സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തിന് ശേഷം പാർട്ടിയിലെ തൻ്റെ അപ്രമാധിപത്യം അരക്കിട്ടുറപ്പിച്ച പിണറായി വിജയന് അപ്രതീക്ഷിത തിരിച്ചടി.പി ബി അംഗം എം.എ. ബേബി സിതാറാം യെച്ചുരിയുടെ പിൻഗാമിയായി സി പി എം ജനറൽ സെക്രട്ടറി ആകുന്നതു തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അണിയറ നീക്കം തകർന്ന് തരിപ്പണമായെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. മധുര പാർട്ടി കോൺഗ്രസിൽ സി പി എം കടിഞ്ഞാൺ എം.എ. ബേബിയുടെ കയ്യിലെത്തുമെന്നാണ് വിവരം.
ബൃന്ദ കാരാട്ടിനു പ്രായ പരിധി ഇളവു നൽകി ജനറൽ സെക്രട്ടറിയാക്കാമെന്ന നിർദേശമാണ് പിണറായിയുടെ ഭാഗത്തു നിന്നുണ്ടായത്. പ്രകാശ് കാരാട്ടിനും ഇക്കാര്യത്തിൽ താൽപര്യമുണ്ടായിരുന്നു. എന്നാൽ പിണറായിയെ ഞെട്ടിച്ചു കൊണ്ടാണ് കേരളത്തിലെ നേതാക്കൾ അണിയറ നീക്കങ്ങൾ നടത്തുന്നത്. തോമസ് ഐസക്ക്, കെ.കെ. ഷൈലജ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് തുടങ്ങിയവർ എം.എ. ബേബിക്കായി ശക്തമായ ലോബിയിങിലാണ്. തൻ്റെ വിശ്വസ്തർ ഉൾപ്പെടെ എം.എം ബേബി ക്യാംപിലേക്ക് കൂറുമാറിയത് പിണറായിയെ ഞെട്ടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയോടും മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനോടും o എതിർപ്പുള്ളവരെ ഒപ്പം നിർത്താൻ ബേബി നടത്തിയ ചരടുവലികൾ ഫലം കണ്ടു. പിണറായിയുടെ ഇംഗിതമറിഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്ത്രപരമായ മൗനം തുടരുകയാണ്. ഗോവിന്ദനും ബേബി വരുന്നതിനോടാണ് താല്പര്യമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. ആദ്യ വനിതാ സെക്രട്ടറി എന്ന ചരിത്രം സൃഷ്ടിക്കാനുള്ള നീക്കമെന്ന പേരിൽ പിണറായി ഇറക്കിയ തുറുപ്പാണ് കേരളത്തിൽ നിന്നുള്ള വനിതയായ കെ.കെ.ഷൈലജ അടക്കമുള്ളവർ കീറിയെറിഞ്ഞതെന്നാന്നാണ് വിവരം.
വനിതാ ജനറൽ സെക്രട്ടറിയെന്ന ബൃന്ദയുടെ കാർഡിനോട് കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗത്തിനും യോജിപ്പില്ല. പ്രായ പരിധി ചിലർക്കു മാത്രം ബാധകമല്ലെന്ന വിവേചനം വ്യക്തിപൂജയ്ക്ക് തുല്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അമിത പ്രാധാന്യം നൽകി കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ പട്ടം നൽകി ചിലരെ ചുമന്നു നടക്കുന്നത് കമ്യൂണിസ്റ്റ് ശൈലിക്ക് യോജിച്ചതല്ല എന്ന ആക്ഷേപവും ശക്തമാണ്.
ഡൽഹി ഹൈക്കോടതിയിലെ സി എം ആർ എൽ കേസ് വിധി വരുന്നതോടെ പിണറായിയുടെ നില പരുങ്ങലിലാകുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കളുടെ കളം മാറ്റി ചവിട്ടൽ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്കും പിണറാ ഇറക്കിയതുറുപ്പിനോട് അത്ര പഥ്യമില്ല.
ബി ജെ പി യുമായും കേന്ദ്ര സർക്കാരുമായും രഹസ്യധാരണയുണ്ടാക്കി കേസുകൾ അട്ടിമറിക്കുന്ന പിണറായി തന്ത്രം പാർട്ടിക്ക് ആത്മഹത്യാപരമാണെന്നാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ കുറ്റപ്പെടുത്തന്നത്. സി പി എമ്മിൻ്റെ ഏറ്റവും പ്രബലമായ കേരള ഘടകത്തിനു ജനറൽ സെക്രട്ടറി സ്ഥാനത്തിന് അവകാശമുണ്ടെന്നാണ് ബേബി ക്ക് വേണ്ടി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത് വാദം. ഇഎംഎസിനു ശേഷം കേരള ഘടകത്തിൽ നിന്നും ആരും പാർട്ടിയെ നയിച്ചിട്ടില്ല. പ്രകാശ് കാരാട്ട് മലയാളിയാണെങ്കിലും ഡൽഹി ഘടകത്തിൻ്റെ നോമിനിയായാണ് പിബിയിലും ജനറൽ സെക്രട്ടറി സ്ഥാനത്തും എത്തിയത്.
ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായാംഗമായ എം.എ. ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഗുണകരമാകുമെന്ന വാദം ഉയർത്തിയാണ് പിണറായി തന്ത്രത്തെ ബേബിപക്ഷം വെട്ടിയരിഞ്ഞത്. പിണറായി പാർട്ടിക്കുള്ളിൽ നടത്തിയ വെട്ടി നിരത്തലിന് ഇരയായ തോമസ് ഐസക്ക്, കെ.കെ. ശൈലജ തുടങ്ങിയവർ ബേബിക്ക് ഒപ്പം ചേർന്നു പകരം വീട്ടാനുള്ള തയാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ടുകൾ. ബേബിക്ക് പകരം മറ്റൊരു പിബി അംഗമായ എ വിജയരാഘവനെ ഇറക്കി പിണറായി ഈ നീക്കത്തെ തകർക്കുമോ എന്ന് കണ്ടറിയാം എന്നാണ് ഒരു വിഭാഗം പറയുന്നത്. അടുത്ത ജനറൽ സെക്രട്ടറി മലയാളിയാണെന്ന് ഉറപ്പാണ് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തറപ്പിച്ച് പറയുന്നത്. ബേബി അല്ലെങ്കിൽ വിജയരാഘവൻ എന്ന സാധ്യതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.