‍ അടയ്ക്കുകയായിരുന്നു. അല്ലാതെ ആര്യാടനും അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാരും പറയുന്നത് പോലെ ആശുപത്രിയിലെത്തുമ്പോള്‍ കുഞ്ഞാലിക്ക് ബോധമില്ലായിരുന്നുവെന്നത് നൂറ് ശതമാനം പച്ചക്കള്ളവും പറയാന്‍ പാടില്ലാത്ത കളവുമാണെന്ന് അന്ന് കുഞ്ഞാലിയെ ആശുപത്രിയിലെത്തിച്ച സഖാക്കന്മാരില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ ഈ ആര്യാടനെന്താണ് ഈ പറഞ്ഞ് പരത്തുന്നത്? കുഞ്ഞാലിയുടെ നേതൃത്വത്തില്‍ വലിയൊരു ആള്‍ക്കൂട്ടം പാര്‍ട്ടി ഓഫീസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ വെടിവച്ചുവെന്നോ? കളവ് പറയുന്നതിനൊക്കെ ഒരു നേര് വേണ്ടേ? അതും ഒരു ചരിത്രം എഴുതാന്‍ ശ്രമിക്കുന്നയാള്‍ ഇതുപോലെ കളവ് പറയാന്‍ പാടുണ്ടോ? കുഞ്ഞാലിക്ക് വെടിയേല്‍ക്കുമ്പോള്‍ ആ അങ്ങാടിയിലെങ്ങും ആരുമുണ്ടായിരുന്നില്ല.
ഗോപാലനെ കുത്തിയത് കുത്തിയത് ഇമ്പിച്ചി ബാവയും കെ പി മാധവന്‍ നായരുമാണെന്ന് അയാള്‍ ആര്യാടനോട് പറഞ്ഞുവെന്നാണല്ലോ ഇപ്പോള്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ കിടന്നുറങ്ങിയ ഗോപാലനെ രാവിലെ എഴുന്നേറ്റ് പോകാനൊരുങ്ങുമ്പോള്‍ നീയല്ലേടാ കുഞ്ഞാലിയെ കൊന്നത് എന്ന് ചോദിച്ച് കുത്തിയെന്നാണ് ആര്യാടന്‍ പറയുന്നത്. അതും നൂറ് ശതമാനം കളവാണ്. ഗോപാലന് കുത്തേറ്റത് രാത്രിയാണെന്നാണ് ഞങ്ങള്‍ അറിഞ്ഞിട്ടുള്ളത്. കുത്തേറ്റ് കിടന്ന ഗോപാലനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അയാള്‍ക്ക് ബോധമുണ്ടായിരുന്നില്ലെന്നാണ് അന്ന് പൊതുവായി ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംസാരം. ആരാണ് കുത്തിയതെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ഗോപാലന് ബോധമുണ്ടായിരുന്നിട്ടില്ല. എന്നാല്‍ ചിലര്‍ അന്ന് പ്രചരിപ്പിച്ചിരുന്നത് ‘ഇപ്പോള്‍ ഞാനൊന്നും പറയില്ല. ഞാന്‍ തിരിച്ചുവരട്ടെ എന്നിട്ട് അവന്മാരെ കാണിച്ചു കൊടുക്കാം’ എന്നൊക്കെ ആശുപത്രി കിടക്കയില്‍ കിടന്നും ഗോപാലന്‍ വെല്ലുവിളിച്ചിരുന്നതായാണ്. മൂന്നാമത്തെ ദിവസം ആശുപത്രിയില്‍ വച്ച് ഗോപാലന്‍ മരിക്കുകയും ചെയ്തു.
