അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങി രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കർകപ്പലുകൾ തങ്ങളുടെ അധീനതയിലുള്ള തുറമുഖങ്ങളിൽ അടുക്കുന്നതിന് വിലക്കെർപ്പെടുത്തി അദാനി പോർട്സ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോർട്സിന്റെ കീഴിൽ ഗുജറാത്തിലെ മുന്ദ്രയടക്കം പതിന്നാലോളം തുറമുഖങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. നടപടി ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ വരവിനെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകളിലൂടെയാണ് ഇന്ത്യയിലെത്തുന്നത്. ഉപരോധം വന്നതിനു ശേഷം രജിസ്ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകൾ വഴിയും റഷ്യൻ എണ്ണ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. പഞ്ചാബിലെ ഭട്ടിൻഡയിലുള്ള എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഈ തുറമുഖം എണ്ണയെത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതേസമയം, എണ്ണക്കമ്പനികൾ അദാനി പോർട്സിന്റെ തീരുമാനം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപരോധം കണക്കിലെടുക്കാറില്ല. അതുകൊണ്ടു തന്നെ രാജ്യത്തെ മറ്റു തുറമുഖങ്ങളിൽ ഈ കപ്പലുകൾ അടുപ്പിക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല. അദാനി ഗ്രൂപ്പിനെതിരേ അമേരിക്കയിൽ കേസ് വരുകയും ഇത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് അദാനി പോർട്സിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര തലത്തിൽ തുറമുഖങ്ങളുടെ നടത്തിപ്പും മറ്റുമുള്ള അദാനി ഗ്രൂപ്പ് കമ്പനികളെ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള മുൻകരുതലായും ഈ നീക്കത്തെ കാണുന്നുണ്ട്.
തെരുവുനായ ശല്യത്തിനെതിരെ ഏകാംഗ നാടകം ; കലാകാരന് നായയുടെ കടിയേറ്റു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.