വയനാട് കോൺഗ്രസിലെ തർക്കം കയ്യാങ്കളിയിലേക്ക്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കം ചർച്ച ചെയ്യാൻ കൂടിയ മുള്ളൻകൊല്ലിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിൽവച്ച് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. കയ്യേറ്റത്തിനിടെ ഡിസിസി പ്രസിഡന്‍റ് നിലത്ത് വീണു. പിന്നീട് പ്രവർത്തകർ അദ്ദേഹത്തെ സ്ഥലത്തുനിന്നും എടുത്തുമാറ്റിയെന്നാണ് സൂചന. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗമാണ് കയ്യാങ്കളിയിലേക്ക് നീക്കിയത്.
മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിന് വഴിമാറിയത്. തുടർന്ന് സെമിനാർ ഉപേക്ഷിച്ചു. തനിക്കെതിരെയുള്ള കയ്യേറ്റത്തിന് പിന്നിൽ ഐസി ബാലകൃഷ്ണനും കെഎൽ പൗലോസുമാണെന്ന് എൻഡി അപ്പച്ചൻ ആരോപിച്ചു.
എൻഡി അപ്പച്ചനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതിൽ ഐസി ബാലകൃഷ്ണൻ ഗ്രൂപ്പിനും കെഎൽ പൗലോസ് ഗ്രൂപ്പിനും എതിർപ്പുകളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തർക്കമാണ് ഡിസിസി പ്രസിഡന്റിനെ മർദിക്കുന്ന നിലയിലേക്ക് സ്ഥിതിഗതികൾ എത്തിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് ബാലകൃഷ്ണൻ – പൗലോസ് ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പൻ ഫാമിലിഗ്രൂപ്പിലുള്ളവരാണ് മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല എന്നുപറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.
ഓണക്കാലത്ത് സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകളിൽ റെക്കോർഡ് വില്പന ; പത്ത് ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
ഏതാനും നാളുകളായി വയനാട് കോൺഗ്രസിൽ തർക്കങ്ങൾ തുടരുകയാണ്. ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനു തമ്മിൽ ഇത്തരത്തിൽ വാക്കുതർക്കം ഉണ്ടായതിന്റെ ഓഡിയോ സന്ദേശവും മുമ്പ് പുറത്തുവന്നിരുന്നു. വാക്കുതർക്കവും കടന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ കോൺഗ്രസിന് നാണക്കേടുണ്ടാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഉൾപാർട്ടിപ്പോര് കോൺഗ്രസിന് വയനാട്ടിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


പൊതുപരീക്ഷ ചോദ്യപേപ്പർ ചോർച്ച ; അഞ്ചാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.