അതുപോലെ ഗോപാലന്‍ എങ്ങനെ തോക്കുമായി അവിടെയെത്തിയെന്നതും ഇവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് ഓഫീസിന് കീഴില്‍ ഒരാള്‍ തോക്കുമായി നില്‍ക്കുന്നത് ഇവര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് സംശയാസ്പദമാണ്. കൂടാതെ ഗോപാലനെക്കൊണ്ട് ഒറ്റയ്ക്ക് ഒരു തോക്കുമായി അവിടെയെത്താനാകില്ലെന്നും പഴയ സഖാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. ഗോപാലന്‍ ആദ്യം വെടിവയ്ക്കാന്‍ കൊണ്ടുവന്ന തോക്ക് പൊട്ടിയില്ല. പിന്നീട് നീലാമ്പ്ര കുഞ്ഞാക്ക മറ്റൊരു തോക്ക് ഗോപാലന് സംഘടിപ്പിച്ച് കൊടുക്കുകയായിരുന്നെന്നാണ് പിന്നീട് ഞങ്ങള്‍ അറിഞ്ഞത്. അന്നും ഇന്നും തോക്ക് കൈവശമുള്ള ആളുകളാണ് നീലാമ്പ്ര കുഞ്ഞാക്കയുടെ കുടുംബക്കാര്‍.
പഴയകാല സഖാക്കന്മാരുടെ ഈ ആരോപണങ്ങള്‍ ഇപ്പോഴത്തെ സിപിഎം നേതൃത്വവും ശരിവയ്ക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ഈ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി ആര്യാടനെയും മറ്റ് പ്രതികളെയും വെറുതെ വിട്ടത്. കൂടാതെ ഭരണപാര്‍ട്ടിയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവരോട് അന്നത്തെ സമൂഹത്തിന് ഒരു കുറ്റവാളിയോടുള്ള സമീപനമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ കോടതി ആര്യാടനോട് അനുഭാവം കാണിക്കുകയും ചെയ്തതായി സിപിഎം മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി പി ടി ഉമ്മര്‍ ചൂണ്ടിക്കാട്ടി. അതുപോലെ ഗോപാലന്‍ തോക്കുമായി അവിടെ എങ്ങനെയെത്തിയെന്നതും ആരാണ് ഗോപാലനെ തോക്ക് ഏല്‍പ്പിച്ചതെന്നതിലുമാണ് സിപിഎം ഏരിയ കമ്മിറ്റി അംഗം ശിവാത്മജന്‍ സംശയം പ്രകടിപ്പിക്കുന്നത്. തോട്ടില്‍ നിന്നും കുളിച്ചുവരുന്ന ഒരു സ്ത്രീയുടെ പായക്കെട്ടിനുള്ളില്‍ ( തഴപ്പായ അഥവ കൈതോല പായ) ഒളിപ്പിച്ചാണ് തോക്ക് എത്തിച്ചത്. ആ തോക്ക് ഒരു ഗോപാലന്‍ മാത്രം വിചാരിച്ചാല്‍ അവിടെ തോക്ക് എത്തില്ല. കോണ്‍ഗ്രസ് ഓഫീസിലേക്ക് ഈ പായക്കെട്ടിലാണ് തോക്ക് എത്തിച്ചത്.
അതേസമയം ചില കാര്യങ്ങളിലൊക്കെ യോജിപ്പുണ്ടെങ്കിലും സിപിഎം പിന്നീട് കുഞ്ഞാലിയോട് നീതി പുലര്‍ത്തിയില്ലെന്നാണ് പഴയകാല സഖാക്കന്മാരുടെ ആരോപണം. അതേക്കുറിച്ച് പിന്നീട് പറയാം. അതിന് മുമ്പ് ആരാണ് കുഞ്ഞാലിയെ വെടിവച്ച ഗോപാലനെന്നും എന്താണ് അയാള്‍ക്കും കുഞ്ഞാലിക്കും ഇടയിലുള്ള പ്രശ്‌നം എന്നും അറിഞ്ഞാല്‍ മാത്രമേ ആര്യാടന്‍ എങ്ങനെ ഈ കേസില്‍ ഒന്നാം പ്രതിയായി വരുന്നൂ എന്ന് വ്യക്തമാകുകയുള്ളൂ. അതേക്കുറിച്ചാകാം അടുത്ത ഭാഗം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.