ഇന്ത്യാ-പാകിസ്താൻ മിനി വാറിൽ യഥാർത്ഥ പ്രഹരം ചൈനക്ക്; യുദ്ധത്തിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് വെളിപ്പെടുത്തുന്ന വസ്തുത 

ആർ.രാഹുൽ

ഇന്ത്യയും പാകിസ്താനുമായി നടന്ന സംഘർഷത്തിൽ നടന്നത് വിവിധ ആയുധങ്ങളുടെ മാറ്റുരയ്ക്കൽ എന്ന് പ്രതിരോധ വിദഗ്ധർ. അതുകൊണ്ട് തന്നെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന വെറും നാല് ദിവസത്തെ യുദ്ധം ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആയുധങ്ങളുടേയും, ചൈനീസ്, പാകിസ്താൻ ആയുധങ്ങളുടേയും പരീക്ഷണ വേദിയായിരുന്നു എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും പാകിസ്താനും ഉപയോഗിക്കുന്ന ആയുധ ശേഖരങ്ങളുടെ പരീക്ഷണത്തെ ലോകമെമ്പാടുമുള്ള ആയുധ നിർമ്മാതാക്കളും പ്രതിരോധ തന്ത്രജ്ഞരും സുഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഫ്രഞ്ച്, ഇസ്രായേൽ, ടർക്കിഷ്, റഷ്യൻ, പാകിസ്താതാൻ യുദ്ധ യന്ത്രങ്ങൾ പോലും യുദ്ധപരീക്ഷണത്തിന് വിധേയമായി. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ചൈനയും ഈ ആയുധ പരീക്ഷണത്തിൽ പങ്കാളിയായി. 1979ലാണ് ചൈന അവസാനത്തെ പ്രധാന യുദ്ധം നടത്തിയത്. വടക്കൻ വിയറ്റ്നാമിൽ. നാൽപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം, 2025 മെയ് മാസത്തിൽ നേരിട്ടുള്ള യുദ്ധത്തിലല്ലെങ്കിലും ബീജിംഗ് അവരുടെ സൈനിക ആയുധശേഖരം പരീക്ഷണത്തിന് വിധേയമാക്കി. ഇന്ത്യയുമായുള്ള ചെറിയ യുദ്ധത്തിൽ ഏർപ്പെട്ട പാകിസ്താനായിരുന്നു ചൈനയുടെ യുദ്ധപരീക്ഷണ കേന്ദ്രം.

ഇന്ത്യ-പാകിസ്താൻ മിനി യുദ്ധത്തിൽ ഉപയോഗിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെയും പരീക്ഷണ വേദിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 1998ൽ ഇന്ത്യയും റഷ്യയും കരാർ ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം വികസിപ്പിച്ചതാണ് ബ്രഹ്മോസ് മിസൈൽ. ഇന്ത്യ – റഷ്യ സംയുക്തമായ ഈ മിസൈൽ 2001-ൽ ആദ്യമായി പരീക്ഷിച്ചു. ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രോഗ്രാമിൻ്റെ ഭാഗമായി ഈ സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ മൂന്ന് വകഭേദങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ 25 വർഷങ്ങൾക്ക് ശേഷമാണ് അത് ഒരു യുദ്ധത്തിൽ പരീക്ഷിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഫലം നൂറു ശതമാനം വിജയമായിരുന്നു.

ബ്രഹ്മോസ് മിസൈലുകൾ മാത്രമല്ല, സുഖോയ് സു-30എംകെഐ യുദ്ധവിമാനങ്ങൾ, സ്കൈസ്ട്രൈക്കർ ഡ്രോണുകൾ തുടങ്ങിയ ഇന്ത്യ നിർമ്മിച്ച സൈനിക ഹാർഡ്‌വെയറുകളും പാകിസ്താനുമായി സംഘർഷം ശക്തമായ നാല് ദിവസത്തിനുള്ളിൽ ഇന്ത്യ ആദ്യമായി ഒരു യുദ്ധമുന്നണിയിൽ പരീക്ഷിച്ചു. ഫ്രാൻസിന്റെ റാഫേൽ, ഹാമർ ഗ്ലൈഡ് ബോംബുകൾ, സ്കാൾപ്പ് മിസൈൽ അടക്കം ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി പരീക്ഷിച്ചു.

ചൈനയുടെ മിസൈലുകളായ HQ9, HQ16, PL-15 എന്നിവയും യുദ്ധവിമാനങ്ങളായ J-10, JF-17 എന്നിവയും ആദ്യമായി യുദ്ധ പരീക്ഷണങ്ങൾ നേരിട്ടു. അതുപോലെ തന്നെ ചൈനീസ് വ്യോമ പ്രതിരോധ (AD) സംവിധാനവും ഇന്ത്യ – പാക് സംഘർഷത്തിൽ പരീക്ഷിക്കപ്പെട്ടു. ശീതയുദ്ധകാലത്തെ യുഎസ്-സോവിയറ്റ് ആയുധ വ്യവസായ മേധാവിത്വത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഇന്ത്യൻ, ഇസ്രായേലി, ഫ്രഞ്ച്, ടർക്കിഷ്, ചൈനീസ് സംവിധാനങ്ങളുടെ ഉപയോഗം അടയാളപ്പെടുത്തുന്നത്.

സുഖോയ് Su-30MKI റഷ്യൻ നിർമ്മിതമാണെങ്കിലും, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) എഞ്ചിൻ ഉപയോഗിച്ച് ഇത് പൂർണ്ണമായും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നു. പാകിസ്താൻ അമേരിക്കൻ എഫ്-16 ജെറ്റുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ജെ-10, ജെഎഫ്-17 എന്നിവ പോലുള്ള ചൈനീസ് യുദ്ധവിമാനങ്ങളായിരുന്നു പാകിസ്താൻ്റെ പ്രധാന ആശ്രയം.

തുർക്കിയുടെ അസിസ്ഗാർഡ് സോംഗർ, ബെയ്‌രക്തർ ടിബി2, വൈഐഎച്ച്എ ഡ്രോണുകളും പാകിസ്താൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചു. ഇന്ത്യയുമായുള്ള ഈ ചെറിയ യുദ്ധത്തിലാണ് പാകിസ്താൻ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ഫതാഹ്-1 റോക്കറ്റും ഫതാഹ്-2 തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചത്.

ഇസ്രായേലി ഹാരോപ്പ് യുദ്ധോപകരണങ്ങളും വീണ്ടും ഇന്ത്യ ഉപഭൂഖണ്ഡത്തിൽ യുദ്ധ പരീക്ഷണത്തിന് വിധേയമായി എന്നതും മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. ഇസ്രായേലും ഇന്ത്യയും സംയുക്തമായി നിർമ്മിച്ച ബരാക്-8 സർഫസ്-ടു-എയർ മിസൈലും സംഘർഷത്തിൽ ഉപയോഗിക്കപ്പെട്ടു. പാകിസ്താൻ്റെ ഫത്താ-2 ബാലിസ്റ്റിക് മിസൈലിനെ തടഞ്ഞത് ബരാക് മിസൈലാണെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂരിലാണ് തദ്ദേശീയമായി നിർമ്മിച്ച നാഗാസ്ത്ര-1 ഉം സ്കൈസ്ട്രൈക്കർ കാമികേസ് ഡ്രോണുകളും യുദ്ധത്തിൽ അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യ ഏറ്റെടുത്ത റഷ്യയുടെ നൂതന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്.സുദർശൻ ചക്ര എന്ന് വിളിപ്പേരുള്ള ഈ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പ്രധാന പങ്ക് വഹിച്ചു. 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ നശിപ്പിക്കാൻ ഇതിന് കഴിയും വിവിധ വ്യോമ പ്രതിരോധ ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനും, വ്യോമ ഭീഷണികളോട് തത്സമയ നിരീക്ഷണവും പ്രതികരണവും പ്രാപ്തമാക്കുന്നതിനുമായി ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎൽ വികസിപ്പിച്ചെടുത്ത ഒരു കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റമാണ് ആകാശീർ. ഇന്ത്യൻ സൈന്യത്തിൻ്റെ വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ ഇത് സഹായിച്ചത് ഈ സാങ്കേതിക വിദ്യയാണ്.

 

ഈ യുദ്ധത്തിന്റെ പ്രധാന വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ചൈനീസ് വ്യോമ പ്രതിരോധ (എഡി) സംവിധാനത്തിന്റെ പരാജയം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്ത്യൻ മിസൈലുകളിൽ നിന്ന് പാകിസ്താൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുക എന്ന ദൗത്യത്തിൽ ചൈനീസ് എഡി സാങ്കേതിക വിദ്യാ സംവിധാനങ്ങൾ പൂർണവും ദയനീയവുമായും പരാജയപ്പെട്ടു.

ഇത് ലോക ആയുധ വിപണി കീഴടക്കാനിരുന്ന ചൈനീസ് എഡി സിസ്റ്റങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യുഎസ് വ്യോമസേനയും യുഎസ് നാവികസേനയും ഇന്ത്യൻ എയർ ഫോഴ്സിൻ്റെ വ്യോമാക്രമണത്തെക്കുറിച്ച് കൃത്യമായി പഠിക്കുമെന്നാണ് റിപ്പോർട്ട്. കാരണം തായ്‌വാനെച്ചൊല്ലിയുള്ള സംഘർഷം യുദ്ധമായി മാറിയിൽ അതിൽ എങ്ങനെ മേൽകൈ നേടാം എന്നതിൻ്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ഓപ്പറേഷൻ സിന്ദൂരിനെ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നത്.

തുടക്കത്തിൽ പറഞ്ഞ 1979ലെ ചൈന-വിയറ്റ്നാം യുദ്ധത്തിൽ സോവിയറ്റ് ടാങ്കുകളുടെ ചൈനീസ് പതിപ്പുകളെയാണ് അവർ ആശ്രയിച്ചിരുന്നത്. എന്നാൽ അതിന് ചൈന ഒരുപാട് മുന്നോട്ട് പോയി. സോവിയറ്റ് ആയുധങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് അവർ ഏതാണ്ട് പൂർണമായും മാറി. പ്രതിരോധ ഗവേഷണത്തിലും ആയുധനിർമാണത്തിലും വലിയ നിക്ഷേപം നടത്തി ബീജിംഗ് ഇന്ന് ഒരു സൈനിക ശക്തിയായി മാറിയിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ പിൻഗാമിയായ റഷ്യ ഇപ്പോൾ ചൈനക്ക് താഴെയാണ്. എന്നാൽ പാകിസ്താനുമായുള്ള സംഘർഷം തെളിയിച്ചത് ചൈനയുടെ സാങ്കേതിക വിദ്യകൾക്ക് വെല്ലുവിളിക്കാൻ പോലും കഴിയാത്ത സാങ്കേതിക വിദ്യകൾ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് കൂടിയാണ്. ഇതിൽ റഷ്യൻ സഹകരണവും ഉണ്ട് എന്നതാണ് ശ്രദ്ധേയം. ഫ്രാൻസ്, തുർക്കി, ഇസ്രായേൽ എന്നിവ പ്രധാന ആയുധ നിർമ്മാണ – കയറ്റുമതിക്കാരായി ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്.

ഇന്ത്യ-പാകിസ്താൻ മിനിയുദ്ധം ഈ ആയുധങ്ങളുടെയെല്ലാം പ്രോഗ്രസ് റിപ്പോർട്ട് നൽകുന്നു. കൂടാതെ ഭാവി യുദ്ധങ്ങൾ യഥാർത്ഥത്തിൽ എത് ആയുധങ്ങൾ ഉപയോഗിച്ച് പോരാടാം എന്നതിൻ്റെ ഒരു നേർക്കാഴ്ചയും നൽകുന്നു. തായ്‌വാനിലും ദക്ഷിണ ചൈനാ കടലിലും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ചൈനയുടെ ഭീഷണി നേരിടുന്ന രാജ്യങ്ങൾ, ഇന്ത്യൻ യുദ്ധ യന്ത്രങ്ങൾ ചൈന നിർമ്മിത ആയുധങ്ങൾക്കും സാങ്കേതിക വിദ്യക്കും എതിരെ ഉപയോഗിക്കാനാണ്. സാധ്യത

ഫിലിപ്പീൻസ് ബ്രഹ്മോസ് ഇതിനകം വാങ്ങിയിട്ടുണ്ട്. വിയറ്റ്നാം ഉടൻ തന്നെ കരാർ ഒപ്പിടാൻ സാധ്യതയുണ്ട് എന്നാണ്. ആഗോള ആയുധ വിപണിയിൽ ബ്രഹ്മോസ് മിസൈലിന് ഉടൻ തന്നെ വലിയ ഡിമാൻഡ് ഉണ്ടാകുമെന്ന് പ്രതിരോധ വിദഗ്ധർ പ്രവചിക്കുന്നു. ഇന്തോനേഷ്യ, തായ്‌ലൻഡ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, അർജന്റീന എന്നിവ ബ്രഹ്മോസ് മിസൈൽ പ്ലാറ്റ്‌ഫോമിൽ താൽപ്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും ആവശ്യക്കാരുള്ള ക്രൂയിസ് മിസൈൽ സംവിധാനമായി മാറുമെന്നും പ്രതിരോധ വിദഗ്ർ പറയുന്നു

സുഖോയ് Su30MKI, ബ്രഹ്മോസ് മിസൈൽ കോംബോയുടെ വിജയം വിനാശകരമായ ആക്രമണങ്ങൾ നടത്താൻ ഒരു രാജ്യത്തിന് മറ്റ് രാജ്യത്തിൻ്റെ പ്രദേശത്തേക്ക് കടക്കേണ്ടതില്ല എന്നാണ്. സുഖോയ് എംകെഐ, ബ്രഹ്മോസ് ക്രൂയിസ് മിസൈൽ കോംബോ, പ്രിസിഷൻ-ഗൈഡഡ് മിസൈലുകൾ (പിജിഎം) പാകിസ്താന് ചൈന വിതരണം ചെയ്ത വ്യോമ പ്രതിരോധ വിദ്യകൾ തകർത്ത്, മെയ് 10 ന് നടത്തിയവ്യോമാക്രമണങ്ങളിൽ അതിന്റെ വ്യോമതാവളങ്ങളും സെനിക അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചത് ആവേശത്തോടെയാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറാഞ്ഞാൽ ഈ ഇന്ത്യാ- പാകിസ്താൻ മിനി വാറിൽ നിന്നുള്ള പാഠങ്ങളും ആയുധങ്ങളുമായിരിക്കും വരാനിരിക്കുന്ന യുദ്ധങ്ങളെ സ്വാധീനിക്കുന്നത് എന്ന് സാരം

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *