ഇരുപത്തിനാലാം വയസ്സിൽ താരപദവിയുടെ ഉച്ചസ്ഥായിൽ നിൽക്കെ ക്രൂരമായ ബലാത്‌സംഗത്തിനിരയായി കൊല ചെയ്യപ്പെടുകയായിരുന്നു റാണി പത്മിനി. ഇന്നും ദുരൂഹതകൾ ബാക്കി അവശേഷിപ്പിക്കുന്ന മരണം
1986 ഒക്ടോബർ 20 ചെന്നൈ നഗരത്തിന്റെ പകലിനെ ഞെട്ടലിലേക്കും ഭീതിയിലേക്കും തള്ളിയിട്ടായിരുന്നു അന്ന് ആ വാർത്ത എത്തിയത്. വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവിൽ റാണി പത്മിനിയുടെയും അമ്മ ഇന്ദിര കുമാരിയുടെയും അഴുകി ജീർണിച്ച മൃതശരീരങ്ങൾ കണ്ടെത്തി!
തിരുവനന്തപുരം സ്വദേശിയായിരുന്നു റാണിയുടെ അമ്മ ഇന്ദിരാദേവി. സിനിമാ പ്രേമിയായിരുന്ന അവർ സിനിമാ മോഹങ്ങളുമായി മദ്രാസിന് വണ്ടി കയറി. അവിടെ ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടയിൽ ചൗധരി എന്നയാളുമായി അടുത്തു. അങ്ങനെയാണ് റാണി പത്മിനി ജനിക്കുന്നത്.
റാണി ജനിച്ചതും വളർന്നതുമെല്ലാം മദ്രാസിലായിരുന്നു. നടി എന്ന നിലയിൽ സിനിമയിൽ കയറി പറ്റാൻ ഇന്ദിര ശ്രമിച്ചിട്ടും ലക്ഷ്യം കണ്ടില്ല. തനിക്ക് നേടാൻ കഴിയാത്തത് മകളിലുടെ സാധിക്കണമെന്ന വാശിയായി ഇന്ദിരാ ദേവിക്ക്. കൗമാരക്കാരിയും അതിസുന്ദരിയുമായ റാണി പത്മിനിയെയും കൂട്ടി അവർ മുംബൈയ്ക്ക് വണ്ടി കയറി. ബോളിവുഡിൽ നായികയാകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിചാരിച്ച പോലെ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. പിന്നീട് മലയാളത്തിൽ അവസരങ്ങൾ തേടി
മോഹൻ സംവിധാനം ചെയ്ത കഥയറിയാതെ ആയിരുന്നു റാണിയുടെ ആദ്യചിത്രം. പിന്നീട് പി.ജി.വിശ്വംഭരന്റെ സംഘർഷം തുടങ്ങി ഒരുപിടി ചിത്രങ്ങൾ. തമിഴ്, തെലുങ്ക് പടങ്ങളിലും റാണിക്ക് നല്ല വേഷങ്ങൾ ലഭിച്ചു. 1981 മുതൽ 86 വരെയുളള അഞ്ച് വർഷങ്ങൾക്കിടയിൽ പ്രശസ്തമായ 61 സിനിമകളിൽ അഭിനയിച്ച നടിയാണ് റാണി പത്മിനി. തുഷാരം, കുയിലിനെ തേടി, സംഘർഷം തുടങ്ങിയ സിനിമകളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. കുറച്ചു കാലം കൊണ്ടുതന്നെ സിനിമ അവരെ സമ്പന്നയാക്കി
അങ്ങനെ അവർ 18 അവന്യുവിൽ ഒരു ആഢംബര ബംഗ്ലാവ് വാടകയ്ക്ക് എടുത്ത് താമസം അവിടേക്ക് മാറ്റി. അതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമ്മയോടൊപ്പ താമസം തുടങ്ങിയ താരം പുതിയ വാച്ചർ, കുക്ക്, ഡ്രൈവർ എന്നിവരെ നിയമിക്കാൻ തീരുമാനിക്കുന്നു. പത്ര പരസ്യം കണ്ടു ആദ്യം ജോലി തേടി എത്തിയതു ഡ്രൈവറായ ജെബരാജ്. ജെബരാജ് ജോലിയിൽ പ്രവേശിച്ച് ഒരു മാസം പിന്നിട്ടപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും വന്നു. മോഷണക്കേസിലുൾപ്പടെ ശിക്ഷ അനുഭവിച്ചയാളാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും റാണിയും അമ്മയും അറിഞ്ഞിരുന്നില്ല. പിന്നാലെ ഗണേശൻ എന്ന കുക്കും ബംഗ്ലാവിൽ ജോലിക്കെത്തി. വൈകാതെ ഗണേശനും മറ്റു രണ്ടാളുകളുമായി അടുത്തു.
പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വിലക്ക് വാങ്ങാൻ റാണി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിനായി പ്രസാദ് എന്ന ഏജന്റുമായി അവർ ചർച്ചകൾ തുടങ്ങി. വില പണമായി തന്നെ നൽകാമെന്നായിരുന്നു റാണിയുടെ ഓഫർ. ഈ വിവരം ജെബരാജ് അറിഞ്ഞു. അതോടെ റാണിയുടെ വീട്ടിൽ കുറെയേറെ പണവും സ്വർണവും ഉണ്ടായിരിക്കുമെന്നും അയാൾ കരുതി. അങ്ങനെ കുക്കിനെയും വാച്ചറെയും ഒപ്പം ചേർത്ത അയാൾ പദ്ധതി തയാറാക്കി. അങ്ങനെ 1986 ഒക്ടോബർ 15നു രാത്രി ജെബരാജ് റാണിയുടെ ബംഗ്ലാവിനുള്ളിൽ കയറി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നതു പതിവാണെന്നറിയാമായിരുന്ന സംഘം, നന്നായി മദ്യപിച്ച റാണി അടുക്കളയിലേക്കു പോയതും അമ്മ ഇന്ദിരയെ കുത്തി. അമ്മയുടെ നിലവിളി കേട്ടു ഓടിയെത്തിയ റാണിക്കും കുത്തേറ്റു. മുകളിലെ നിലയിലേക്കു ഓടി രക്ഷപ്പെടാൻ ശ്രമിച്ച റാണിയെയും അക്രമികൾ പിടികൂടി. ക്രൂരമായ ബലാൽസംഗത്തിനു ഇരയാക്കി. ശേഷം റാണിയെയും കുത്തിക്കൊലപ്പെടുത്തി. തുടർന്നു, 15 ലക്ഷത്തോളം വില മതിക്കുന്ന ആഭരണങ്ങളും, 10000 രൂപയും കവർന്നു രക്ഷപ്പെട്ടു. ആ രാത്രിയും 5 ദിവസങ്ങളും കടന്ന്‌പോയി ഒടുവിൽ ആ ദിവസം എത്തി.
1986 ഒക്ടോബർ 20 ബ്ലംഗ്ലാവ് വാങ്ങുന്നതിനായുള്ള ചർച്ചകൾക്ക് റാണിയെ കാണാൻ ബ്രോക്കർ പ്രസാദ് ബംഗ്ലാവിൽ എത്തി. തുടർച്ചയായി കോളിങ് ബെൽ അമർത്തിയിട്ടും ആരും വാതിൽ തുറന്നില്ല. അപ്പോഴാണ് വീടിനുള്ളിൽ നിന്നു കടുത്ത ദുർഗന്ധം പുറത്തേക്കു വമിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടത്. അയാൾ വീടിനു ചുറ്റും നടന്നു നോക്കി. പിൻ വശത്തെ വാതിലിന്റെ കതകു ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. പ്രസാദ് ആ വാതിൽ കടന്നു അകത്തു കയറി. അതോടെ ദുർഗന്ധം രൂക്ഷമായി. ഒടുവിൽ പ്രസാദ് എത്തിയത് ഒരു കുളിമുറിയുടെ മുന്നിലായിരുന്നു. കുളിമുറിയുടെ തറയിൽ ചീഞ്ഞളിഞ്ഞ 2 ശവശരീരങ്ങൾ. വിവരം അറിഞ്ഞ ഉടൻ പൊലീസ് എത്തി.
എന്നാൽ മൃതദേഹങ്ങൾ അവിടെ നിന്നു എടുത് മാറ്റാനാകാത്തത്ര ജീർണിച്ചിരുന്നു. ഒന്നനക്കിയാൽ പോലും അടർന്നു പോയേക്കാവുന്നത്ര ജീർണം. അതുകൊണ്ടു പോസ്റ്റുമാർട്ടം ആ കുളിമുറിയുടെ തറയിലായിരുന്നു. അതിനു ശേഷം കവറിനുള്ളിലാക്കിയ രണ്ടു ശരീരങ്ങളും ഒരു കാറിന്റെ ഡിക്കിയിൽ വച്ചാണത്രേ മോർച്ചറിയിലേക്കു മാറ്റിയത്. ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും എത്താത്തതിനാൽ, മോർച്ചറിയിൽ നിന്നു ചലച്ചിത്ര പരിഷത്താണു മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. അങ്ങനെ ദുരന്തപര്യവസായിയായ ഒരു സിനിമ പോലെയായി റാണി പത്മിനിയുടെ ജീവിതം..
സംഭവത്തിനു ശേഷം അധികം വൈകാതെ ജെബരാജും സംഘവും അറസ്റ്റിലായി. പ്രതികൾ കുറ്റം സമ്മതിച്ചു. എന്നാൽ സിനിമയിലെ ചിലരാണു ഈ കൊലപാതകത്തിനു പിന്നിലെന്നും ഇവർക്കായി ജെബരാജ് കുറ്റം ഏൽക്കുകയായിരുന്നുവെന്നും കഥ പരന്നു. എന്നാൽ അതിനൊന്നും തെളിവുകളുടെ ബലമില്ലായിരുന്നു. കുറേയധികം അപസർപ്പക കഥകൾ അതിവേഗം പടർന്നു.
വിടരും മുൻപേ പിച്ചിയെറിയപ്പെട്ട ഒരു പനിനീർ പൂവ് പോലായിപ്പോയ റാണി പത്മിനിയുടെ ജീവിതം മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ ദുരന്തം തന്നെയാണ് റാണിയുടെ ജീവിതം. സമാനമെന്ന് ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം പോലും പിന്നീട് ഇതുവരെ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല.
വീഡിയോ കാണാം:



കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.