വെളിവാകുന്നത് എട്ടുകാലി മമ്മൂഞ്ഞിൻ്റെ അടുത്ത അഴിമതിയോ? പാർട്ടിയിലും മന്ത്രിസഭയിലും വീണയുടെ ഭർത്താവിനെതിരെ കലാപം

ആർ.രാഹുൽ

സിപിഎമ്മിലെ പുതിയ ശക്തി കേന്ദ്രമാകാനുളള ശ്രമത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. മന്ത്രിസഭയിലും അതിനുള്ള ശ്രമങ്ങൾ നടത്തുന്നതായി മുമ്പും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന വാർത്തയാണ് സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പുറത്ത് വിട്ടത്. തനിക്കോ തൻ്റെ വകുപ്പിനോ യാതൊരു പങ്കുമില്ലാത്ത പദ്ധതിയിൽ വലിഞ്ഞ് കയറി മന്ത്രി എട്ടുകാലി മമ്മൂഞ്ഞ് കളിക്കുയാണ് എന്ന് തദ്ദേശമന്ത്രി എംബി രാജേഷ് റിയാസിൻ്റെ അടുത്ത ബന്ധുകൂടിയായ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത്. അതിന് ശേഷമാണ്  പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിൻമാറിയത് എന്നായിരുന്നു വാർത്ത. എന്നാൽ മന്ത്രിമാരായ രാജേഷോ, റിയാസോ മാധ്യമ വാർത്തകളെ തള്ളിപ്പറഞ്ഞില്ല. എന്നാൽ മകൾ വീണയുടെ ഭർത്താവിന് വേണ്ടി മുഖ്യമന്ത്രി തൻ്റെ ഓഫീസ് വഴി ന്യായീകരണ കുറിപ്പ് ഇറക്കി. സർക്കാരിൻ്റെ ശോഭ കെടുത്താനാണത്രേ ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ഇതാദ്യമല്ല റിയാസിൻ്റെ ‘സൂപ്പർ മന്ത്രി’ കളിക്കെതിരെ മന്ത്രിമാർ രംഗത്ത് വരുന്നത്. വ്യവസായ വകുപ്പിൻ്റെ പദ്ധതികളെ പലപ്പോഴും ടൂറിസം മന്ത്രി എന്ന നിലയിൽ റിയാസ് ഹൈജാക്ക് ചെയ്യുന്നു എന്ന പരാതി മുഖ്യമന്ത്രിയെ നേരിട്ട് പി രാജീവും അറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകളും നേരത്തേ വന്നിരുന്നു. ധനമന്ത്രി കെഎൻ ബാലഗോപാലും ഇത്തരം ഒരു പരാതി ഉന്നയിച്ചെന്നും അത് നേരത്തെ പിണറായിയെ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നേരത്തെ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് ശ്രമിക്കുന്നുവെന്ന ആരോപണം പാർട്ടിയിൽ ശക്തമായിരുന്നു. റിയാസിനെതിരെ അഴിമതി ആരോപണം വരെ പാർട്ടിക്കാർ പലതവണ ഉയർത്തിയിരുന്നുന്നു. പൊതുമരാമത്ത് മന്ത്രി പണം വാങ്ങി പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ വരെ ഇടപെടാൻ ശ്രമിച്ചു എന്ന ആരോപണമാണ് റിയാസിൻ്റെ ജില്ലയിൽ നിന്ന് വരെ ഉയർന്നത്. ഒടുവിൽ ആരോപണമുന്നയിച്ച ആളെ പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധ കൂടിയായ റിയാസ്, തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് പറയുകയും തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്താണ് അതിനെ പ്രതിരോധിച്ചത്. നിരവധി ആളുകൾ വിവിധ തട്ടിപ്പുകളിൽ ഏർപ്പെടുന്നുണ്ടെന്നും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് മകളുടെ ഭർത്താവിനെതിരെ ഉയർന്ന ആരോപണത്തിൽ പറഞ്ഞത് വിജയൻ സംസ്ഥാന നിയമസഭയിൽ പറഞ്ഞു. ഒരു സിപിഎം മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു ദുഷ്പ്രവൃത്തി നടക്കില്ലെന്ന് പാർട്ടിക്ക് ഉറപ്പുണ്ടെന്നും റിയാസിനെതിരെ അന്വേഷണം ആവശ്യമില്ലെന്നുമാണ് പാർട്ടിയും സെക്രട്ടറി ഗോവിന്ദനും നിലപാട് സ്വീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നിന്നും ഉയർന്ന വിമര്‍ശനങ്ങളെ നിയന്ത്രിക്കാൻ പിന്നീട് മുഖ്യമന്ത്രി മുഴുവന്‍ സമയവും കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും പാർട്ടിക്കാർ തന്നെ സാക്ഷ്യം വഹിച്ചു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുമ്പ് ചൂണ്ടിക്കാട്ടിയത് പോലെ ആദ്യമായല്ല അഴിമതി ആരോപണം ഉയരുന്നത് എന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു മദ്യനയത്തില്‍ മാറ്റം വരുത്താമെന്നുപറഞ്ഞ് ടൂറിസം മന്ത്രികൂടിയായ റിയാസിന്റെ നിര്‍ദ്ദേശപ്രകാരം ബാര്‍ ഉടമകളില്‍ നിന്ന് പണം പിരിക്കാന്‍ തീരുമാനിച്ചുവെന്ന മാധ്യമങ്ങൾ മറന്നു പോയോ എന്നാണ് അവരുടെ ചോദ്യം. എക്‌സൈസ് വകുപ്പിനെ അറിയിക്കാതെ ടൂറിസം സെക്രട്ടറിയെക്കൊണ്ട് ചില ബാറുടമകളേയും പങ്കെടുപ്പിച്ച് യോഗം വിളിപ്പിച്ചത് മന്ത്രി റിയാസാണെന്ന വിവരങ്ങളും പുറത്തുവന്നത് പാർട്ടിക്കാരും ചൂണ്ടിക്കാട്ടുന്നു.

യോഗം നടന്ന സ്ഥലവും തീയതിയും ആരാണ് യോഗം വിളിച്ചുകൂട്ടിയതെന്നും ആരെല്ലാമാണ് പങ്കെടുത്തതെന്നുമൊക്കെയുള്ള വിവരങ്ങള്‍ വെളിപ്പെട്ടിട്ടും തനിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിയുകയാണ് മന്ത്രി റിയാസ് ചെയ്തത്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച മന്ത്രിക്ക് മന്ത്രിക്ക് പലതവണ മാറ്റിപ്പറയേണ്ടിവന്നു. അഴിമതി മൂടിവയ്‌ക്കേണ്ടത് ആവശ്യമായതിനാല്‍ ബാറുടമകളുംസര്‍ക്കാരിനൊപ്പം നിന്നു. പ്രതിപക്ഷവും പിന്നീട് ഇത് വലിയ ചർച്ചയാക്കാൻ ശ്രമിച്ചില്ല.

Also Read: മന്ത്രി മുഹമ്മദ് റിയാസ് ‘ക്രെഡിറ്റ് അടിക്കാൻ’ അടിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത അസംബന്ധം; സർക്കാരിൻ്റെ ശോഭ കെടുത്താൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് 

പൊതുമരാമത്ത് വകുപ്പിലെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരിലും മന്ത്രി റിയാസിനുനേര്‍ക്ക് അഴിമതി ആരോപണങ്ങള്‍ വന്നിട്ടുണ്ട്. സിപിഎമ്മുമായി സഹകരിക്കുന്ന ഒരു സൊസൈറ്റിക്ക് സര്‍ക്കാര്‍ കോടികളുടെ കരാര്‍ നല്‍കുകയും അതിന്റെ വിഹിതം പാര്‍ട്ടിയും നേതാക്കളും മന്ത്രിമാരുമൊക്കെ കൈപ്പറ്റുകയാണെന്നുമുള്ള ആരോപണം ഇപ്പോഴും പാർട്ടിക്കുള്ളിലും പുറത്തം ശക്തമായി നിലനില്‍ക്കുകയാണ്. ശരിയായ അനുപാതത്തില്‍ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ച റോഡുകളും പാലങ്ങളും മറ്റും തകര്‍ന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടും മുഹമ്മദ് റിയാസ് സംരക്ഷിക്കപ്പെട്ടു. കാര്യമായ അഴിമതികള്‍ ഒന്നുമില്ലാതെ പൊതുമരാമത്ത് വകുപ്പ് ഭരിച്ച മുൻ മന്ത്രി ജി സുധാകരന്റെ നേർ വൈരുദ്ധ്യമാണ് മുഹമ്മദ് റിയാസ് എന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ തന്നെ ശക്തമാണ്. ഇപ്പോൾ ദേശീയാ പാത വികസനം പിണറായി വിജയൻ സർക്കാരിൻ്റെ മഹാ സംഭവം എന്ന് കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് നാഷണൽ ഹൈവേകൾ ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രിക്കടക്കം പങ്കുണ്ടെന്ന് പാർട്ടിക്കാർ തന്നെ അടക്കം പറയുന്നുണ്ട്.

Also Read: ‘മാമനും മരുമോനും കേരളത്തെ ഒരു വഴിക്കാക്കും’; ദേശീയപാത തിരിച്ച് കൊടുത്ത് യുവാവ് മാതൃകയായി എന്നടക്കമുള്ള വിമർശനവുമായി സോഷ്യൽ മീഡിയ 

ഇന്നലെ വരെ ദേശീയപാതാ വികസനത്തിൻ്റെ ക്രെഡിറ്റ് എടുത്ത മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ ‘സെൽഫി പുള്ള ‘യെ കാണാനില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. നാഷണൽ ഹൈവേ അതോറിറ്റിയുടെയും കേന്ദ്രത്തിൻ്റെയു തലയിൽ ഇട്ട് തലയൂരാനാണ് പിണറായി – റിയാസ് സിൽബന്ധികൾ ശ്രമിക്കുന്നത്. എന്നാൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്കും ദേശിയപാതാ അതോറിറ്റിക്കും അതിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ല. നിർമ്മാണ ചുമതല ആർക്കാക്കായിരുന്നുവെന്നും ആരാണ് നൽകിയത് എന്നതുമാണെ ഇതിനോടകം വ്യക്തമാണ്. എന്നാലും കേരളം – കേന്ദ്ര കൂട്ടുകൃഷി ഈ അശാസ്ത്രിയ നിർമ്മാണ പ്രവർത്തനത്തിന് പിന്നിൽ ഉണ്ടാ എന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. സിപിഎം-ബിജെപി നേതാക്കൾ ഒരുപോലെ രണ്ട് ദിവസമായി മൗനവൃതത്തിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *