ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഇത്തരം കേസുകളിൽ കീഴ് കോടതികൾ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇത്തരത്തിലുള്ള കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ നീരീക്ഷണം
ബലാത്സംഗ ആരോപണം തെറ്റാണെങ്കിൽ കുറ്റവിമുക്തനാക്കിയാലും ആരോപണവിധേയന്റെ ജീവിതത്തെയാകെ അത് ബാധിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ബലാത്സംഗക്കേസിൽ അറസ്റ്റിലായാൽ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാഹചര്യം പരിശോധിക്കാതെ ജാമ്യഹർജിയിൽ തീരുമാനമെടുക്കരുത്. അല്ലെങ്കിൽ അത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. നവംബറിൽ ഹർജിക്കാരനോടൊപ്പം വയനാട്ടിലേക്ക് പോകുംവഴി ഹോട്ടൽ മുറിയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയിൽ തന്നെ വ്യക്തമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.