ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന അവസ്ഥയിലും എയർ പ്യൂരിഫയറുകൾക്ക് 18 % ജിഎസ്ടി ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ മുതൽ ‘ഗുരുതരം’ വരെ രേഖപ്പെടുത്തുന്ന, പൊതുജന ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലും നികുതി കുറയ്ക്കാത്തതിനെതിരെയാണ് കോടതി കേന്ദ്ര സർക്കാരിനോട് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടത്.
എല്ലാ പൗരന്മാർക്കും ശുദ്ധവായു ആവശ്യമാണെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. “നിങ്ങൾക്ക് അത് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, ചുരുങ്ങിയ പക്ഷം ചെയ്യാൻ കഴിയുന്നത് എയർ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കുക എന്നതാണ്,” കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹി ശ്വാസംമുട്ടുന്ന സാഹചര്യത്തിൽ, പ്രതിദിനം 21,000 തവണയാണ് നാം ശ്വാസമെടുക്കുന്നതെന്നും, ഈ കടുത്ത മലിനീകരണത്തിന്റെ ദൂഷ്യഫലം കണക്കാക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഡിവൈസ് പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശം. ഈ പട്ടികയിൽ ഉൾപ്പെടുത്തിയാൽ നിലവിലെ 18 ശതമാനം ജിഎസ്ടി അഞ്ചുശതമാനമായി കുറയും. എയർ പ്യൂരിഫയറുകൾ മെഡിക്കൽ ഉപകരണങ്ങളുടെ പരിഗണന അർഹിക്കുന്നില്ലേ എന്ന ചോദ്യവും കോടതി ഉയർത്തി.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഹർജി പരിഗണിച്ചത്. എയർ പ്യൂരിഫയറുകളുടെ ജിഎസ്ടി ഉടൻ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടെന്താണെന്ന് അടിയന്തരമായി അറിയിക്കാനും, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.