സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത്‌ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങളേയും വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒരു സമഗ്ര പരിപാടി തയ്യാറാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകിവരുന്നുണ്ട്. അവധിക്കാല അധ്യാപക പരിശീലനം, മോഡ്യൂളുകൾ, SOP എന്നിവ പരിഗണിച്ച് പ്രാഥമിക കൗൺസിലർമാരായി അധ്യാപകർക്ക് പരിശീലനം നൽകി. രക്ഷിതാക്കൾക്കും പ്രത്യേക കൈപുസ്തകങ്ങളും പരിശീലനവും നൽകി ബന്ധം ശക്തമാക്കിയിട്ടുണ്ട്.

പ്രഹരി ക്ലബ്‌, ജാഗ്രത ബ്രിഗേഡ് എന്നിങ്ങനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയുള്ള സംരംഭങ്ങൾ നടപ്പിൽ വരുത്തി. ഈ അക്കാദമിക വർഷം സ്കൂൾ അംബാസിഡർമാരും പിയർ‑ഗ്രൂപ്പ് ലീഡർമാരും സജീവമായി പ്രവർത്തനം നടത്തും.സുംബ പോലുള്ള ശാരീരിക ആരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്റി ‑നാർക്കോട്ടിക് ക്ലബ്‌, എൻ എസ് എസ്, എൻ സി സി തുടങ്ങിയവയിലൂടെയും സംരംഭങ്ങൾ സംഘടിപ്പിച്ചു. എക്‌സൈസ്, പോലീസ് തുടങ്ങിയ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹായവും തേടുന്നുണ്ട്.

സർക്കാർ “ലഹരിമുക്ത കേരളം” എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി, വിദ്യാർത്ഥികളിൽ ലഹരിയുടെ ദോഷങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന മാർഗരേഖകളും പുസ്തകങ്ങളും തയ്യാറാക്കി, ഇതിനു പിന്തുണ നൽകുന്ന വിശദമായ അധ്യാപന, ബോധവൽക്കരണ, സാമൂഹ്യ ബന്ധപരിപാടികളും നിയമാനുസൃത സേവന സംവിധാനങ്ങളും സ്കൂൾ തലത്തിൽ നടപ്പാക്കുന്നു.കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും നല്ലൊരു നാളെക്കായി നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി അറിയിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ. അരുൺ ബി. നായരുടെ “മനസ്സും ആസക്തികളും” സി. രാമസ്വാമി ചെട്ടിയാരുടെ “ലഹരിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കാം” എന്നീ പുസ്തകങ്ങൾ ആണ് പ്രകാശനം ചെയ്തത്‌. പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് ഡയറക്ടര്‍ സുജ ചന്ദ്ര പുസ്തകം പരിചയപ്പെടുത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, വൈസ് പ്രിന്‍സിപ്പല്‍ റെജി ലൂക്കോസ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ പി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ദീപ്തി കെ.ആര്‍. നന്ദിയും അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *