ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനൊരുങ്ങി ഇന്ത്യ സഖ്യം. സംഖ്യത്തിലെ എല്ലാവരും യോഗം ചേർന്ന് സംയുക്തമായാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് കൂടാതെ വനിതാ എം.പിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന അസത്യ പ്രസതാവനയും സ്പീക്കർ നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. എട്ട് എം.പിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്‌തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടും.
ലോക്‌സഭയിലെ 100 എംപിമാരുടെ ഒപ്പുകൾ ഈ പ്രമേയത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, വിവിധ പ്രതിപക്ഷ എംപിമാരുടെ ഒപ്പുകൾ നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രമേയം ഇന്ന് തന്നെ സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷം, ഡി.എം.കെ, എസ്.പി, ആർ.ജെ.ഡി, ശിവസേന (യു.ബി.ടി), എൻ.സി.പി (എസ്പി), ആർ.എസ്.പി എന്നിവയുൾപ്പെടെയുള്ള മറ്റ് പാർട്ടികൾക്ക് പുറമേ ടിഎംസിയും യോഗത്തിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.
ലോക്‌സഭാ സ്പീക്കറിനെതിരെയുള്ള ഇത്തരത്തിലുള്ള നാലാമത്തെ നോട്ടീസാണിത്. നരേന്ദ്രമോദി സർക്കാറിൻ്റെ കാലത്ത് ഇതാദ്യമായാണ് സ്‌പീക്കർക്കെതിരായി അവിശ്വാസ നോട്ടീസ് വരുന്നത്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നല്കേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ ഇത് ലോക്സഭാ സെക്രട്ടറി ജനറലിന് നല്‌കും. പ്രമേയം പരിഗണിക്കുകയാണെങ്കിൽ ഏതെങ്കിലും മുതിർന്ന അംഗം ലോക്സഭയിൽ അധ്യക്ഷത വഹിക്കേണ്ടി വരും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.