അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൻ്റെ കാരണമെന്ത് എന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേര്‍ണലിൽ റിപ്പോര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ചുകൾ) ഓഫ് ചെയ്തത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ ആണെന്ന് സംശയിക്കുന്നതായാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ലഭ്യമായ തെളിവുകൾ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.
എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവൽസ്വിച്ചുകൾ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്
നല്ല കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണ് ; കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സംബന്ധിച്ച് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി) എയർഇന്ത്യ, പൈലറ്റുമാരുടെ രണ്ട് സംഘടനകൾ എന്നിവരോട് പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാർത്താഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേർണലും റോയിട്ടേഴ്സും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എഎഐബി റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് യാന്ത്രികമായി സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മനുഷ്യ ഇടപെടൽ കൊണ്ടാവാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
പറന്നുയർന്നതിന് പിന്നാലെ, വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ആയതാണ് 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹ്മദാബാദ് വിമാനദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തൽ. പത്തുമുതൽ 14 സെക്കൻഡുകൾക്കുള്ളിൽ എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും വിമാനത്തിനു വീണ്ടും പറന്നുയർന്നു തുടങ്ങാനുള്ള ശക്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചില്ലെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കേന്ദ്ര സർക്കാറിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, സ്വിച്ച് റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറാൻ കാരണം വിമാനത്തിന്റെ സാങ്കേതിക പിഴവാണെന്നോ പൈലറ്റുമാരുടെ വീഴ്ചയാണെന്നോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല.
ഇക്കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് യാത്രക്കാരടക്കം 260 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളുമടക്കം 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു.


പക്ഷിപ്പനി ; ആലപ്പുഴയിൽ ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിതരണം തടഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.