സംഘ്പരിവാറിന്റെ ഫാസിസ്റ്റ് വർഗീയ താല്പര്യങ്ങൾക്കെതിരു നിൽക്കുന്ന സംസ്ഥാനങ്ങളെ തകർക്കാനുള്ള രാഷ്ട്രീയ ആയുധമാണ് ഗവർണർ പദവിയെന്ന വിമർശനവുമായി സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ പ്രമേയം. പദവി എടുത്ത് കളയണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വിശ്വാസ്യതയില്ലാത്ത രാഷ്ട്രീയക്കാരെയോ സംസ്ഥാന രാഷ്ട്രീയത്തിന് പറ്റാത്തവരെയുമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഗവർണർമാരായി അയയ്ക്കുന്നത്. ആർഎസ്എസുമായി ഉറ്റബന്ധമുള്ളവരാണ് ഇത്തരം പദവികളിൽ അവരോധിക്കപ്പെടുന്നത്. കേന്ദ്രത്തിന് താല്പര്യമില്ലാത്ത സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ് ഇവരെ ഏല്പിച്ചിട്ടുള്ള രാഷ്ട്രീയ ദൗത്യം. ഇത്തരം ആളുകൾ രാജ്ഭവനുകളെ സംഘ്പരിവാർ ആസ്ഥാനങ്ങളാക്കി മാറ്റുന്നുവെന്നും പ്രമേയം കുറ്റപെടുത്തി.
ഭരണഘടനാ തത്വങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ആർഎസ്എസ് ഗവർണർമാരെയാണ് കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളിൽ നരേന്ദ്ര മോഡി ഭരണകാലത്ത് നാം കാണുന്നത്. നേരത്തെ ആരിഫ് മുഹമ്മദ് ഖാനും ഇപ്പോൾ രാജേന്ദ്ര ആർലേക്കറും നടപ്പാക്കുന്ന സംഘ്പരിവാർ അജണ്ടകൾ ഫെഡറൽ സംവിധാനത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. അന്തർദ്ദേശീയ തലത്തിൽ അംഗീകാരം നേടിയ നമ്മുടെ സംസ്ഥാനത്തിന്റെ വിദ്യഭ്യാസ മേഖലയെ ആകെ അട്ടിമറിക്കാനുള്ള ആർഎസ്എസ് അജണ്ട രാജ്ഭവനിൽ നിന്ന് ആസൂത്രിമായാണ് തുടരുന്നതെന്നും സിപിഐ കുറ്റപെടുത്തുന്നു.
രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് കേരള ഗവർണറുടെ പെരുമാറ്റം സംഘ്പരിവാറിന്റ തീവ്രത തിരിച്ചറിയിക്കുന്നതായിരുന്നു. രാജ്ഭവനിൽ വച്ച് നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാരദാന വേദിയിലുണ്ടായതും ആർലേക്കറുടെ ആർഎസ്എസ് മുഖം വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. രണ്ടിടത്തും മന്ത്രിമാരായ പി പ്രസാദും വി ശിവൻകുട്ടിയും കേരള ജനത ആഗ്രഹിച്ച രീതിയിലാണ് മറുപടി നൽകിയത്. എന്നിട്ടും കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചത് മതേതര കേരളത്തോടുള്ള വെല്ലുവിളിയായി കാണുന്നു. ഇത്തരം ചെയ്തികൾ അതിരുകടന്ന ഘട്ടത്തിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രേഖാമൂലം രാഷ്ട്രപതിക്ക് കത്തയച്ചത്. എന്നാൽ, രാജ്യത്തിന്റെ പ്രഥമസ്ഥാനത്താണെങ്കിലും, ആർഎസ്എസ് തിട്ടൂരങ്ങൾക്കപ്പുറം ശബ്ദിക്കാൻ ശക്തിയില്ലാത്ത രാഷ്ട്രപതിയിൽ നിന്ന് ഉചിതമായ നടപടി ഇനിയും ഉണ്ടായിട്ടില്ലെന്നും പ്രമേയം വിമർശിച്ചു.
കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്നതിനുള്ള ആർഎസ്എസ് അജണ്ട വച്ചുപൊറുപ്പിക്കാനാവില്ല. ഇന്ത്യയുടെ ഭരണഘടനയെയും ഭരണഘടന അനുശാസിക്കുന്ന ബഹുകക്ഷി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ചട്ടക്കൂടുകളെയും തകർക്കുന്ന ഒരു സംവിധാനമാക്കി ഗവർണർമാരെ മാറ്റുന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രം രാഷ്ട്രീയമായി നേരിടേണ്ട സ്ഥിതിയാണ്. ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട്, ഭരണഘടനാ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ അടിയന്തരമായി തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തീരുമാനമെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഗവർണറെ കടന്നാക്രമിച്ചു. രാജ്ഭവൻ ഗവർണറുടെ തറവാട്ടുസ്വത്തല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാജ്ഭവൻ ഗവർണറുടെ ഔദ്യോഗിക വസതി മാത്രമാണ്. ഇന്ത്യക്ക് പരിചയമില്ലാത്ത ഒരു സ്ത്രീയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ പറയുന്നു. സിംഹപ്പുറത്തിരിക്കുന്ന ആർഎസ്എസ് സ്ത്രീ ഭാരതാംബയല്ല. ഗവർണർ തലമറന്ന് എണ്ണ തേക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.


സംഭരിച്ച നെല്ലിന്റെ തുക തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.