ദേശീയാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2014 ൽ യുഡിഎഫ് കാലത്ത് ഹയർസെക്കണ്ടറി സ്കൂൾ സമയം നീട്ടിയിരുന്നു. അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ വിവാദങ്ങൾ സംശയങ്ങൾ ഉണ്ടാക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
അരമണിക്കൂർ വീതമാണ് കൂട്ടിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത സമയ പ്രശ്നം കേരളത്തിൽ മാത്രം എന്തിനാണ്. ഒരു സംഘടനയെയും താൻ വെല്ലുവിളിച്ചിട്ടില്ല. സമയമാറ്റത്തിൽ പുനരാലോചനയില്ല. സമയമാറ്റം പിൻവലിക്കാനാകില്ല. സമസ്ത ഉൾപ്പടെയുള്ളവർ സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമസ്തയെ മാത്രമായി ചർച്ചയ്ക്ക് വിളിക്കാനാകില്ല. ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമാണ് അരമണിക്കൂർ സമയം നീട്ടിയത്. 38 വെള്ളിയാഴ്ചകൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. 220 പ്രവർത്തി ദിവസങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്‌കാരം എന്തായാലും കേരളത്തിനില്ല. ഇത് ഇന്ത്യൻ സംസ്‌കാരത്തിനും യോജിച്ച ഒന്നല്ല എന്ന് തന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്‌എസിന്റെ അജണ്ടയാണെന്നും മന്ത്രി വിമർശിച്ചു.
കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെക്കൊണ്ടും അധ്യാപകന്റെയൊ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കില്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കാരണക്കാർക്കെതിരെ നടപടി ഉണ്ടാവുമെന്നും വി ശിവൻകുട്ടി അറിയിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.