തട്ടിപ്പിൻ്റെ കാരണഭൂതൻ ആനന്ദകുമാർ; ഒന്നാം പ്രതി തെറ്റൊന്നും ചെയ്തില്ലെന്ന് ലാലി; കോൺഗ്രസ് നേതാവിനെ വീണ്ടും വിളിപ്പിക്കാൻ ക്രൈം ബ്രാഞ്ച്

പാതിവില തട്ടിപ്പ്കേസിൽ ജയിലിൽ കിടക്കുന്ന അനന്തു കൃഷ്ണൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ ലാലി വിന്‍സന്റ്. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. തന്റെ ആവശ്യപ്രകാരമാണ് ക്രൈബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും അവർക്ക് മൊഴി നൽകിയതും. തനിക്കും കുറച്ച് കാര്യങ്ങൾ ഇതിൽ ചെയ്യാനുണ്ട്. നമ്മുടെ ജോലി നമ്മൾ ചെയ്യേണ്ടതല്ലേ? കണ്ണൂരിൽ രജിസ്റ്റർ ചെയ്ത എട്ട് കേസിലാണ് താൻ പ്രതിയായിട്ടുള്ളത്. എന്നാൽ അവർ പറയുന്ന എട്ട് കമ്പനികളുടെ വക്കീൽ താനല്ല അല്ല. തനിക്കെതിരെ കേസ് നൽകിയവർക്കും പരാതിക്കാർക്കുമൊന്നും തന്നെ നേരിട്ട് ഒരു പരിചയവുമില്ല. ലാലി വിൻസൻ്റ് പുരുഷനാണോ സ്ത്രീയാണോ എന്ന് പോലും അവർക്ക് അറിയില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണൻ്റെ മൂന്ന് പ്രൈവറ്റ് കമ്പനികളിലെ അഭിഭാഷകയായിട്ടാണ് താൻ ജോലി ചെയ്യുന്നതെന്നും പാതിവില തട്ടിപ്പ് കേസുമായി തനിക്ക്  യാതൊരു ബന്ധവുമില്ലെന്നും ലാലി വിന്‍സന്റ് അവകാശപ്പെട്ടു. അനന്തു കൃഷ്ണൻ തട്ടിപ്പൊന്നും ചെയ്തിട്ടില്ല. കിട്ടിയ പണം മുഴുവൻ ജനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ആനന്ദ കുമാർ കൊണ്ടുവരാൻ വൈകിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. അതേസമയം ആനന്ദകുമാറാണ് പാതി വില തട്ടിപ്പിലെ രണ്ടാം പ്രതി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു

“കുറേ കാര്യങ്ങൾ എനിക്ക് രഹസ്യമായി തന്നെ സൂക്ഷിക്കേണ്ട ആവശ്യകതയുണ്ട്. ആനന്ദ കുമാറിനെക്കുറിച്ചോ അനന്തു കൃഷ്ണനെക്കുറിച്ചോ ഉള്ള ഒരു ചോദ്യത്തിനും ഞാൻ മറുപടി നൽകുന്നില്ല, അങ്ങനെ പറയാൻ പാടില്ല. മുൻകൂർ ജാമ്യത്തിൽ നിൽക്കുന്ന ഒരു വ്യക്തിയായത് കൊണ്ടാണ് എനിക്ക് ഒന്നിനും മറുപടി നൽകാൻ കഴിയാത്തത്. അല്ലെങ്കിൽ എനിക്ക് കുറച്ച് കാര്യങ്ങളിൽ ഉറപ്പായും മറുപടി പറയുമായിരുന്നു ” – ലാലി പറഞ്ഞു.

അതേസമയം പാതിവില തട്ടിപ്പ് കേസിൽ ലാലി വിൻസൻ്റിൻ്റെ മൊഴി ഇന്നലെയാണ് ക്രൈംബ്രാഞ്ച് എടുത്തത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ലാലിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അനന്തുകൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിൻ്റെ രേഖകളെ കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചത്. ഡീൻ കുര്യാക്കോസ് എംപിയുടെയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിൻ്റെയും ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ്റെയും മൊഴി ഉടൻ അന്വേഷണ സംഘം എടുക്കും.

തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ലാലി വിൻസൻ്റ്. ആ കേസുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടുമാണ് മൊഴി രേഖപ്പെടുത്തിയത്. 46 ലക്ഷം രൂപ അനന്തു കൃഷ്ണനിൽ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിൻസൻ്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു. എന്നാൽ ഇത് വക്കീൽ ഫീസ് ഇനത്തിൽ കൈപ്പറ്റിയാണ് ഇവർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഏതെങ്കിലും തരത്തിൽ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തിൽ പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്.ലാലിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *