കുന്നംകുളം കസ്റ്റഡി മർദ്ദനകേസ്; പ്രതികളായ നാല് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണം; ഡിഐജിക്ക് റിപ്പോർട്ട്

തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച്  യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ  എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ. സംഭവത്തിൽ പ്രതികളായ നാല് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നാണ് ഉത്തരമേഖല ഐജി രാജ്പാൽ വീണയ്ക്ക് ഡിഐജി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം കോടതി നാല് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അഞ്ച് പേരെ പ്രതികളാക്കി അന്വേഷണം ആരംഭിച്ചെങ്കിലും ഒരാൾക്കെതിരെ തെളിവുകൾ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് പേരെ പ്രതിയാക്കി ക്രിമിനൽ കേസെടുത്തത്. ഇവരിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ മുൻപ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു ഈ നടപടി വീണ്ടും പുനഃപരിശോധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 4 പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണുണ്ടായത്. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറം ലോകത്തെത്താൻ വേണ്ടി വന്നത് മൂന്ന് വർഷം നീണ്ട നിയമ പോരാട്ടമായിരുന്നു. വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് യുവാവിന് നേരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെയാണ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ചത്.
തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയത്. സ്റ്റേഷനിൽ എത്തിയത് മുതള്‍ മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
മർദനത്തിന് നേതൃത്വം നല്കിയതാവട്ടെ എസ്ഐ നുഹ്മാനും. ഒപ്പം മദ്യപിച്ച് പ്രശമുണ്ടാക്കി പോലീസിനെ കയ്യേറ്റം ചെയ്തതായും കൃത്യ നിർവഹണം തടസ്സപ്പടുത്തിയതായും ആരോപിച്ച് ഒരു കള്ളക്കേസ് കൂടി ചാർത്തി നൽകി. വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാൽ പിനീട് നടന്ന വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദേശം അനുസരിച്ച് നടന്ന പരിശോധനയിൽ പോലീസുകാരുടെ മർദനത്തിന് പിന്നാലെ സുജിത്തിന്‍റെ ചെവിയുടെ കേൾവി തകരാറിലായതായും കണ്ടെത്തി. പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിന്റെ വിചാരണ ഇപ്പോൾ നടക്കുകയാണ്. ഇതേത്തുടർന്നാണ് മൂന്ന് വർഷത്തിനിപ്പുറം വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.
സംഭവം പുറം ലോകമറിയുമെന്ന ഘട്ടമെത്തിയപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആക്രമണത്തിനിരയായ സുജിത്ത് ആരോപിച്ചു. സംഭവത്തിൽ മഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു .
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *