ജഗ്ദീപ് ധൻകറിൻ്റെ രാജിയെ തുടർന്ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിർണായക നീക്കങ്ങളുമായി ഭരണ-പ്രതിപക്ഷ മുന്നണികൾ. കോൺഗ്രസിൻ്റെ നേനേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി സ്ഥാനാർത്ഥിയെ നിർത്തും എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് മത്സരിക്കുമോ, മറ്റേതെങ്കിലും കക്ഷിയെ രംഗത്ത് ഇറക്കുമോ, അതോ പൊതുസമ്മതനെ നിർത്തുമോ എന്നതിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി ജൂലൈ 21നാണ് ധൻകർ പദവി രാജിവെച്ചത്. അദ്ദേഹത്തിൻ്റെ രാജിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും സ്ഥാനാർത്ഥി ചർച്ചകളുമായി നീങ്ങുകയാണ്. ഭരണഘടന പദവിയായതിനാൽ പാർട്ടി സ്ഥാനാർത്ഥി തന്നെ മൽസരിക്കണമെന്നാണ് ബിജെപി മുതിർന്ന നേതാക്കളുടെ നിലപാട്.കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ജെപി. നദ്ദ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെഡിയു നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ ഹരിവംശ് നാരായൺ സിങ് അടക്കമുള്ള പേരുകൾ പരിഗണനയിലുണ്ട്.
വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ആഗസ്റ്റിൽ ഇന്ത്യയുടെ 16-ാമത് ഉപരാഷ്ട്രപതിയായാണ് രാജിവച്ച ജഗ്ദീപ് ധൻകർ സ്ഥാനമേറ്റത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിനാണ് നടക്കുക. നിലവിലെ കക്ഷിനില പ്രകാരം എൻഡിഎക്ക് ലോക്സഭയിൽ 293ഉം രാജ്യസഭയിൽ 133ഉം എം.പിമാരുടെ പിന്തുണയുണ്ട്. മറുഭാഗത്ത് ഇൻഡ്യ സഖ്യത്തിന് യഥാക്രമം 234ഉം 78ഉം എം.പിമാരുടെ പിന്തുണയാണുള്ളത്. മറ്റുള്ളവർ ഇരുസഭകളിലുമായി ആകെ 44 പേരാണുള്ളത്. അതിനാൽ തിരഞ്ഞെടുപ്പ് നടന്നാൽ സ്വന്തം നിലക്കുതന്നെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ എൻഡിഎക്ക് കഴിയും.
ലോക്സഭയിലെയും രാജ്യസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്. രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.