മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ദലിത് യുവാവിനെ മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഗ്വാളിയോർ ജില്ലയിലെ ദീൻ ദയാൽ നഗർ പ്രദേശത്തു താമസിക്കുന്ന ഗ്യാൻ സിംഗ് ജാതവിനാണ് ദാരുണമായി മർദ്ദാനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അന്വേഷണം ആരംഭിച്ചു.
ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായിരുന്നു അക്രമത്തിനിരയായ യുവാവ് . അടുത്തിടെ ഇയാൾ ഡ്രൈവിങ് ജോലി നിർത്തിയിരുന്നു. മൂന്ന് ദിവസം മുൻപ് അലോക് പഥക്, ഛോട്ടു ഓജ എന്നിവരോടൊപ്പം സോനു ബറുവ യുവാവിന്റെ വീട്ടിലെത്തി ഡ്രൈവിങ് ജോലിയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് വിസമ്മതിച്ചതോടെ മൂവർസംഘം ഇയാളെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
മൂവരും ചേർന്ന് കാറിനുള്ളിൽ തന്നെ മർദ്ദിക്കുകയും മദ്യം കുടിപ്പിക്കുകയും പിന്നീട് നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതിക്കാരനായ യുവാവ് പൊലീസിനോട് പറഞ്ഞു. അകുത്പുര ഗ്രാമത്തിലെത്തിയ ശേഷം പ്രതികൾ ഇതേ പ്രവർത്തികൾ വീണ്ടും ആവർത്തിച്ചു. ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം രാത്രി മുഴുവൻ മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം സുർപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എഎസ്പി സഞ്ജീവ് പഥക് പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.