തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി സംബന്ധിച്ച് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞതിനാലാണ് പോസ്റ്റ് പിൻവലിച്ചത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. തനിക്കെതിരെ നടപടിയെടുക്കുന്നെങ്കിൽ എടുക്കട്ടെയെന്നും നടപടിയെ ഭയപ്പെടുന്നില്ലെന്നും ഹാരിസ് പ്രതികരിച്ചു.
അങ്ങേയറ്റത്തെ മനഃപ്രയാസമുണ്ടായതിനാലാണ് ഫേസ്ബുക്ക് പോസ്റ്റിടാൻ തീരുമാനിച്ചത്. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നതായിരുന്നു ഉദ്ദേശം. ഡിഎംഇ, മെഡിക്കൽ കോളജ് കൗൺസിലർ ഉൾപ്പടെയുള്ളവരെ കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ നൽകിയ ഉറപ്പിന്മേലാണ് പോസ്റ്റ് പിൻവലിച്ചതെന്നും ഹാരിസ് വ്യക്തമാക്കി. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പ്രശ്‌നം നേരത്തെ അറിയിച്ചിരുന്നു. എല്ലാം ചെയ്തു തരാം എന്നതായിരുന്നു മറുപടി. ഏഴ്, എട്ട് മാസം മുമ്പേ അറിയിച്ചതാണ്. വീഴ്ചയാണോ ശ്രദ്ധിക്കാത്തതാണോ എന്നത് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ തള്ളിയ ഡിഎംഇയുടെ വാദം തെറ്റാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കുന്നു. ഇന്നലെ ശസ്ത്രക്രിയ നടന്നു എന്ന ഡിഎംഇയുടെ വാദം തെറ്റാണ്. ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റുകയാണ് ഉണ്ടായത്. ഇത്തരം വൈറ്റ് വാഷാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കി. അസൗകര്യങ്ങള്‍ക്കിടയില്‍ സര്‍വീസ് തുടരുന്നതില്‍ പോലും താത്പര്യമില്ലാത്ത അവസ്ഥയിലെത്തിച്ചെന്നും ഡോ.ഹാരിസ് പറഞ്ഞു.
ഓപ്പറേഷൻ നുംഖോറിനെതിരായ ദുൽഖറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
“അനാവശ്യമായ കൗണ്ടർ പോയന്റുകൾ നിരത്തി പരാതികൾ അപ്രസക്തമാക്കുന്നു. ഉപകരണങ്ങൾ ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് അപേക്ഷ നൽകിയിട്ടുണ്ട്. തുക അനുവദിച്ചിട്ടുണ്ടെങ്കിൽ സാധനം എത്തണ്ടേ. സാധനങ്ങൾ എത്തിച്ചുതരാം എന്നതായിരുന്നു സൂപ്രണ്ടുമായിട്ടുള്ള ധാരണ. ഇതിന് മുമ്പും ശസ്ത്രക്രിയകൾ മുടങ്ങിയിട്ടുണ്ട്. ഉപകരണങ്ങൾ ഇല്ലാത്ത പ്രശ്‌നം ഞാൻ മേധാവി ആകുന്നതിന് മുമ്പേ ഉണ്ടായിട്ടുള്ളതാണെന്നും ഒരുപാട് ഉപകരണങ്ങളുടെ കുറവുകൾ നിലവിൽ ഉണ്ട്”- ഡോ.ഹാരിസ് ചിറക്കൽ പറഞ്ഞു.
അതേസമയം ഫേസ്ബുക്ക് കുറിപ്പ് വിവാദമായ പശ്ചാത്തത്തില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യൂറോളജി വിഭാഗം മേധാവിയ്ക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംഇയുടെ പ്രതികരണവും ഇതിനുള്ള ശക്തമായ സൂചന നല്‍കുന്നു. ഡോ. ഹാരിസിന്റെ പ്രതികരണം ആരോഗ്യ സംവിധാനത്തെ നാണം കെടുത്തുന്നതിന് വഴിവച്ചെന്നും വിഷയത്തില്‍ വിശദീകരണം തേടുമെന്നും ഡിഎംഇ ഡോ.വിശ്വനാഥൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെ ആരോപണത്തിന് എതിരെ ആരോഗ്യവകുപ്പ് രൂക്ഷമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഡോ.ഹാരിസിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരോഗ്യവകുപ്പിനെ അപമാനിക്കാനാണെന്നായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ്റെ പ്രതികരണം. ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു..
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷമായ വിമർശനമുയർത്തുന്ന കുറിപ്പാണ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ പങ്കുവച്ചത്. ഉപകരണങ്ങൾ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്നും താൻ രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ ഫേസ്‍ബുക്കിൽ കുറിച്ചു.
ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തുവെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ലെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ലെന്നും ഡോക്ടർ ഹാരിസ് കുറിപ്പിൽ പറഞ്ഞിരുന്നു.


മോൻസൺ മാവുങ്കൽ സ്പോൺസർ ചെയ്ത പരിപാടിയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ എറണാകുളം പ്രസ് ക്ലബ്ബിന് ഇ.ഡി നോട്ടീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.