നെയ്യാറ്റിൻകരയിലെ കുഞ്ഞിന്റെ മരണം ; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ പിതാവ് ഷിജിനെ (32) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്‌തു. മകൻ ഇഹാനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിനൊടുവിൽ പ്രതി സമ്മതിച്ചു. ഇതിനെത്തുടർന്ന് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് ഒരു വയസ്സുകാരൻ ഇഹാൻ വീട്ടിൽ കുഴഞ്ഞുവീണത്. അച്ഛൻ നൽകിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെടുകയും വായിൽ നിന്ന് നുരയും പതയും വരികയുമായിരുന്നു എന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ,  ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചതോടെ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. അടിവയറ്റിലേറ്റ മാരകമായ ആഘാതത്തെത്തുടർന്ന് ആന്തരിക അവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. കുഞ്ഞിൻ്റെ കൈയ്യിൽ നേരത്തെയുള്ള ഒരു പൊട്ടൽ കൂടി കണ്ടെത്തിയത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു.

ഭാര്യ കൃഷ്ണപ്രിയയോടുള്ള ദേഷ്യവും, കുഞ്ഞിൻ്റെ പിതൃത്വത്തിലുള്ള സംശയവുമാണ് പ്രതിയെ കൊടും ക്രൂരതയിലേക്ക് നയിച്ചത്. കുഞ്ഞിനെ പ്രതിക്ക് ഇഷ്ട‌മല്ലായിരുന്നുവെന്നും ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം കലഹങ്ങൾ പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റിൽ ശക്തമായി പ്രഹരിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇവരെ പ്രത്യേകം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ഷിജിൻ കുറ്റം സമ്മതിക്കുകയായിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *